Sunday December 11, 2016
Latest Updates

ഷെയറിങ് കെയറിന്റെ സഹായം കൂടുതല്‍ കുരുന്നുകള്‍ക്ക്,സന്നദ്ധവഴിയില്‍ മാതൃകയായി ഐറിഷ് മലയാളികള്‍

ഷെയറിങ് കെയറിന്റെ സഹായം കൂടുതല്‍ കുരുന്നുകള്‍ക്ക്,സന്നദ്ധവഴിയില്‍ മാതൃകയായി ഐറിഷ് മലയാളികള്‍

കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഷെയറിങ് കെയര്‍ അശരണര്‍ക്ക് വേണ്ടിയുള്ള കൂടുതല്‍ സന്നദ്ധ പദ്ധതികള്‍ ഏറ്റെടുത്ത് മാതൃകയാകുന്നു.

ആലപ്പുഴ ജില്ലയിലെ തീരദേശ പ്രദേശമായ ചെട്ടികാട്ടും,പാലക്കാട് ജില്ലയിലെ മലയോരഗ്രാമമായ പൂഞ്ചോലയിലും,അര്‍ഹതയുള്ളവരെ തേടി കണ്ടെത്തിയാണ് ജീവകാരുണ്യമേഖലയില്‍ ഷെയറിങ് കെയര്‍ സേവനവഴിയില്‍ യാത്ര തുടരുന്നത്.

. മല്‍സ്യബന്ധനവും കയര്‍ മേഖലയിലെ തൊഴിലുമാണ് ചെട്ടികാട് പ്രദേശവാസികളുടെ പ്രധാന ഉപജീവനമാര്‍ഗം. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശം. അവിടെയാണ് പാട്ടുകളം ശ്രീ രാജരാജേശ്വരി എല്‍ പി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ പഠിക്കുന്ന അര്‍ഹരായ 10 വിദ്യാര്‍ത്ഥികള്‍ക്കു കൂടി ഷെയറിങ് കെയറിന്റെ വിദ്യാര്‍ത്ഥി സഹായ പദ്ധതി(Student Support Program)യുടെ പ്രയോജനം രണ്ടാം ഘട്ടത്തില്‍ ലഭ്യമായി. പദ്ധതിയുടെ ഭാഗമായി നോട്ട് ബുക്കുകള്‍, എഴുതുപകരണങ്ങള്‍, സ്‌കൂള്‍ബാഗ്, കുട, യൂണിഫോം, ഷൂസ്, വാട്ടര്‍ബോട്ടില്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ എല്ലാ സാമഗ്രികളും വിതരണം ചെയ്തു. ഷെയറിങ് കെയറിനു വേണ്ടി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജയന്‍ തോമസാണ് വിതരണം നിര്‍വഹിച്ചത്

2011ലാണ് ഷെയറിങ് കെയര്‍ ആദ്യമായി വിദ്യാര്‍ത്ഥി സഹായ പദ്ധതി (Student Support Program) ആരംഭിച്ചത്. പാലക്കാട് ജില്ലയിലെ പിന്നോക്ക പ്രദേശമായ കാഞ്ഞിരപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന പൂഞ്ചോല ഗവ.എല്‍ പി സ്‌കൂളിലെ കുട്ടികളാണ് ഈ പദ്ധതിയുടെ ആദ്യത്തെ ഗുണഭോക്താക്കള്‍ . പലവിധ ബുദ്ധിമുട്ടുകള്‍ കാരണം പഠിത്തം മുടങ്ങിയിരുന്ന അവിടത്തെ കുട്ടികള്‍, പദ്ധതി നടപ്പിലാക്കിയതു മുതല്‍ സ്‌കൂളില്‍ മുടങ്ങാതെ വരാന്‍ തുടങ്ങി. പഠിക്കാന്‍ ഉത്സാഹം കൂടി, മഴക്കാലത്തും വേനല്‍ക്കാലത്തും സ്‌കൂളിലെ ഹാജര്‍നില ഉയര്‍ന്നു.

പദ്ധതി വളരെ വിജയകരമാണെന്നു ബോധ്യപ്പെട്ടപ്പോള്‍, രണ്ടാം ഘട്ടമായി കൂടുതല്‍ കുട്ടികളിലേക്കു ഈ പദ്ധതി വ്യാപിപ്പിക്കാന്‍ ഷെയറിങ് കെയര്‍ തീരുമാനിക്കുകയുണ്ടായി. തത്ഫലമായി, സംസ്ഥാനത്തിന്റെ മറ്റൊരു പിന്നോക്കപ്രദേശത്തുള്ള പാട്ടുകളം ശ്രീ രാജരാജേശ്വരി എല്‍ പി സ്‌കൂളിലെ കട്ടികള്‍ക്കു കൂടി സഹായമെത്തിക്കുക വഴി മൊത്തം ഈ വര്‍ഷം രണ്ടു സ്‌കൂളുകളിലുമായി 53 കട്ടികളെ സഹായിക്കുവാന്‍ സാധിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണ് സംഘടനാ പ്രവര്‍ത്തകര്‍.

വരുന്ന വര്‍ഷം 100 വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാനാണ് ഷെയറിംഗ് കെയര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, ഷെയറിങ് കെയറിനെപ്പോലൊരു ചെറിയ ജീവകാരുണ്യ സംഘടനയ്ക്കു സ്വന്തമായി പദ്ധതിക്കാവശ്യമായ മുഴുവന്‍ തുകയും കണ്ടെത്താന്‍ വളരെയേറെ പരിമിതികള്‍ ഉണ്ട്. ഏകദേശം മുപ്പത്തഞ്ചു യൂറോയാണ് ഒരു കുട്ടിക്കു വേണ്ടിവരുന്ന ചിലവ്. നിലവില്‍ അംഗങ്ങളുടെ വാര്‍ഷിക അംഗത്വവരിസംഖ്യയാണ് ഷെയറിങ് കെയറിന്റെ പ്രധാന വരുമാനസ്രോതസ്സ്. പദ്ധതി നടപ്പിലാക്കാനായി ഷെയറിങ് കെയറിനെ സഹായിക്കാന്‍ സന്മനസ്സുള്ള കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരുകയും കൂടുതല്‍ വരുമാനം ലഭ്യമാവുകയും ചെയ്താല്‍ അടുത്തവര്‍ഷം തന്നെ 100 ഓ അതിലധികമോ കുട്ടികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നമുക്ക് സാധിക്കും. ഒരു കുട്ടിയെ എങ്കിലും സഹായിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, അതല്ല നിങ്ങളുടെ കഴിവുകള്‍ ഷെയറിങ് കെയറിനായി വിനിയോഗിക്കാന്‍ സാധിക്കുമെങ്കില്‍ ബന്ധപ്പെടണമെന്ന് ഷെയറിംഗ് കെയര്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
: ഫോണ്‍: 08383 59690(Ireland) ഇമെയില്‍ വിലാസം:sharingcare@live.ie chamkj

Scroll To Top