Wednesday December 07, 2016
Latest Updates

എല്‍ഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം; ബസുകള്‍ സര്‍വീസ് നടത്തുന്നില്ല, പ്രധാന നഗരങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രം

എല്‍ഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം; ബസുകള്‍ സര്‍വീസ് നടത്തുന്നില്ല, പ്രധാന നഗരങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാന നിയമസഭയില്‍ ഇന്നലെ ബജറ്റ് അവതരണത്തിനിടെ ഇടതുപക്ഷ എംഎല്‍എമാര്‍ക്ക് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന്റെ ആദ്യ മണിക്കൂറില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്.

പതിവു പോലെ പാല്‍, പത്രം, ആശുപത്രി, വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങുന്ന ആളുകള്‍ക്ക് യാത്രാ തടസ്സമുണ്ടാകില്ലെന്ന് പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. പതിവിലും വിപരീതമായി ഇത്തവണ പരീക്ഷകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഹര്‍ത്താല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ ലഭിക്കുന്ന സൂചനകള്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും സ്വകാര്യ ബസുകളും കെഎസ് ആര്‍ടിസി ബസ്സുകളും സര്‍വീസ് നടത്തുന്നില്ല. കട കമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. ചില ഓട്ടോ റിക്ഷകള്‍ പുലര്‍ച്ചെ സര്‍വീസ് നടത്തിയിരുന്നെങ്കിലും ഏഴു മണിയോട് കൂടി ഓട്ടോകളും നിരത്തില്‍നിന്ന് പിന്‍വലിഞ്ഞു.

പ്രധാന നഗരങ്ങളിലെ നിരത്തുകളില്‍ കാറുകളും ബൈക്കുകളുമുണ്ട്. ഹര്‍ത്താല്‍ ദിവസമാണെങ്കിലും സ്വകാര്യ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിക്കാറില്ലാത്തതിനാല്‍ ഓഫീസില്‍ എത്തിപ്പെടാന്‍ ഹര്‍ത്താല്‍ സജീവമാകുന്നതിന് മുന്‍പ് ആളുകള്‍ പോകുന്നതാണ് രാവിലെ കാണാന്‍ സാധിച്ചത്. പത്ത് മണിയോട് കൂടി മാത്രമെ ഹര്‍ത്താല്‍ ശക്തിപ്പെടുകയുള്ളു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടക്കും. ഇന്നലെ തിരുവനന്തപുരത്തുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

Scroll To Top