Monday September 25, 2017
Latest Updates

‘സ്വഭാവം നന്നാക്കാന്‍’അപ്പന്റെ കൈയ്യും കാലും ക്വട്ടേഷന്‍ സംഘത്തെ കൊണ്ട് തല്ലിചതച്ച മകന്‍ അറസ്റ്റില്‍ 

‘സ്വഭാവം നന്നാക്കാന്‍’അപ്പന്റെ കൈയ്യും കാലും ക്വട്ടേഷന്‍ സംഘത്തെ കൊണ്ട് തല്ലിചതച്ച മകന്‍ അറസ്റ്റില്‍ 

എറണാകുളം:അപ്പന്റെ അവിഹിത ബന്ധം തടയാന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ അപ്പന്റെ കൈയും കാലും തല്ലിയൊടിച്ച മകന്‍ പോലിസ് പിടിയിലായി.
പാലാരിവട്ടം നടുവിലെ മുല്ലേത്ത് കപ്പട്ടില്‍ വീട്ടില്‍ വര്‍ഗീസിനെ(62)യാണ് സ്വന്തം മകന്റെ ഒത്താശയോടെ വാടക ഗുണ്ടകള്‍ ആക്രമിച്ചത്. വര്‍ഗീസിന്റെ ഇളയ മകന്‍ ഡാല്‍സന്‍(28), ആലപ്പുഴയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട മാന്നാര്‍ പുത്തന്‍പേരൂര്‍ സുധീഷ് ഭവനില്‍ സുധീഷ്, ഹരിപ്പാട് പള്ളിപ്പാട് പുത്തന്‍വീട്ടില്‍ മമ്മൂട്ടി എന്ന രതീഷ്, മാന്നാര്‍ കുന്നത്തൂര്‍ കുറ്റിയില്‍ താഴ്ചയില്‍ ശശി മകന്‍ ശിവജിത്ത്(28) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്. 

ചിറ്റേത്തുകരയില്‍ മാംസോല്‍പന്ന ബിസിനസ് നടത്തുന്ന വര്‍ഗീസിന് ഒരു സ്ത്രീയുമായുള്ള അവിഹിതബന്ധത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അപ്പനെ’ശരിപ്പെടുത്താന്‍’മകന്‍ തീരുമാനിച്ചത്.വര്‍ഗീസിന്റെ അവിഹിതബന്ധം പരസ്യമായത്തോടെ വീട്ടില്‍ കലഹം പതിവായിരുന്നു. 

ബഹൈറനില്‍ മാംസക്കയറ്റുമതി ബിസിനസ് നടത്തുന്ന ഡാല്‍സനും ഇയാളുടെ സഹോദരങ്ങളും ബന്ധത്തില്‍നിന്നു പിന്‍മാറാന്‍ പിതാവിനോടു പലവട്ടം ആവശ്യപ്പൈട്ടങ്കിലും വര്‍ഗീസ് വകവെച്ചില്ല.ഇതോടെ പിതാവിനെ ‘നന്നാക്കിയെടുക്കാന്‍’കുറച്ചുകാലം വീട്ടിലിരുത്താന്‍ മകന്‍ തീരുമാനിക്കുകയായിരുന്നു.

ഡാല്‍സന്റെ സുഹൃത്തായ ദേവന്‍ എന്നയാള്‍ വഴി മാന്നാര്‍ സ്വദേശി സുധീഷിനെയാണ്ദൗത്യം ഏല്‍പ്പിച്ചത്. അമ്പതിനായിരം രൂപയായിരുന്നു കൃത്യം നിര്‍വഹിക്കാന്‍ ക്വട്ടേഷന്‍ കാശ്.കൊച്ചിയിലെത്തിയ നാലംഗ ക്വട്ടേഷന്‍ സംഘത്തിന് കലൂരില്‍ ഡാല്‍സന്‍ ലോഡ്ജില്‍ മുറിയെടുത്തു നല്‍കി. അഡ്വാന്‍സായി 35,000 രൂപയും നല്‍കി.ഭക്ഷണവും വാങ്ങിക്കൊടുത്തു.

പിതാവിന്റെ കൈയും കാലും ഓടിക്കാന്‍ പരുവത്തിലുള്ള ഹോക്കി സ്റ്റിക്കും വാങ്ങിക്കൊടുത്തു. 11ാം തീയതി വൈകിട്ട് നാലു മണിയോടെ ക്വട്ടേഷന്‍ സംഘവുമായി ചിറ്റേത്തുകരയിലെത്തിയ ഡാല്‍സന്‍ ദൂരെ നിന്നും സ്ഥാപനം കാണിച്ചു കൊടുത്തശേഷം കലൂരിലേക്കു മടങ്ങി.കൊള്ളയുടെ രൂപത്തില്‍ അക്രമം നടത്താനായിരുന്നു നിര്‍ദേശം.

സ്ഥാപനത്തില്‍ കയറിയ ക്വട്ടേഷന്‍ സംഘം ഓഫീസിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദികളാക്കിയ ശേഷമാണ് വര്‍ഗീസിനെ ആക്രമിച്ചത്. ഹോക്കി സ്റ്റിക്കുകൊണ്ട് അടിച്ച് വര്‍ഗീസിന്റെ ഇടതു കൈമുട്ടും വലതുകാലും അടിച്ചുതകര്‍ത്ത അക്രമികള്‍ രണ്ടു മോതിരവും വാച്ചും ഊരി വാങ്ങുകയും മേശയിലുണ്ടായിരുന്ന 65,000 ഓളം രൂപ തട്ടിയെടുക്കുകയും ചെയ്തശേഷം തിരിച്ചുപോയി. കലൂരില്‍ കാത്തുനിന്ന ഡാല്‍സനെ വാച്ച് മാത്രമാണ് ഏല്‍പിച്ചത്. സ്വര്‍ണാഭരണങ്ങളും പണവും അപഹരിച്ച കാര്യമേ മകനോട് പറഞ്ഞില്ല.

കൈ ഒടിഞ്ഞു തൂങ്ങിയ നിലയില്‍ കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വര്‍ഗീസിന് ഡാല്‍സണ്‍ തന്നെയാണ് എല്ലാ പരിചരണവും നല്‍കിയത്.

ജ്യേഷ്ഠന്റെ മക്കളുമായി വര്‍ഗീസിന്റെ കുടുംബം ശത്രുതയിലായതിനാല്‍ ഇയാളുടെ പേരു പറഞ്ഞാണ് ക്വട്ടേഷന്‍ സംഘം വര്‍ഗീസിനെ ആക്രമിച്ചത്. അതിനാല്‍ ആദ്യം ബന്ധുക്കളെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം.

അക്രമികള്‍ സഞ്ചരിച്ച വാഹനത്തിന്റെ സീരിയല്‍ നമ്പര്‍ ലഭിച്ച പോലീസ് പ്രധാന റോഡിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് നമ്പര്‍ കണ്ടെത്തിയത്.പോലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു.

ഇവരില്‍ നിന്നാണു വര്‍ഗീസിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഇയാളുടെ സ്വന്തം മകന്‍ തന്നെയാണെന്ന് പോലീസ് അറിയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ക്വട്ടേഷന്‍ സംഘത്തിലെ നാലാമനായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.പത്മിനിയെന്ന ട്രാഫിക് വാര്‍ഡനെ ആക്രമിച്ച കേസിലെ പ്രതിയാണു വര്‍ഗീസിന്റെ മൂത്തമകന്‍.


Scroll To Top