Saturday December 10, 2016
Latest Updates

ഐപിഎല്‍ എട്ടാം സീസണ്‍; ആദ്യ ജയം കൊല്‍കത്തക്ക്

ഐപിഎല്‍ എട്ടാം സീസണ്‍; ആദ്യ ജയം കൊല്‍കത്തക്ക്

സ്വന്തം തട്ടകത്തില്‍ ഏഴു വിക്കറ്റ് ജയവുമായി നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഗംഭീര തുടക്കം. ഉദ്ഘാടന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെയാണ് കൊല്‍കത്ത തോല്‍പിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ മുംബൈ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണു നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത ഒമ്പതു പന്തു ബാക്കി നില്‍ക്കെ 18.3 ഓവറില്‍ മുന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

43 പന്തില്‍ നിന്നു ഏഴു ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 57 റണ്‍സ് നേടിയ നായകന്‍ ഗൗതം ഗംഭീറാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. 20 പന്തില്‍ നിന്നു ഒരു ഫോറും അഞ്ചു സിക്‌സറുകളും പറത്തി 46 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും 24 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളുടെയും മൂന്നു സിക്‌സറുകളുടെയും അകമ്പടിയോടെ 40 റണ്‍സ് എടുത്ത മനീഷ് പാണ്ഡെയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

നേരത്തെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഉണര്‍ന്നെഴുന്നേറ്റ മുംബൈ ഇന്ത്യന്‍സിനു നായകന്‍ രോഹിത് ശര്‍മയുടെ മിന്നുന്ന ബാറ്റിംഗാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 5.2 ഓവറില്‍ മൂന്നിന് 37 റണ്‍സ് എന്ന നിലയില്‍ പതറിയ മുംബൈയെ നാലാം വിക്കറ്റില്‍ രോഹിത്കോറി ആന്‍ഡേഴ്‌സണ്‍ കൂട്ടുകെട്ടാണ് രക്ഷിച്ചത്. പതര്‍ച്ചയോടെയായിരുന്നു മുംബൈയുടെ തുടക്കം. ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് (5), വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദിത്യ താരെ (7), മധ്യനിരയിലെ വിശ്വസ്തന്‍ അമ്പാട്ടി റായുഡു (0) എന്നിവര്‍ വേഗത്തില്‍ പുറത്തായപ്പോള്‍ കനത്ത തകര്‍ച്ചയിലേക്ക് മുംബൈ കൂപ്പുകുത്തി. എന്നാല്‍ പിന്നീട് സൂക്ഷ്മതടെ കളിച്ച രോഹിത് ആന്‍ഡേഴ്‌സണ്‍ സഖ്യം മുംബൈയെ മികച്ച നിലയില്‍ എത്തിക്കുകയായിരുന്നു. 88 പന്തില്‍ 131 റണ്‍സാണ് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്നത്. 65 പന്തില്‍ 12 ബൗണ്ടറിയും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു രോഹിതിന്റെ 98 റണ്‍സ്. 41 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സുമടിച്ചു ആന്‍ഡേഴ്‌സണ്‍ 55 റണ്‍സ് നേടി.

കൊല്‍ക്കത്തയ്ക്കായി പേസര്‍ മോര്‍ണി മോര്‍ക്കല്‍ രണ്ടും ഷാക്കിബുല്‍ ഹസനാന്‍ ഒന്നും വിക്കറ്റ് നേടി. മടങ്ങി വരവ് മത്സരത്തില്‍ സ്റ്റാര്‍ സ്പിന്നര്‍ സുനില്‍ നരെയ്‌ന് വിക്കറ്റ് നേടാനായില്ല.

ഇന്നത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ഡല്‍ഹി ഡയര്‍ ഡെവിള്‍സിനെ നേരിടും. എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് എട്ടിനാണ് മത്സരം.

 

 

Scroll To Top