Monday September 25, 2017
Latest Updates

അയര്‍ലണ്ടിലൊരു കൃഷ്ണഗ്രാമം:സഞ്ചാരികള്‍ക്കിത് വൃന്ദാവനം

അയര്‍ലണ്ടിലൊരു കൃഷ്ണഗ്രാമം:സഞ്ചാരികള്‍ക്കിത് വൃന്ദാവനം

ഡബ്ലിന്‍ ::ഡബ്ലിനില്‍ നിന്നും രണ്ടു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്താവുന്ന ദൂരത്തില്‍ ഒരു കൃഷണ ഗ്രാമമുണ്ട്.ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പുണ്യ മന്ത്രങ്ങളുയരുന്ന ഗ്രാമാശ്രമം.പ്രകൃതി മനോഹരമായ ഒരു സഞ്ചാര കേന്ദ്രമാണ് ഐറിഷ്‌കാര്‍ക്ക് ഐനിസ് രാത് അഥവാ കൃഷ്ണ ഐലന്‍ഡ്.

കൗണ്ടി കാവനുമായി അതിര്‍ത്തി പങ്കിടുന്ന നോര്‍ത്തേന്‍ അയര്‍ലണ്ടിലെ കൗണ്ടി ഫെര്‍മനയിലെ ലഗേണിലുള്ള ഒരു ചെറിയ ഐലന്‍ഡായ ഐനിസ് രാത് അയര്‍ലണ്ടിലെ ഹൈന്ദവ വിശ്വാസികള്‍ക്ക് ഒരു ആരാധനാലയം കൂടിയാണ്.അയര്‍ലണ്ടിലുള്ള ഒട്ടേറെ ക്ഷേത്രങ്ങളില്‍ ഒന്നു മാത്രമാണ് ഇതെങ്കിലും ഇവിടെ പ്രധാനമായും സഞ്ചാര കേന്ദ്രമായാണ് പ്രസിദ്ധമായിരിക്കുന്നത്.

ഒരു ദ്വീപ് സമൂഹത്തില്‍പ്പെടുന്ന ചെറിയൊരു ദ്വീപ്, അതിലുപരിയായി സമാധാനവും പ്രകൃതി സൗന്ദര്യവും തുളുമ്പി നില്‍ക്കുന്ന പ്രദേശം.മാസത്തില്‍ ഒരു തവണയെങ്കിലും മനസിനെ ഒന്നു സമാധാനിപ്പിക്കാനും ഒരു ശാന്ത അന്തരീക്ഷത്തില്‍ കുറച്ചു നേരം ഇരിക്കാനും ഇവിടേക്ക് വരുന്നവരുടെ എണ്ണവും കുറവല്ല.

ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നസ്സിന്റെ (ഐഎസ്‌കെസിഒഎന്‍) ഉടമസ്ഥതയിലാണ് കൃഷ്ണ ഐലന്‍ഡ്. സഞ്ചാരികളെ ഇവിടെയുള്ള അന്തരീക്ഷം ആകര്‍ഷിക്കുന്നുണ്ടെങ്കിലും ഐലന്‍ഡിലുള്ള അമ്പലത്തിലെ ആരാധനാ കാര്യങ്ങളില്‍ പങ്കെടുക്കുവാനായി ആരെയും നിര്‍ബന്ധിക്കാറുമില്ല.ആരാധനയില്‍ പങ്കെടുക്കാനെത്തുന്നവര്‍ വിലക്കപ്പെടാറുമില്ല.വേണമെങ്കില്‍ ,ഗോശാലയില്‍ അല്‍പ്പനേരം ചിലവഴിക്കാം,സര്‍വ ചരാചരങ്ങളുടെയും പ്രതിനിധിയായ ഗോമാതാവിനെ അല്‍പ്പനേരം ശുശ്രൂഷിക്കാം !.
ഞായറാഴ്ച്ചകളില്‍ വൈകിട്ട് ഇവിടെ പ്രത്യേക ഭജനയുണ്ട്.ഹര്‍മോണിയവും ചെണ്ടയുമായി ഭക്തരോടൊപ്പം കൂടാ.ഒരു കാഴ്ച്ചക്കാരനാവാം.ഭഗവത് ഗീതയുടെ വേദസംഗീതം കേള്‍ക്കാം.അതും കഴിയുമ്പോള്‍ സന്ദര്‍ശകര്‍ക്കായി സസ്യാഹാരം .വേണമെങ്കില്‍ സദ്യയെന്നും ഇതിനെ വിളിക്കാം.ഭാരതീയ ഉത്സവ ദിവസങ്ങളില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഇവിടെ ഒത്തുചേരും.ഭാരതീയമായ ആചാരങ്ങളോടെ ,(അതെ വസ്ത്രധാരണത്തില്‍ പോലും )ദേവ സ്തുതികള്‍ പാടും.(ജന്മാഷ്ട്ടമിയോടന്ബന്ധിച്ചുള്ള ആഘോഷങ്ങളുടെ വീഡിയോ താഴെ കാണാം )

ഐലന്‍ഡില്‍ തോന്നിയതുപോലെയൊക്കെ സമയം ചിലവഴിക്കാമെന്ന് കരുതരുത്.മദ്യ വിരുദ്ധ,പുകയില വിരുദ്ധ പ്രദേശമാണ് ഇവിടം.മാത്രമല്ല മത്സ്യ മാംസാഹാരങ്ങളും ഐലന്‍ഡിലേക്ക് കൊണ്ടുചെല്ലാനായി പാടുള്ളതല്ല.
കൃഷ്ണ ഐലന്‍ഡില്‍ പോകുന്നവര്‍ അവരവര്‍ക്കു വേണ്ടുന്ന ഭക്ഷണവും വെള്ളവും കരുതിയിരിക്കേണ്ടതും അത്യാവശ്യമാണ്. ഇത്തരം ആഹാരങ്ങള്‍ ലഭിക്കുന്ന കടകളൊന്നും തന്നെ ഐലന്‍ഡില്‍ ഇല്ല.

വളരെ ശുചിത്വപൂര്‍ണ്ണമായ അന്തരീക്ഷവുമാണ് ഇവിടം.മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടാത്ത പ്രദേശം.കുടുംബസമേതം ഒരു ദിവസം യാത്ര പോയാല്‍ ശാന്തമായ ചുറ്റുപാടില്‍ കുറച്ചു സമയം ചിലവഴിച്ച് തിരികെ വരികയുമാവാം.

കുട്ടികള്‍ക്കായി അമ്പലത്തിനും ബോട്ട്ഹൗസിനും ഇടയിലായി ഒരു കളിസ്ഥലവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.ഒരു കൊച്ചു വൃന്ദാവനം പോലെ.

എത്ര സമയം വേണമെങ്കിലും ഐലന്‍ഡില്‍ ചിലവഴിക്കാനുള്ള സ്വാതന്ത്ര്യം ഇവിടേക്ക് വരുന്നവര്‍ക്ക് ഉണ്ട്.പലരും ഐലന്‍ഡ് സന്ദര്‍ശിക്കുന്നത് ആരാധനാലയം സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്.ഞായറാഴ്ച്ചകളിലുള്ള ബോട്ട് സര്‍വ്വീസുകള്‍ ഇങ്ങോട്ടേക്കുള്ള വഴികാട്ടികളാവുന്നു.കുറച്ചു നിമിഷങ്ങളുടെ ബോട്ട് യാത്രയിലൂടെ തന്നെ അയര്‍ലണ്ടിലെ ഈ വൃന്ദാവനത്തിലേക്ക് എത്തിച്ചേരാനും സാധിക്കും.ഡബ്ലിനില്‍ നിന്നും ഇന്ത്യന്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ഇടയ്ക്കിടെ കൃഷ്ണ ഐലണ്ടിലേക്ക് യാത്രകള്‍ സംഘടിപ്പിക്കാറുണ്ട്

മാനും ,മയിലും അണ്ണാരക്കണ്ണനും ഈ വിശ്വോദ്യാനത്തിലുണ്ട്.കാറ്റിനോടും ,പുഴകളോടും കിന്നാരം പറഞ്ഞിരിക്കാന്‍ ,വേദനാദത്തിന്റെ താളലയങ്ങളില്‍ ഒരു വേള അലിയാന്‍ ഒരു പാട് പേര്‍ക്ക് പ്രചോദനം നല്‍കുന്നുണ്ട് ഈ ഐറിഷ് വൃന്ദാവനം

(പുന:പ്രസിദ്ധീകരണം )

Scroll To Top