Saturday December 03, 2016
Latest Updates

ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനം: ബര്‍ട്ടന്‍ പടിയിറങ്ങുന്നു

ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനം: ബര്‍ട്ടന്‍ പടിയിറങ്ങുന്നു

ഡബ്ലിന്‍: മൂന്നു മാസത്തോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനത്തു നിന്നും മുന്‍ ഉപപ്രധാനമന്ത്രിയും, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന ജൊവാന്‍ ബര്‍ട്ടന് പടിയിറക്കം. ഈമണ്‍ ഗ്ലിമോര്‍ വിരമിച്ച ശേഷം കഴിഞ്ഞ രണ്ടു വര്‍ഷമായി ബര്‍ട്ടനാണ് ലേബറിന്റെ അമരക്കാരി. എന്നാല്‍ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വലിയ തിരിച്ചടി നേരിട്ടതോടെ ബര്‍ട്ടനെതിരെ പാളയത്തില്‍ പടയൊരുക്കം തുടങ്ങിയിരുന്നു. വെറും ഏഴ് സീറ്റുകളാണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സമ്പാദ്യം.

ബര്‍ട്ടന്‍ സ്ഥാനമൊഴിയുന്നതോടെ പാര്‍ട്ടിയിലെ രണ്ടാമനായ അലന്‍ കെല്ലി നേതൃസ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. മുന്‍ ജൂനിയര്‍ മിനിസ്റ്റര്‍ ഷോണ്‍ ഷെര്‍ലക്കിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. 1997ലും 2002ലും നേതൃസ്ഥാനത്തേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ട ബ്രെന്‍ഡന്‍ ഹൗളിന്‍ ഇത്തവണ മത്സരരംഗത്തുണ്ടാകുമോ എന്ന് വ്യക്തമായിട്ടില്ല.

അതേസമയം താന്‍ സ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങളൊന്നും തന്നെ ബര്‍ട്ടന്‍ നല്‍കിയിട്ടില്ല. അതിനെപ്പറ്റി സര്‍ക്കാര്‍ രൂപീകരിച്ച ശേഷം തീരുമാനിക്കുമെന്നാണ് അവര്‍ മുമ്പ് പറഞ്ഞത്. നിലവില്‍ ഡബ്ലിന്‍ വെസ്റ്റ് ടി.ഡി കൂടിയാണ് ജൊവാന്‍ ബര്‍ട്ടന്‍.

 

Scroll To Top