Thursday March 22, 2018
Latest Updates

ലാല്‍ജോസ് സംഘത്തിന്റെ ലണ്ടന്‍ യാത്രയുടെ കഥയെഴുതി ഇടയ്ക്ക് പിണങ്ങിപ്പോയ ബൈജു എന്‍ നായര്‍

ലാല്‍ജോസ് സംഘത്തിന്റെ ലണ്ടന്‍ യാത്രയുടെ കഥയെഴുതി ഇടയ്ക്ക് പിണങ്ങിപ്പോയ ബൈജു എന്‍ നായര്‍

കൊച്ചിയില്‍ നിന്നും ലണ്ടനിലേയ്ക്ക് സാഹസികയാത്ര നടത്തിയെത്തിയ ലാല്‍ ജോസും,സുരേഷ് ജോസഫുമായി ഇടയ്‌ക്കൊരു പിണക്കമുണ്ടായി തിരിച്ചു പോയ ബൈജു എന്‍ നായര്‍ പുതിയ ഒരു സാഹസവുമായി രംഗത്തെത്തിയത് ശ്രദ്ധേയമാവുന്നു.

സാഹസികയാത്രയില്‍ നിന്നും സഞ്ചാരസാഹിത്യത്തിലേക്കാണ് ബൈജുവിന്റെ നീക്കം.ലണ്ടന്‍ യാത്രയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് പുസ്തക രചനയും.യൂറോപ്പിലെത്തും മുമ്പേ സംഘം വിട്ടു പോയെങ്കിലും ലണ്ടന്‍ വരെയുള്ള യാത്രാവിവരണങ്ങള്‍ മറ്റുള്ളവരുടെ സഹായത്തോടെ പൂര്‍ണ്ണമാക്കിയിട്ടുണ്ട്.

ലണ്ടനിലേക്ക് ഒരു യാത്ര എന്നു കേള്‍ക്കുമ്പോള്‍ മുമ്പായിരുന്നെങ്കില്‍ കപ്പല്‍മാര്‍ഗവും ഇപ്പോഴാണെങ്കില്‍ വിമാനത്തിലും എന്നായിരിക്കും ആരും കരുതുക. എന്നാല്‍, ലണ്ടനിലേക്ക് ഒരു റോഡ് യാത്ര എന്നു കേള്‍ക്കുമ്പോഴോ? അസാധ്യം എന്ന് ആദ്യചിന്തയില്‍ തോന്നുമെങ്കിലും അത്തരമൊരു യാത്രയെ യാഥാര്‍ഥ്യമാക്കിയ മൂന്ന് സാഹസികരുടെ അനുഭവങ്ങളാണ് ബൈജു എന്‍. നായര്‍ എഴുതിയ ‘ലണ്ടനിലേക്ക് ഒരു റോഡ് യാത്ര’ എന്ന പുസ്തകത്തിലുള്ളത്. ഇന്ത്യയില്‍നിന്ന് നേപ്പാള്‍, ചൈന, കിര്‍ഗിസ്താന്‍, കസാഖ്‌സ്താന്‍, റഷ്യ, ഫിന്‍ലാന്‍ഡ്, നോര്‍വേ, സ്വീഡന്‍, ജര്‍മനി, ചെക് റിപ്പബ്ലിക്, ലാത്വിയ, ലിത്വേനിയ, എസ്‌തോണിയ, സ്ലോവാക്യ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ബെല്‍ജിയം, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, അയര്‍ലണ്ട് , യു.കെ എന്നിങ്ങനെ 27 രാജ്യങ്ങളിലൂടെ 72 ദിവസങ്ങളെടുത്ത് 24,000ത്തോളം കിലോമീറ്റര്‍ താണ്ടി ലണ്ടനിലെത്തിയ അനുഭവങ്ങളാണ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബൈജു നമുക്കായി ഹൃദയഹാരിയായ ഭാഷയില്‍ വിവരിക്കുന്നത്.

കൊച്ചിയില്‍നിന്ന് തുടങ്ങി ബംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍ വഴി ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലൂടെ അതിര്‍ത്തിപ്രദേശമായ സുനോലിയ വഴി നേപ്പാളില്‍ പ്രവേശിക്കുന്നതാണ് യാത്രയുടെ ആദ്യഘട്ടം. യഥാര്‍ഥത്തില്‍ ഗൊരഖ്പൂരില്‍നിന്നാണ് ലേഖകന്‍ തെന്റ പുറംകാഴ്ചകളുടെയും അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും വിവരണങ്ങള്‍ തുടങ്ങുന്നത്. തുടര്‍ന്ന് ചൈനയിലേക്കാണ് എന്‍ഡവറിന്റെ യാത്ര. അവിടെ തിബത്തിലെ ഡിങ്ഗ്രി ടൗണിലെത്തുന്ന സംഘം യാത്രയുടെ കാഠിന്യം ആദ്യമായി ചെറിയതോതില്‍ നേരിടുന്നുണ്ട്.

നരച്ച ആകാശത്തിന് താഴെ മണ്‍കൂനകള്‍പോലെയുള്ള മലനിരകളില്‍നിന്നുള്ള വരണ്ട കാറ്റിലൂടെ നടക്കാനിറങ്ങിയ ലേഖകനെ, സമുദ്രനിരപ്പില്‍നിന്ന് വളരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന ഹൈ ആള്‍ട്ടിറ്റിയൂഡ് സിക്‌നെസ് എന്ന ശാരീരികാസ്വാസ്ഥ്യം പിടികൂടുന്നു. ഇതിന് പുറമെ അപ്രതീക്ഷിതമായി ‘ഹോം സിക്‌നെസും’ ലേഖകെന്റ മനസ്സിനെ വലക്കുന്നു. ആ സ്ഥലത്ത് ഒറ്റപ്പെട്ടുപോകുമെന്ന തോന്നലിനെതുടര്‍ന്ന് വീട്ടിലേക്ക് തിരികെപോകണമെന്ന ആഗ്രഹം അദ്ദേഹത്തിന് കലശലായി ഉണ്ടാകുന്നു. അങ്ങനെ ഇടക്കിടക്ക് സ്വന്തം മനസ്സിന്റെ അകത്തേക്കും ബാക്കിയുള്ള സമയം പുറംകാഴ്ചകളിലേക്കും കണ്ണുപായിച്ചാണ് ലേഖകന്‍ യാത്രചെയ്യുന്നത്.
(ലാല്‍ ജോസ്- സുരേഷ് ജോസഫ് സംഘത്തിന്റെ റിക്കാര്‍ഡ്‌ ്രൈഡവ് കൊച്ചി ലണ്ടന്‍ യാത്രയുടെ അയര്‍ലണ്ടിലെ സന്ദര്‍ശനത്തിന്റെ സമ്പൂര്‍ണ്ണ വീഡിയോ ദൃശ്യങ്ങള്‍ താഴെ യൂ ടൂബ് ലിങ്കില്‍ കാണാം)

യാത്രയിലുടനീളം തങ്ങള്‍ താണ്ടിയ രാജ്യങ്ങളുടെ സംസ്‌കാരം, അവിടത്തെ രാഷ്ട്രീയ കാലാവസ്ഥ, വസ്ത്രധാരണ രീതി, ജനങ്ങള്‍ക്ക് ഇന്ത്യക്കാരോടുള്ള സമീപനം, ഭക്ഷണങ്ങളിലെ വൈവിധ്യങ്ങള്‍ എന്നിവയെല്ലാം ഒപ്പിയെടുക്കാന്‍ ലേഖകനായിട്ടുണ്ട്, പ്രത്യേകിച്ച് ഭക്ഷണവിഭവങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍. തിബത്തിലെത്തുന്ന സംഘം ലാസയിലെ ഒരു റെസ്റ്റാറന്റില്‍ അത്താഴം കഴിക്കാന്‍ പോയകാര്യം ഇങ്ങനെയാണ് ലേഖകന്‍ വിവരിക്കുന്നത്. ‘സംഗതി ബുഫേയാണ്. പക്ഷേ, എല്ലാം നമ്മള്‍തന്നെ വേവിച്ചുകഴിക്കണം. കഴിക്കാനിരുന്ന മേശയില്‍ നാലു ഹോട്ട് പ്ലേറ്റ് അഥവാ ഇന്‍ഡക്ഷന്‍ ഹീറ്ററുകളുണ്ട്. വെയിറ്റര്‍ വന്ന് ആദ്യം ചോദിക്കുന്നത് എരിവ് കൂടുതല്‍ വേണോ കുറവുമതിയോ അതോ മീഡിയം വേണോ എന്നാണ്. ഉത്തരം കിട്ടിയാലുടന്‍ വെള്ളവും മസാലയും നിറച്ച പാത്രങ്ങള്‍ ഹോട്ട്‌പ്ലേറ്റില്‍വെച്ച് ഹീറ്റര്‍ ഓണാക്കുന്നു. തൊട്ടടുത്ത ബുഫേ സെക്ഷനില്‍ നൂറുകണക്കിന് ഭക്ഷണ വിഭവങ്ങളാണുള്ളത്. വിവിധതരം മീനുകള്‍, കടല്‍ വിഭവങ്ങള്‍, ചിക്കന്‍, പോത്ത്, പച്ചക്കറികള്‍, പനീര്‍ ഇങ്ങനെ എല്ലാ വിഭവങ്ങളും വേവിക്കാതെ മസാലപുരട്ടി വെച്ചിരിക്കുകയാണ്. ഇവയില്‍നിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുത്ത് മേശപ്പുറത്തെ ഹോട്ട്‌പ്ലേറ്റില്‍ തിളച്ചുകൊണ്ടിരിക്കുന്ന മസാലവെള്ളത്തില്‍ വേവിക്കാന്‍ ഇടുക..’

ഇങ്ങനെ അപൂര്‍വവും രസകരവുമായ അനുഭവങ്ങളും കാഴ്ചകളും വിവരിച്ച്മുന്നേറുന്ന ഈ യാത്ര, അപ്രതീക്ഷിതമായി ഒരു ‘പ്രശ്‌ന’ത്തിന്റെ ചുഴിയില്‍പെടുന്നുണ്ട്. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലുള്ള ‘ജയ് ഹിന്ദ് റെസ്റ്റാറന്റി’ല്‍ വെച്ചായിരുന്നു അത്. അവിടെ ലാല്‍ ജോസിനെ കാണാനെത്തിയ ചില സുഹൃത്തുക്കളോട് സഹയാത്രികന്‍ മോശമായി പെരുമാറി എന്ന കാരണത്താല്‍ ലേഖകനായ ബൈജു യാത്രയില്‍നിന്ന് വഴിപിരിയുന്നു. ആദ്യം തിരികെ കേരളത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ച ഇദ്ദേഹം പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ ബസിലും മറ്റുമായി യാത്ര തുടരുന്നു. ലേഖകെന്റ ഭാഷയില്‍ പറഞ്ഞാല്‍ 42 ദിവസവും 17,000 കിലോമീറ്ററും എന്‍ഡവറിന്റെ ശീതളിമയില്‍ സഹയാത്രികര്‍ക്കൊപ്പം ചെലവിട്ട യാത്ര പിന്നീട് ഒറ്റക്കുള്ള യാത്രയായി മാറുന്നു. തുടര്‍ന്ന് എസ്‌തോണിയ, പോളണ്ട്, ചെക് റിപ്പബ്ലിക്, ജര്‍മനി, ഡെന്മാര്‍ക്, സ്വീഡന്‍,അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളിലൂടെ ബ്രിട്ടെന്റ മണ്ണില്‍ കാലുകുത്തിയ കഥയാണ് ഈ പുസ്തകം വായനക്കാരനുമുന്നില്‍ തുറന്നിടുന്നത്.കൂടെ യാത്രികര്‍ കണ്ട അപൂര്‍വ കാഴ്ചകള്‍ ഫോട്ടോകളുടെ രൂപത്തിലും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മോഹമുണ്ടായിട്ടും യാത്രചെയ്യാനാവാത്ത വായനക്കാരനാണ് സഞ്ചാരസാഹിത്യം തേടിപ്പോകുന്നത്. അക്ഷരങ്ങളിലൂടെ അനുഭവങ്ങള്‍ ആസ്വദിക്കുകയാണ് അവരുടെ ലക്ഷ്യം. ഇത്തരക്കാര്‍ക്ക് നൂറുശതമാനം സന്തോഷം പകരുന്നതാണ് ഈ പുസ്തകമെന്ന് പറയാതെ വയ്യ.

കടപ്പാട് :മാതൃഭൂമി ബുക്ക്‌സ്

Scroll To Top