Wednesday January 17, 2018
Latest Updates

അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയായി വരദ്കര്‍ ഇന്ന് ചുമതലയേല്‍ക്കും,മന്ത്രിസഭാ പ്രഖ്യാപനവും ഇന്നുണ്ടാവും,കെന്നി വികാര നിര്‍ഭരനായി പടിയിറങ്ങി

അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയായി വരദ്കര്‍ ഇന്ന് ചുമതലയേല്‍ക്കും,മന്ത്രിസഭാ പ്രഖ്യാപനവും ഇന്നുണ്ടാവും,കെന്നി വികാര നിര്‍ഭരനായി പടിയിറങ്ങി

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി ലിയോ വരദ്കര്‍ ഇന്ന് സ്ഥാനമേല്‍ക്കും.എതിരാളിയായി പോര്‍ക്കളത്തിലുണ്ടായിരുന്ന സൈമണ്‍ കോവ്നെയെ ഉപപ്രധാനമന്ത്രിയാക്കുമെന്നു റിപോര്‍ടുണ്ടായിരുന്നെങ്കിലും അതിനുള്ള സാധ്യതയില്ലെന്നാണ് പുതിയ വിവരം.എന്നാല്‍ കോവ്‌നെയ്യെ ഫിനഗേലിന്റെ ഉപനേതാവായി വരദ്കര്‍ ഇന്നലെ പ്രഖ്യാപിക്കുകയും ചെയ്തു.

സ്ഥാനമൊഴിഞ്ഞ എണ്‍ഡെ കെന്നി അവസാന കാബിനറ്റില്‍ 38 കാരനായ തന്റെ പിന്‍ഗാമിക്ക് രൂക്ഷമായ മുന്നറിയിപ്പ് നല്‍കിയെന്നാണ് വാര്‍ത്ത.ഒരു രാജ്യത്തെ നയിക്കുന്നതും വകുപ്പ് കൈകാര്യം ചെയ്യുന്നതും തമ്മില്‍ വലിയ അന്തരമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍.
കെന്നി തന്റെ രാജി പ്രസിഡണ്ടിന് കൈമാറിയതോടെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായി.ഉപപ്രധാനമന്ത്രി സ്ഥാനത്ത് ഫ്രാന്‍സസ് ഫിട്സ് ജെറാള്‍ഡ് തുടരുമെന്ന് വരദ്കര്‍ പറഞ്ഞതായാണ് വിവരങ്ങള്‍.എന്നാല്‍ ഇവരില്‍ നിന്നും ജസ്റ്റിസ് വകുപ്പ് നീക്കിയേക്കും..

ഭവന മന്ത്രി കോവ്നെയെ വിദേശകാര്യത്തിലേക്ക് മാറ്റും.പ്രധാനമന്ത്രിയാകാന്‍ പൊരുതിയ കോവ്നെയെ ഉപപ്രധാനമന്ത്രിയാക്കി പ്രശ്നങ്ങള്‍ തീര്‍ക്കുമെന്നു കരുതിയിരുന്നു .എന്നാല്‍ അതിനുള്ള സാധ്യത മങ്ങിയെന്നാണ് വിവരം.ചാര്‍ളി ഫല്‍നഗന് മറ്റേതെങ്കിലും വകുപ്പ് നല്‍കും.
ഇന്ന് ഉച്ചകഴിഞ്ഞ് മാത്രമേ പുതിയ മന്ത്രിസഭയെ സംബന്ധിച്ച പൂര്‍ണ വിവരം പുറത്തുവരുകയുള്ളു.നിലവിലുള്ളവരെയാരെയും പുറത്താക്കില്ലെന്ന വാഗ്ദാനം വരദ്കര്‍ നല്‍കിയതായാണ് വിവരം.

ഭൂമിശാസ്ത്രപരവും ലിംഗപരവുമായ പരിഗണനകളിലൂടെയാകും വരദ്കറുടെ ജാലവിദ്യ.അടുത്ത പൊതു ഇലക്ഷന്‍ മുന്നില്‍ക്കണ്ട് പാര്‍ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമവും മന്ത്രിമാരെ പരിഗണിക്കുന്നതിലുണ്ടാകും. അതുകൊണ്ടുതന്നെ ‘ഡബ്ലിനൈഷ്’ ആകില്ല മന്ത്രിസഭയെന്നുറപ്പിക്കാം.- ഉന്നത പാര്‍ട്ടി കേന്ദ്രം വെളിപ്പെടുത്തി.

വരദ്കറുടെ ക്യാംപെയ്ന്‍ മാനേജര്‍ ആയിരുന്ന ഇയോഗോണ്‍ മര്‍ഫിയെ സൂപ്പര്‍ ജൂനിയര്‍ മന്ത്രിയാക്കിയേക്കും.ബ്രക്സിറ്റ്,ഇ.യു അഫയേഴ്സ് ഉള്‍പ്പടെയുള്ള ചുമതലകളോടെ കാബിനറ്റ് റാങ്കാണ് മര്‍ഫിക്കു ലഭിക്കുക.ഫിട് ജെറാള്‍ഡിന് സാമൂഹ്യ സുരക്ഷയും റിച്ചാര്‍ഡ് ബ്രൂട്ടണ് നീതിന്യായ വകുപ്പുമായിരിക്കും ലഭിക്കുകയത്രേ.

ചീഫ് വിപ്പ് റജീന ഡോഹര്‍ട്ടിക്ക് മന്ത്രി പദവി നല്‍കി പകരം കില്‍ക്കെന്നി ടിഡി പോള്‍ ഫെല്ലനെ ആ സ്ഥാനത്തേക്കെത്തിക്കുമെന്ന് റിപോര്‍ടുണ്ട്.ബ്ലിക് എക്സപെന്‍ഡിച്ചര്‍ മന്ത്രി പാസ്‌കല്‍ ഡോണോഹൂവിന് ധനകാര്യം കൂടി നല്‍കിയേക്കും. പടിഞ്ഞാറന്‍ അയര്‍ലണ്ടിന്റെ പ്രതിനിധിയായ മൈക്കിള്‍ റിംഗിനായി റൂറല്‍ അല്ലെങ്കില്‍ റീജ്യണല്‍ അഫയേഴ്സ് രൂപീകരിക്കും.

അവസരങ്ങളുടെ റിപ്പബ്ലിക്കായി അയര്‍ലണ്ടിനെ മാറ്റാനാണ് വരദ്കര്‍ ലക്ഷ്യമിടുകയെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.ബ്രക്സിറ്റ്, വിദ്യാഭ്യാസം,തൊഴില്‍,ആളുകളുടെ ജീവിതം,അവകാശങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാവും സര്‍ക്കാര്‍ നീങ്ങുക.

വികാരനിര്‍ഭരമായിരുന്നു എണ്‍ഡ കെന്നിയുടെ വിടവാങ്ങല്‍.മന്ത്രിസഭയില്‍ തുടരുന്ന എല്ലാ സഹപ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്മ നേര്‍ന്നു.’മഹത്വവല്‍ക്കരണമോ ചാട്ടവാറടിയോ വേണ്ട.രാജ്യത്തെപ്പറ്റിയല്ലാതെ എന്നെപ്പറ്റി ഞാന്‍ ചിന്തിച്ചിട്ടില്ല.ഒന്നും ശരിയായി ലഭിക്കാത്ത ആദ്യത്തെ ആളായിരിക്കും താന്‍.എന്നിരുന്നാലും എല്ലാം ഐറീഷ് ജനതയ്ക്കുവേണ്ടിയായിരുന്നു’.ഓരോ അംഗത്തിന്റെയും കൈകള്‍ പിടിച്ചു തികച്ചും വികാരനിര്‍ഭരമായിരുന്നു എണ്‍ഡകെന്നിയുടെ യാത്രാമൊഴി.

Scroll To Top