Tuesday December 06, 2016
Latest Updates

ഫിയന്ന ഫാളിനെ തള്ളി ഫിനഗേല്‍ വീണ്ടും മുമ്പിലെത്തി,ഭരണം തുടരാന്‍ പതിനെട്ടടവും പയറ്റി എന്‍ഡ കെന്നി

ഫിയന്ന ഫാളിനെ തള്ളി ഫിനഗേല്‍ വീണ്ടും മുമ്പിലെത്തി,ഭരണം തുടരാന്‍ പതിനെട്ടടവും പയറ്റി എന്‍ഡ കെന്നി

ഡബ്ലിന്‍:രാജ്യത്തെ ജനങ്ങള്‍ ഏറ്റവും പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഭരണകക്ഷിയായ ഫിനഗേലെന്ന് പുതിയ സര്‍വേ ഫലം. 25% ജനങ്ങളുടെ പിന്തുണയാണ് ഫിനഗേലിനുള്ളത്. 26% പിന്തുണയുണ്ടായിരുന്ന ഫിയനാഫാള്‍ 2% കുറഞ്ഞ് 24% പിന്തുണയോടെ രണ്ടാം സ്ഥാനത്താണ്.

ഫിനഗേലിന്റെ നേതൃത്വത്തിലുള്ള മൈനോറിറ്റി സര്‍ക്കാരില്‍ കക്ഷിയായ ഇന്‍ഡിപെന്‍ഡന്റ് അലിയാന്‍സിന് 4% പിന്തുണയാണ് ഉള്ളത്. 3% പിന്തുണ വര്‍ദ്ധിച്ച ഷിന്‍ഫെന്നിന് നിലവില്‍ 16% പേരുടെ പിന്തുണയുണ്ട്.

മറ്റ് പാര്‍ട്ടികളുടെ പിന്തുണ ഇങ്ങനെ: ലേബര്‍ 5%, AAAPBP 5%, സോഷ്യല്‍ ഡെമോക്രാറ്റ്സ് 4%, ഗ്രീന്‍ പാര്‍ട്ടി 3%. സണ്‍ഡേ ബിസിനസ് പോസ്റ്റ്/ റെഡ് സി പോള്‍ ആണ് സര്‍വേ നടത്തിയത്.
രാജിവെക്കാതെ 2018 വരെ കെന്നി തുടരും
വീണ്ടും മുന്നേറ്റം ദൃശ്യമാകുന്നതോടെ പ്രധാനമന്ത്രി സ്ഥാനം രാജിവക്കാതെ എന്‍ഡ കെന്നി 2018 വരെ തുടരുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അടക്കം പറയുന്നുണ്ട്.ഫിനഗേല്‍ നേതൃസ്ഥാനവും ഇതിനിടെ മറ്റൊരാള്‍ക്ക് കൈമാറാന്‍ കെന്നി ഉദ്ദേശിക്കുന്നില്ല. താന്‍ രാജിവയ്ക്കുന്നതോടെ രാഷ്ട്രീയരംഗത്തുണ്ടാകുന്ന അസ്ഥിരത, രാജ്യത്തെ മോശമായി ബാധിക്കുമെന്നാണ് കെന്നി കരുതുന്നതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

അടുത്ത വര്‍ഷം സമ്മറിലോ, വിന്ററിലോ കെന്നി പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാല്‍ ഇതിനെ തീര്‍ത്തും നിരാകരിക്കുന്നതാണ് പുതിയ വാര്‍ത്തകള്‍. ഇപ്പോള്‍ രാജിവച്ചൊഴിയുന്നത് ബ്രെക്സിറ്റ്, ട്രംപിന്റെ വിജയം എന്നിവ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്ന അയര്‍ലണ്ടിനെ കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് നയിക്കാനേ ഉപകരിക്കൂ എന്നാണ് കെന്നി വിശ്വസിക്കുന്നത്. എങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക ചര്‍ച്ചകളൊന്നും തന്നെ നടന്നിട്ടില്ലെന്നും വാര്‍ത്താവൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

2018ല്‍ അയര്‍ലണ്ടിലെത്തുന്ന മാര്‍പ്പാപ്പയെ പ്രധാനമന്ത്രി എന്ന നിലയ്ക്ക് സ്വീകരിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് കെന്നി ഈയിടെ പറഞ്ഞിരുന്നു.

Scroll To Top