Sunday October 22, 2017
Latest Updates

കരാര്‍-താത്കാലിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കും വിധം അയര്‍ലണ്ടിലെ തൊഴില്‍ ചട്ടങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കുന്നു

കരാര്‍-താത്കാലിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കും വിധം  അയര്‍ലണ്ടിലെ തൊഴില്‍ ചട്ടങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കുന്നു

ഡബ്ലിന്‍ :തൊഴില്‍ ചട്ടങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കുന്നു.ആപല്‍ക്കരമായ ജോലികളും താല്‍ക്കാലിക കരാര്‍ സമ്പ്രദായവും കൈകാര്യം ചെയ്യുന്നതിന് നിയമം കൊണ്ടുവരുന്നതിനാണ് നീക്കം.അതേസമയം,തൊഴിലുടമകള്‍ ഈ നിയമത്തിനെതിരെ കടുത്ത ഉത്ക്കണ്ഠയിലാണ്.

ക്രിമിനല്‍ കുറ്റം ചുമത്തപ്പെടുമോ,ചെലവുകള്‍ വര്‍ധിക്കുമോ,ഭരണപരമായ ഭാരം ബിസിനസ്സിനെ ബാധിക്കുമോ തുടങ്ങിയ ആശങ്കകളാണ് ഇവര്‍ പങ്കുവെയ്ക്കുന്നത്.

എന്റര്‍ പ്രൈസസ് മന്ത്രി മേരി മിട്ചല്‍ ഒ കോണോര്‍,എംപ്ലോയ്മെന്റ് മന്ത്രി പാറ്റ് ബ്രീന്‍ എന്നിവര്‍ സമര്‍പ്പിച്ച ഇതു സംബന്ധിച്ച നിയമത്തിലെ നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.ആപല്‍ക്കരമായ ജോലികള്‍ തടയുന്നത് സംബന്ധിച്ച ലിമെറിക് യുനിവേഴ്സിറ്റിയുടെ പഠനങ്ങളാണ് ഈ പ്രപ്പോസലുകളുടെ അടിസ്ഥാനം.

അപകടകരമായ ജോലികളിലേര്‍പ്പെട്ടിരിക്കുന്നതും ,താരതമ്യേന വളരെ കുറഞ്ഞ വേതനമുള്ളതുമായ തൊഴിലാളികളെ ശക്തിപ്പെടുത്തുന്ന നിര്‍ദേശങ്ങളാണ് ഇവയിലുള്ളത്.സമയക്രമം പാലിക്കാത്ത ജോലികള്‍ വ്യാപകമാണ്. ഇത്തരം ശൂന്യ സമയ ജോലികളെ നിയമപരമാക്കുന്നതും ഇതിന്റെ ഭാഗമാണ്.ഇത്തരം തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കും.മിനിമം മൂന്നു മണിക്കൂര്‍ ജോലിക്ക് ദേശീയ മിനിമം വേതനത്തിന്റെ മൂന്നുമടങ്ങ് ശമ്പളത്തിന് ഇവരെ അര്‍ഹതപ്പെടുത്തിയുള്ള നിയമപരമായ വേതന ഉടമ്പടികള്‍ ഉണ്ടാക്കും.

പുതിയ നിയമം ടേക്ക് എവേകള്‍,റസ്റ്റോറന്റുകള്‍,ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയിലൊക്കെ ഏതാനം മണിക്കൂറുകള്‍ മാത്രം ജോലി ചെയ്യുന്നവര്‍ക്ക് ബാധകമാകും.ഈ മേഖലകളില്‍ ജോലി ചെയ്യുന്ന നല്ലൊരു ശതമാനം ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്കും പുതിയ നിയമത്തിന്റെ പ്രയോജനം ലഭിക്കും.

ജോലി തുടങ്ങുന്നതിന് അഞ്ച് ദിവസം മുമ്പ് അതിന്റെ സ്വഭാവവും കരാര്‍ വ്യവസ്ഥകളും തൊഴിലാളികളെ അറിയിക്കേണ്ടി വരും.തൊഴിലുടമയുടേയും തൊഴിലാളികളുടെയും പേരുള്‍പ്പടെയുള്ള പൂര്‍ണ വിവരങ്ങളും ജോലിയുടെ കാലാവധി ,വേതന നിരക്ക് തുടങ്ങിയവയൊക്കെ ഈ ഉടമ്പടിയിലുണ്ടാകണം.

തൊഴിലുടമ ഈകരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നത് ക്രിമിനല്‍ കുറ്റമാകും.

രാജ്യത്ത് കുറഞ്ഞ വേതനത്തില്‍ പണിയെടുക്കുന്ന ശോച്യാവസ്ഥയിലുള്ള തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഈ നിയമം സഹായിക്കുമെന്ന് മിട്ചല്‍ ഒ കോണോര്‍ പറഞ്ഞു.എല്ലാ കോണുകളില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ക്ക് ചെവികൊടുത്ത് തികച്ചും പ്രായോഗികമായ നിര്‍ദ്ദേശങ്ങളുള്‍പ്പെടുത്തിയാകും നിയമം നടപ്പാക്കുകയെന്ന് അവര്‍ പറഞ്ഞു

Scroll To Top