Saturday December 10, 2016
Latest Updates

കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം; മാണി രാജി വെയ്ക്കാതെ പിന്നോട്ടില്ലെന്ന് കൊടിയേരി

കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം; മാണി രാജി വെയ്ക്കാതെ പിന്നോട്ടില്ലെന്ന് കൊടിയേരി

ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെഎം മാണിക്കെതിരായ പ്രതിഷേധം ശക്തമാക്കി ഇടതുപക്ഷം. മാണിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള ഇടതുമുന്നണിയുടെ ഉപരോധ സമരം രണ്ടാംഘട്ടത്തിലേക്ക് കടന്നു. സമരത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റും ജില്ലാഭരണ കേന്ദ്രങ്ങളും പ്രവര്‍ത്തകര്‍ രാവിലെ തന്നെ ഉപരോധിച്ചു.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ രാത്രിയിലാണ് ഭരണം നടക്കുന്നതെന്നും മന്ത്രിമാര്‍ കൈക്കൂലി ചോദിച്ചുവാങ്ങുകയാണെന്നും കോടിയേരി ആരോപിച്ചു. മാണി രാജിവെക്കും വരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളും ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്. ഇതിനിടെ, മന്ത്രിസഭായോഗത്തിനെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തടഞ്ഞതിന് വി ശിവന്‍കുട്ടി, എഎ റഷീദ് അടക്കമുള്ള നേതാക്കളെ കന്റോണ്‍മെന്റ് ഗേറ്റില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബേക്കറി ജംഗ്ഷന്‍ ഉപരോധിച്ചിരുന്ന പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കേരളത്തില്‍ 5 മണി കഴിഞ്ഞാല്‍ മന്ത്രിമാര്‍ കോഴ ചോദിച്ചു വാങ്ങുകയാണെന്ന് കോടിയേരി ആരോപിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നത് അരുവിക്കര തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ജനസമ്പര്‍ക്ക പരിപാടിയാണെന്നും കോടിയേരി പറഞ്ഞു. രാവിലെ അഞ്ച് മണിയോടെ തന്നെ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്‍പിലെത്തി കുത്തിയിരിപ്പ് ആരംഭിച്ചിരുന്നു. കന്റോണ്‍മെന്റ് ഗേറ്റ് സിപിഐഎം പ്രവര്‍ത്തകരും, സെക്രട്ടറിയേറ്റിന്റെ സൗത്ത് ഗേറ്റ് സിപിഐ പ്രവര്‍ത്തകരും, വൈഎംസിഎ ഗേറ്റ് മറ്റു ഘടകകക്ഷികളുമാണ് ഉപരോധിക്കുന്നത്.

സെക്രട്ടറിയേറ്റിനു പുറമേ ജില്ലാഭരണകേന്ദ്രങ്ങളും എല്‍ഡിഫിന്റെ നേതൃത്വത്തില്‍ ഉപരോധിക്കുന്നുണ്ട്. കൊച്ചിയിലെ കളക്ടറേറ്റ് ഉപരോധത്തില്‍ വന്‍ ജനപങ്കാളിത്തമാണുള്ളത്. രാവിലെ 10 മണിയോടെ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് സമരം ഉദ്ഘാടനം ചെയ്തത്. ഒരു ജീവനക്കാരെയും കളക്ട്രേറ്റിലേക്ക് കടത്തിവിടില്ലെന്ന് ഇടതുമുന്നണി നേതാക്കള്‍ പറഞ്ഞു. കോഴിക്കോട് എളമരം കരീമാണ് ഉപരോധം ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് സിവില്‍ സ്റ്റേഷനും പിഡബ്ല്യുഡി ഓഫീസും രാവിലെ മുതല്‍ പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരുന്നു.

നിയമസഭയില്‍ വനിത എം എല്‍ എമാരെ കൈയ്യേറ്റം ചെയ്തവരെ ശിക്ഷിക്കുക. സ്ത്രീ സുരക്ഷ നടപ്പാക്കുക എന്നീ ആവശ്യങ്ങളും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.

 

 

Scroll To Top