Thursday August 17, 2017
Latest Updates

മിലന്‍ യാത്രയായി,സ്‌നേഹസ്മരണയുടെ മിഴിനീരൊഴുക്കി അയര്‍ലണ്ടിലെ മലയാളി സമൂഹം

മിലന്‍ യാത്രയായി,സ്‌നേഹസ്മരണയുടെ മിഴിനീരൊഴുക്കി അയര്‍ലണ്ടിലെ മലയാളി സമൂഹം

വിക്ലോ: അകാലത്തില്‍ പൊലിഞ്ഞുപോയ സ്‌നേഹനക്ഷത്രത്തിന് വിക്ലോ നഗരം വിട നല്‍കി.വ്യാഴാഴ്ച്ച ബൂമോണ്ട് ആശുപത്രിയില്‍ വെച്ച് നിര്യാതനായ ചങ്ങനാശ്ശേരി ചന്തയിലെ കുടപ്പന പോളയ്ക്കല്‍ മിലന്‍ ചാക്കോ വര്‍ഗീസിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ റാത്ത് ന്യൂ സിമിത്തേരിയില്‍ സംസ്‌കരിച്ചു.

രാവിലെ ദുഃഖ:നിഗ്മഗ്ദമയ അന്തരീക്ഷത്തില്‍ ഫ്‌ലാനറല്‍ ഫ്യൂണറല്‍ ഹോമിലെത്തിയ നൂറുകണക്കിന് പേര്‍ മിലന് അന്ത്യോപചാരം അര്‍പ്പിച്ച ശേഷം മൃതശരീരം പള്ളിയിലേയ്ക്ക് കൊണ്ട് പോയി..ഐറിഷ്‌കാരും മലയാളികളും ഒരേ പോലെ അനുഗമിച്ച ഒരു വിലാപ യാത്ര അയര്‍ലണ്ടില്‍ തന്നെ ഇതാദ്യമായിരുന്നു. 

തൊട്ടു മുമ്പായി കുടുംബത്തിന് മാത്രമായുള്ള നിമിഷങ്ങളായിരുന്നു. ചുവപ്പ് നിറമുള്ള സ്‌കൂള്‍ യൂണിഫോമണിഞ്ഞു സാധാരണ സ്‌കൂളിലേയ്ക്ക് പോകുന്ന യാത്രപോലെ പ്രകാശിതമായ മുഖത്തോടെ ഉറങ്ങുന്ന മിലന്റെ ശിരസിലും ശരീരത്തിലും കൈയ്യോടിച്ച് ആ അമ്മ നിശബ്ദമായി തേങ്ങി. വിടചൊല്ലിപ്പിരിയാനുള്ള വേദിയാണ് എന്നവര്‍ക്ക് അറിയാമായിരുന്നു.രാത്രിയില്‍ ഉറങ്ങി കഴിഞ്ഞ് അവനറിയാതെ,അവനെ ഉണര്‍ത്താതെ ഏത്രയോ തവണ അവന്റെ ശിരസില്‍ വാത്സല്യപൂര്‍വ്വം തഴുകിയിരുന്നോ അതേ പോലെ ശാന്തമായിരുന്നു ആ സ്പര്‍ശനം.അവന്‍ ശാന്തമായി ഉറങ്ങട്ടെ എന്ന് ആന്‍സി വിചാരിച്ചിരിക്കും!പക്ഷേ മാര്‍ട്ടിന്റെ ദുഃഖം കണ്ടു നിന്നവരുടെ ചങ്ക് തകര്‍ക്കുന്നതായിരുന്നു.പൊട്ടി പൊട്ടി കരഞ്ഞ് ഉള്ളിലെ സങ്കടം തീര്‍ക്കാനെ ആ അപ്പനാവുമായിരുന്നുള്ളൂ.പാട്രിക് പക്ഷേ നിശബ്ദനായിരുന്നു.എന്താണ് സംഭവിക്കുന്നത് എന്ന് അവന് കൃത്യമായി അറിയാമായിരുന്നു.ആരോടും അവന്‍ മിണ്ടിയതേയില്ല.

ഫാ.ആന്റണി ചീരാംവേലി,ഫാ.ജോസ് ഭരണികുളങ്ങര,ഫാ.ഡോണല്‍ റോച്ച് എന്നിവര്‍ മിലന്റെ ഭൗതിക ദേഹത്തെ വിശുദ്ധീകരിക്കാനുള്ള അനുഗ്രഹ പ്രാര്‍ഥനയര്‍പ്പിച്ചതോടെ വിലാപയാത്ര പള്ളിയിലേയ്ക്ക് പുറപ്പെട്ടു,റോഡു നിറഞ്ഞു നീങ്ങിയ വിലാപയാത്ര പത്തു മിനിട്ടോളം സമയമെടുത്തു വിക്ലോ കുന്നിന്‍ മുകിളിലായി സ്ഥിതി ചെയ്യുന്ന സെന്റ് പാട്രിക് ദേവാലയത്തിലെത്താന്‍.

ചുവപ്പ് നിറമുള്ള യൂണിഫോമണിഞ്ഞ് ഇരു കരങ്ങളും പിന്നിലേയ്ക്ക് കെട്ടി മിലന്റെ പ്രീയപ്പെട്ട കൂട്ടുകാര്‍ അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു.അപ്രതീക്ഷിതമായുണ്ടായ വലിയ നഷ്ട്ടം തങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആവില്ലെന്ന് കണ്ണീര്‍ വാര്‍ത്തു കനീഭവിച്ച അവരുടെ മുഖങ്ങളില്‍ നിന്നും ആര്‍ക്കും വായിച്ചെടുക്കാമായിരുന്നു.ഇത് ഗാര്‍ഡ് ഓഫ് ഓണറിന്റെ സമയമാണ്.തങ്ങളില്‍ നിന്നും വേര്‍പ്പെട്ടു പോകുന്ന പ്രിയപ്പെട്ടവര്‍ക്ക് അയര്‍ലണ്ടിലെ സ്‌കൂള്‍ കുട്ടികള്‍ ഒരുക്കുന്ന പതിവ് പോലെയുള്ള ആദരം.

.അള്‍ത്താരയുടെ ഇരു വശങ്ങളിലും ഗാലറിയിലുമായി വിക്ലോയിലെ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ ഇരുന്നു.മലയാളികളും ഐറിഷുകാരുമായ നൂറുകണക്കിന് പേര്‍ മിലന് വേണ്ടി ദൈവസന്നിധിയില്‍ മാധ്യസ്ഥം വഹിക്കാന്‍ എത്തിയപ്പോള്‍ സെന്റ് പാട്രിക്‌സ് ദേവാലയം നിറഞ്ഞു കവിഞ്ഞു.വിക്ലോ കണ്ട ഏറ്റവും വലിയ ചടങ്ങില്‍ ഒന്നായി മാറി ഈ കൗമാരക്കാരന്റെ അന്ത്യ ശുശ്രൂഷകള്‍ എന്ന് പല ഐറിഷ്‌കാരും അടക്കം പറയുന്നുണ്ടായിരുന്നു.

ലത്തീന്‍ ക്രമത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്.ഇടവക വികാരി ഫാ.ഡോണല്‍ റീച്ചായിരുന്നു മുഖ്യ കാര്‍മ്മികന്‍.സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍സിഞ്ഞോര്‍ ഫാ,ആന്റണി പെരുമായന്‍ ആമുഖമായി ഏവരെയും സ്വാഗതം ചെയ്തു. മിലന്റെ നിര്യാണത്തില്‍ സഭയ്ക്കുള്ള അനുശോചനം അറിയിച്ചുള്ള സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദേശം ഫാ,ആന്റണി ചീരംവേലി വായിച്ചു.

കുര്‍ബാന മദ്ധ്യേ മിലന് ഏറ്റവും ഇഷ്ട്ടപ്പെട്ട വസ്തുക്കളായ കാമറയും,വാച്ചും ,അവന്റെ മൊബൈലും കാഴ്ച്ചയായി സമര്‍പ്പിച്ചു.സമാപന ആശിര്‍വാദത്തിന് മുമ്പ് മിലന് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു മധുരഗാനം ബലിവേദിയില്‍ ആലപിക്കപ്പെട്ടു.അയര്‍ലണ്ടിലെ മാത്രമല്ല ലോകത്തെമ്പാടുമുള്ള യുവജനങ്ങള്‍ ഏറ്റുപാടിയ വേര്‍പ്പാടിന്റെ ഓര്‍മ്മകളെ കുറിച്ച് അനുസ്മരിപ്പിക്കുന്ന ‘ഇറ്റ്‌സ് ഹാസ് ബീന്‍ എ ലോംഗ് വേ വിത്ത് ഔട്ട് മൈ ഫ്രണ്ട് ‘എന്ന ഗാനം കേട്ടപ്പോള്‍ കണ്ണീര്‍ പൊഴിക്കാത്തവര്‍ ഇല്ലായിരുന്നു.

സംസ്‌കാര ശുശ്രൂഷകള്‍ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നുണ്ടായിരുന്നതിനാല്‍ കേരളത്തിലുള്ള മാര്‍ട്ടിന്റെയും ആന്‍സിയുടെയും ബന്ധുകള്‍ക്കും ശുശ്രൂഷകള്‍ തത്സമയം കാണാനായി.

ഐറിഷ് വൈദികര്‍ക്കൊപ്പം മോണ്‍.ഫാ.ആന്റണി പെരുമായന്‍,ഫാ.ജോസ് ഭരണികുളങ്ങര,ഫാ.ആന്റണി ചീരംവേലില്‍,ഫാ ആന്റണി നല്ലുക്കുന്നേല്‍,ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ ഓ എസ് ബി,ഫാ.ജോസഫ് വെള്ളനാല്‍,ഫാ.ജോര്‍ജ് പുലിമലയില്‍ എന്നിവരും സഹകാര്‍മ്മികരായിരുന്നു. 

ദേവാലയത്തോട് യാത്രപറയേണ്ട സമയമായി.ഫാ,ജോസ് ഭരണികുളങ്ങര സീറോ മലബാര്‍ റീത്തിലുള്ള മൃതസംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഘട്ട പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി.

അതിനും മുമ്പായി ഹിലരി നന്ദി പറയാന്‍ എത്തി.അഞ്ചു വര്‍ഷങ്ങളായി ഹിലരിയുടെ വീടിന്റെ തൊട്ടടുത്താണ് മാര്‍ട്ടിന്‍ കുടുമ്പം താമസിക്കുന്നത്.ഒരേ കുടുംബം പൊലെയാണവര്‍.അത് കൊണ്ട് തന്നെ ആ ഇഴയടുപ്പത്തിന്റെ സങ്കടത്താല്‍ വേദിയില്‍ തേങ്ങിക്കരഞ്ഞു പോയി ഹിലരി.കുടുംബത്തിനും മലയാളി സമൂഹത്തിന് വേണ്ടി മാര്‍ട്ടിന്‍ കുടുംബത്തിന്റെ ഉറ്റ സുഹൃത്ത് രാജേഷ് ഉണ്ണിത്താന്‍ ഏവര്‍ക്കും നന്ദി അര്‍പ്പിച്ചു.

റാത്‌ന്യൂ സിമിത്തേരിയിലെയ്ക്ക് പോകും മുമ്പ് സ്‌കൂളിലെ സഹപാഠികളും സുഹൃത്തുക്കളും മിലന് ഒരിക്കല്‍ കൂടി ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. 

റാത്ത് ന്യൂ സിമിത്തേരിയില്‍ എത്തിച്ച ഭൌതികശരീരം മാര്‍ട്ടിന്‍ കുടുംബത്തിന്റെ ഉറ്റ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ഖബറിടത്തിങ്കലേയ്ക്ക് കൊണ്ട് വന്നു.കണ്ണീരടക്കി നിര്‍നിമേഷരായ് നിന്ന പ്രവാസി ജനസമൂഹം ഒരിക്കല്‍ കൂടി പ്രാര്‍ഥനാമന്ത്രങ്ങളുടെ ആശ്വാസം തേടി.

മനുഷ്യാ നീ മണ്ണാകുന്നു.. മണ്ണിലേക്കു മടങ്ങും…മണ്ണ് മണ്ണിലേയ്ക്ക്….ഒന്നു കൂടി ഉറപ്പിച്ചു തന്നു നീ മണ്ണു തന്നെ. നീ മണ്ണിലേക്കു മടങ്ങേണ്ടവന്‍.

മണ്ണില്‍ നിന്നു ദൈവം എന്നെ മെനഞ്ഞു. എന്നിട്ട് അവന്റെ നിശ്വാസം എനിക്കു നല്‍കിയപ്പോള്‍ ജീവന്‍ വെച്ചു. ഞാന്‍ മണ്ണു തന്നെ. എന്റെ ഉള്ളിലെ നിശ്വാസം, പ്രാണന്‍ അത് ദൈവം . ദൈവത്തിന്റെ അംശം. അതു ദൈവത്തിലേക്കു മടങ്ങും. മണ്ണ് മണ്ണിലേക്കും….

പക്ഷെ ചങ്ങനാശ്ശേരി കുടപ്പന പോളയ്ക്കല്‍ മാര്‍ട്ടിന്റെയും ആന്‍സിയുടെയും മകന്‍ മിലനെ പോലെ ഒരു ചെറു തിരിയായി ഏറെ പ്രകാശം പരത്തിയ ജീവിതങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടും.ബ്രേയിലേയും വിക്ലോയിലെയും മലയാളികളായ മിലന്റെ കളിക്കൂട്ടുകാര്‍ അവസാനം വരെ കാത്തുനിന്ന് അവന്റെ പുണ്യകുടീരത്തില്‍ പ്രകാശപുഷപങ്ങള്‍ തെളിയിച്ചു.അവന്‍ അവര്‍ക്ക് നല്ലൊരു മാതൃകയായിരുന്നു.ആകാശത്തില്‍ ഉയര്‍ന്നു പറക്കാനുള്ള മോഹങ്ങള്‍ അവരുടെ മാതൃഭാഷയായ മലയാളത്തില്‍ പങ്കു വെച്ചിരുന്ന സ്‌നേഹിതന്‍.മറ്റുള്ളവരെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്ന അപൂര്‍വ്വമായ കുരുന്നു വ്യക്തിത്വം.

നീലാകാശത്തിന്റെ അപാരതയിലെ സ്വര്‍ഗ്ഗ സീമയില്‍ നിന്നും ആകാശത്തിന്റെ കാവല്‍മാലാഖാമാര്‍  അവരെയും നമ്മെയും നോക്കി പാടിയിട്ടുണ്ടാവും….ഫാസ്റ്റ് ആന്‍ഡ് ദി ഫ്യൂരിയസിലെ മിലന്റെ പ്രീയപ്പെട്ട  ആ പാട്ട്. 

So let the light guide your way, yeah
Hold every memory as you go
And every road you take, will always lead you home, home

 

RELATED NEWS

മിലന്‍ മാര്‍ട്ടിന്‍: ഫ്യൂണറല്‍ ഫോട്ടോ ഗാലറി ….  
ഐറിഷ് മലയാളി ന്യൂസ് ബ്യൂറോ 

ഫോട്ടോ:ഗീവര്‍ഗീസ് ജോര്‍ജ് (പ്രിന്‍സ്)

MFP 8MFP 6MFP5MFP3MFP2MFP7MFP 4

Scroll To Top