Sunday December 04, 2016
Latest Updates

കോടിയേരി സി പി ഐ(എം) സംസ്ഥാന സെക്രട്ടറി ,അച്യുതാനന്ദന്‍ സംസ്ഥാന സമിതിയില്‍ നിന്നും പുറത്തായി 

കോടിയേരി സി പി ഐ(എം) സംസ്ഥാന സെക്രട്ടറി ,അച്യുതാനന്ദന്‍ സംസ്ഥാന സമിതിയില്‍ നിന്നും പുറത്തായി 

ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. ആലപ്പുഴയില്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതിയാണ് കോടിയേരിയെ തിരഞ്ഞെടുത്തത്. ഏകകണ്ഠമായാണ് കോടിയേരിയെ തിരഞ്ഞെടുത്തത്. മറ്റുപേരുകളൊന്നും ഉയര്‍ന്നുവന്നിരുന്നില്ല.

അതെ സമയം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാന സമിതി അംഗീകരിച്ച പാനലില്‍ നിന്നാണ് വി എസിനെ ഒഴിവാക്കിയത്. തന്നെ സംസ്ഥാന സമിതിയില്‍ നിന്ന് പുറത്താക്കാരുതെന്ന് വി എസ് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരു അംഗത്തിനുള്ള സ്ഥാനം ഒഴിച്ചിട്ടാണ് പാനല്‍ തയ്യാറാക്കിയത്. സംസ്ഥാന സമ്മേളനത്തില്‍ വി എസ് പങ്കെടുക്കുകയാണെങ്കില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നതിനായാണ് ഒരു സ്ഥാനം ഒഴിച്ചിട്ടതെന്നാണ് സൂചന.

1964ല്‍ പാര്‍ട്ടി രൂപീകരിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് വി എസ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത്. എം എ ബേബിയേയും പാനലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പി ബി അംഗമായതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് സൂചന. 80 വയസ്സ് കഴിഞ്ഞ ആരും പുതിയ പാനലില്‍ ഇല്ല. എം എം ലോറന്‍സ്, ടി ശിവദാസമേനോന്‍, വി ആര്‍ ഭാസ്‌കരന്‍, എം കെ ഭാസ്‌കരന്‍, സി പി കൃഷ്ണന്‍ എന്നിവരേയും സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 15ഓളം പുതുമുഖങ്ങളെ പുതുതായി ഉള്‍പ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍, എം സ്വരാജ്, എം ബി രാജേഷ്, വി എന്‍ വാസവന്‍ തുടങ്ങിയവരെയാണ് ഉള്‍പ്പെടുത്തിയത്.

Scroll To Top