Sunday January 21, 2018
Latest Updates

പ്രകാശഗോപുരം അണഞ്ഞു,കൃഷ്ണയ്യര്‍ക്ക് വിട

പ്രകാശഗോപുരം അണഞ്ഞു,കൃഷ്ണയ്യര്‍ക്ക് വിട

കൊച്ചി: സമസ്ത മേഖലയിലും മലയാളിയുടെ അഭിമാന സ്തംഭമായിരുന്ന വി.ആര്‍. കൃഷ്ണയ്യര്‍ വിട പറഞ്ഞു. നൂറാം വയസിന്റെ പുണ്യവുമായി ജീവിതം തള്ളി നീക്കുകയായിരുന്ന ഈ പ്രകാശഗോപുരം വ്യാഴാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം 3.30ഓടെയാണ് എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആസ്പത്രിയില്‍ നിര്യാതനായത്.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു.

ഇന്ത്യയിലെ ജനജീവിതത്തെയാകെ ബാധിച്ച പല വിധിന്യായങ്ങളും പുറപ്പെടുവിച്ച കൃഷ്ണയ്യര്‍ തലമുറകളിലേക്കുള്ള റോള്‍മോഡലായാണ് അറിയപ്പെടുന്നത്. കഴിഞ്ഞ മാസം നൂറാം പിറന്നാള്‍ ആഘോഷിച്ച കൃഷ്ണയ്യരെ സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖര്‍ സന്ദര്‍ശിച്ച് ആശസംകളര്‍പ്പിച്ചിരുന്നു.

മലയാളിയുടെ നീതി ന്യായബോധത്തിന്റെ മനസാക്ഷിയായ ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരുടെ ഐതിഹാസിക ജീവിതം ആധുനിക കേരളത്തിന്റെ ചരിത്രവും രാഷ്ട്രീയവുമായി ഇഴചേര്‍ന്നു കിടക്കുന്നതാണ്. നീതിന്യായരംഗത്ത് പ്രകാശഗോപുരമായി നിലകൊണ്ട കൃഷ്ണയ്യര്‍ വിടപറയുമ്പോള്‍ കേരള ചരിത്രത്തിലെ ബൃഹത്തായ ഒരു അധ്യായമാണ് അവസാനിക്കുന്നത്.

കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, നീതിനിര്‍വഹണ വ്യവഹാരങ്ങളില്‍ വിപ്ലവകരമായ വ്യതിയാനങ്ങള്‍ വരുത്തിയ കൃഷ്ണയ്യര്‍ 1914 നവംബര്‍ 14 ന് പാലക്കാട് ജില്ലയിലെ വൈദ്യപുരം ഗ്രാമത്തിലാണ് ജനിച്ചത്. കൃഷ്ണയ്യരുടെ പൊതുജീവിതത്തന് ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. പ്രമുഖ അഭിഭാഷകന്‍ വി.വി.രാമയ്യരും നാരായണി അമ്മാളുവുമാണ് മാതാപിതാക്കള്‍. വിദ്യാഭ്യാ സ കാലത്തിന് ശേഷം തലശ്ശേരി കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം മികച്ച വരുമാനമുള്ള അഭിഭാഷക വൃത്തി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ലോകത്തില്‍ തന്നെ ആദ്യമായി ബാലറ്റ് രീതിയില്‍ അധികാരത്തില്‍ വന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ കൃഷ്ണയ്യര്‍ അംഗമായി. 1957ലെ ഇ.എം.എസ്. മന്ത്രിസഭയില്‍ നിയമനീതിന്യായ വകുപ്പ് മന്ത്രിസ്ഥാനമാണ് അദ്ദേഹം വഹിച്ചത്. കൃഷി, ജലസേചനം, സാമൂഹ്യക്ഷേമം തുടങ്ങി മറ്റ് ആറ് വകുപ്പുകള്‍ കൂടി അദ്ദേഹത്തിന്റെ ചുമതലയിലുണ്ടായിരുന്നു.

ആദ്യമായി ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ സമൂഹത്തിലെ അധഃസ്ഥിതര്‍ക്കും നീതിനിഷേധിക്കപ്പെടുന്ന ദുര്‍ബലര്‍ക്കും വേണ്ടിയാണ് കൃഷ്ണയ്യര്‍ നിലകൊണ്ടത്. അതിന്റെ ഒടുവിലത്തെ തെളിവായിരുന്നു അബ്ദുല്‍ നാസര്‍ മഅദ്‌നിക്ക് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി. ജാമ്യം അനുവദിക്കാന്‍ സുപ്രീം കോടതി അടിസ്ഥാനമാക്കിയ ന്യായപ്രമാണം ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടേതായിരുന്നു. ജാമ്യം എല്ലാവരുടെയും പ്രാഥമിക അവകാശവും അതിന്റെ നിഷേധം അപവാദവുമാണെന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ ഒരു വിധി വാക്യം ഉദ്ധരിച്ചാണ് മഅദ്‌നിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

അടിയുറച്ച സോഷ്യലിസ്റ്റും ഇടതുപക്ഷ അനുഭാവിയുമാണെങ്കിലും അദ്ദേഹം ഒരുകാലത്തും ഒരു കമ്യൂണിസ്റ്റായിരുന്നില്ല. പല കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളോടും അദ്ദേഹത്തിന് തികഞ്ഞ എതിര്‍പ്പുമുണ്ടായിരുന്നു. ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നുവെങ്കിലും വൈരുദ്ധ്യാത്മക ഭൗതികവാദം, രക്തരൂക്ഷിത വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കുക തുടങ്ങിയ ആശയങ്ങളോട് അദ്ദേഹത്തിന് ഒരു യോജിപ്പുമുണ്ടായിരുന്നില്ല. ഈ കാര്യങ്ങളില്‍ കൃഷ്ണയ്യര്‍ ഏറിയ കൂറും ഒരു ഗാന്ധിയനായിരുന്നു.

അന്താരാഷ്ട്ര പ്രശസ്തിയുള്ള കൃഷ്ണയ്യരുടെ വാക്കുകള്‍ക്കായി വിദേശ നിയമപണ്ഡിതര്‍ ഉറ്റുനോക്കാറുണ്ട്. 1977 ല്‍ നടന്ന വധശിക്ഷ നിര്‍ത്തലാക്കല്‍ സംബന്ധിച്ച അന്തര്‍ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ക്ഷണിച്ചത് കൃഷ്ണയ്യരെ ആയിരുന്നു. പാവപ്പെട്ടവര്‍ക്ക് സൗജന്യ നിയമസഹായം നല്‍കുന്നതിനുള്ള ദേശീയ പദ്ധതി കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായുള്ള ഉന്നതതല സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നിലവില്‍ വന്നത്. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 ന് പുതിയ വ്യാഖ്യാനം നല്‍കിയ കൃഷ്ണയ്യര്‍ കുറ്റാരോപിതനായി കസ്റ്റഡിയിലിരിക്കുന്ന ആള്‍ക്ക് സൗജന്യ നിയമസഹായം നല്‍കാന്‍ രാഷ്ട്രത്തിന് ബാധ്യതയുണ്ടെന്ന് വിധിച്ചു. വിധി പ്രഖ്യാപന കാര്യത്തില്‍ പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്ന മാറ്റങ്ങള്‍ വരുത്താനും ജയില്‍ പരിഷ്‌കരണം കൊണ്ടുവരാനും കൃഷ്ണയ്യര്‍ യത്‌നിച്ചു. പൊതുതാത്പര്യ കേസുകള്‍ക്കും മനുഷ്യാവകാശ കേസുകള്‍ക്കുമുള്ള സാദ്ധ്യത രാജ്യത്തിനു ബോധ്യപ്പെട്ടത് സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലഘട്ടത്തിലാണ്. ജസ്റ്റിസ് ഭഗവതി താനാണ് പൊതുതാല്‍പര്യ ഹര്‍ജികളുടെ ജനയിതാവ് എന്ന് അവകാശപ്പെടാറുണ്ടെങ്കിലും അത് ശരിയല്ലെന്നും താനാണ് പി.ഐ.എല്‍ തുടങ്ങിവച്ചതെന്നും കൃഷ്ണയ്യര്‍ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.

സോഷ്യലിസം എന്ന വാക്കിന്റെ അര്‍ഥം ചുരുങ്ങിപ്പോയ ഇക്കാലത്തും സോഷ്യലിസത്തിന്റെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുകയും ഏത് വേദിയിലും മടികൂടാതെ സോഷ്യലിസത്തിന്റെ പ്രസക്തിയെയും പ്രാധാന്യത്തെയും കുറിച്ച് പ്രസംഗിക്കുകയും ചെയ്യുക എന്നത് കൃഷ്ണയ്യരുടെ രീതിയാണ്. ഇന്ത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണെന്ന് ഭരണഘടനയില്‍ എഴുതിവെച്ചിട്ടുണ്ടെന്നും വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ അക്കാര്യം വിസ്മരിക്കരുതെന്നും ഹൈക്കോടതിയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പ്രസംഗിക്കാന്‍ അവസരം ലഭിക്കുമ്പോഴൊക്കെ ന്യായാധിപന്‍മാരെ നിരന്തരം കൃഷ്ണയ്യര്‍ ഓര്‍മിപ്പിച്ചു.

നീതിയുടെ ശബ്ദമായിരിക്കുമ്പോള്‍ തന്നെ വിമര്‍ശനത്തിനും അദ്ദേഹം അതീതനാകുന്നില്ല. നരേന്ദ്രമോഡി സര്‍ക്കാരിനോട് അദ്ദേഹം സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാട് വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. കാര്‍ഷിക ഭൂപരിഷ്‌ക്കരണ നിയമം സംബന്ധിച്ച് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നിലപാടുകളും ഏറെ വിമര്‍ശന വിധേയമായിട്ടുണ്ട്. അതൊന്നും അദ്ദേഹത്തിന്റെ വ്യക്തി വൈശിഷ്ട്യത്തിന് ഒരു കുറവും വരുത്തിയില്ല.

Scroll To Top