Sunday October 22, 2017
Latest Updates

പ്രവാസികള്‍ക്കായുള്ള ചിട്ടി ഉടന്‍ ആരംഭിക്കും,സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും,പണം ചിലവഴിക്കപ്പെടുന്നത് മലയോര-തീരദേശ ഹൈവേകള്‍ക്ക് 

പ്രവാസികള്‍ക്കായുള്ള ചിട്ടി ഉടന്‍ ആരംഭിക്കും,സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും,പണം ചിലവഴിക്കപ്പെടുന്നത് മലയോര-തീരദേശ ഹൈവേകള്‍ക്ക് 

തിരുവനന്തപുരം: പ്രവാസികളുടെ സമ്പാദ്യം കിഫ്ബിയില്‍ നിക്ഷേപിക്കാന്‍ പ്രോത്സാഹനവുമായി സംസ്ഥാന സര്‍ക്കാര്‍. കിഫ്ബിയില്‍ നിക്ഷേപം നടത്തുന്ന പ്രവാസികളുടെ പണത്തിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ബജറ്റ് പ്രസംഗത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കിഫ്ബിയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് സമ്പാദ്യപദ്ധതി എന്നതിലുമപ്പുറം നാടിന്റെ വികസനത്തില്‍ പങ്കാളികളാകാനും ഇതിലൂടെ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്(കിഫ്ബി) രൂപീകരിച്ചത്. കിഫ്ബിക്ക് പണം സമാഹരിക്കാനായി പ്രവാസി ചിട്ടി പദ്ധതി ആരംഭിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. കെഎസ്എഫ്ഇ വഴി 12000 കോടി കിഫ്ബിയിലേക്ക് സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

‘ഒരു വിദേശമലയാളിയും ഒരു പൈസ പോലും സര്‍ക്കാരിന് സംഭാവന നല്‍കേണ്ടതില്ല. അവര്‍ ചെയ്യേണ്ടത് കെ.എസ്.എഫ്.ഇയുടെ എന്‍.ആര്‍.ഐ ചിട്ടികളില്‍ ചേരുക മാത്രമാണ്.മന്ത്രി പറഞ്ഞു’. ആദ്യവര്‍ഷംതന്നെ ഒരുലക്ഷം പ്രവാസികളെയങ്കിലും ചിട്ടിയില്‍ ചേര്‍ക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 10,000 കോടി രൂപയുടെ തീരദേശ, മലയോര ഹൈവേകള്‍ക്ക് വേണ്ടിയുള്ള ബോണ്ടുകള്‍ പൂര്‍ണമായും പ്രവാസി ചിട്ടി വഴി കണ്ടെത്താനാണ് ഉദ്ദേശ്യം.

ഏതെങ്കിലും പേയ്മെന്റ് ഗേറ്റ് വേ വഴി പ്രവാസികള്‍ക്ക് തങ്ങളുടെ മാസത്തവണ അടയ്ക്കാം. ഇങ്ങനെ അടയ്ക്കുന്ന പണം മുഴുവന്‍ അപ്പപ്പോള്‍ കെ.എസ്.എഫ്.ഇ.യുടെ പേരില്‍ കിഫ്ബിയുടെ പ്രവാസി ബോണ്ടുകളില്‍ ഓട്ടോമാറ്റിക്കായി നിക്ഷേപിക്കപ്പെടും. ചിട്ടി പിടിക്കുമ്പോഴോ നറുക്കുവീണ പണം പിന്‍വലിക്കുമ്പോഴോ ആവശ്യമുള്ള പണം പിന്‍വലിക്കാന്‍ കെ.എസ്.എഫ്.ഇക്ക് കോള്‍ ഓപ്ഷന്‍ ഉണ്ടാകും. മിച്ചമുള്ള ഫ്രീ ഫ്ളോട്ട് കിഫ്ബിയുടെ ബോണ്ടുകളില്‍ കിടക്കും. പദ്ധതി നടപ്പിലാകുന്ന ഏതാനും വര്‍ഷംകൊണ്ട് ഇത്തരത്തില്‍ 12,000 കോടി സമാഹരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് കരുതുന്നു. ഇതൊരു നൂതന ധനസമാഹരണ പരീക്ഷണമാണ്.

പ്രവാസിയെ സംബന്ധിച്ചിടത്തോളം അവരുടെ സമ്പാദ്യം ചിട്ടിയിലാണ് മുടക്കുന്നത്. അതിന് സര്‍ക്കാരിന്റെ ഗ്യാരന്റിയും കെ.എസ്.എഫ്.ഇയുടെ പൂര്‍ണ സുരക്ഷിതത്വവുമുണ്ട്. കിഫ്ബിയുടെ ബോണ്ടില്‍ മിച്ചപണം നിക്ഷേപിച്ചതുകൊണ്ട് ഒരു അധികറിസ്‌കും നിക്ഷേപകന് ഇല്ല. അതേ സമയം അവര്‍ സുരക്ഷിത സമ്പാദ്യത്തോടൊപ്പം നാടിന്റെ സുപ്രധാന വികസന പ്രോജക്ടില്‍ പങ്കാളിയാവുകയും ചെയ്യുന്നു. ജൂണ്‍ മാസത്തിനകം ഈ പദ്ധതി ആരംഭിക്കുന്നതിന് കെ.എസ്.എഫ്.ഇ. ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

Scroll To Top