Wednesday January 17, 2018
Latest Updates

 അയര്‍ലണ്ടിലെ  നോക്കില്‍ മാതാവ് പ്രത്യക്ഷപ്പെട്ടുവെന്ന് അവകാശപ്പെട്ട് പുറത്തിറക്കിയ വീഡിയോ വൈറലാവുന്നു

 അയര്‍ലണ്ടിലെ  നോക്കില്‍ മാതാവ് പ്രത്യക്ഷപ്പെട്ടുവെന്ന് അവകാശപ്പെട്ട് പുറത്തിറക്കിയ വീഡിയോ വൈറലാവുന്നു

ഡബ്ലിന്‍ :നോക്കില്‍ മാതാവ് വീണ്ടും പ്രത്യക്ഷപ്പെട്ടുവെന്ന് അവകാശപ്പെട്ട്  സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ച വീഡിയോ വൈറലാവുന്നു.

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ കൂടി പത്തുലക്ഷത്തോളം  ആളുകളാണ് ഇതിനകം വീഡിയോ കണ്ടത്.ആദ്യം മാതാവിന്റെ പ്രത്യക്ഷീകരണം ആരും വിശ്വസിച്ചിരുന്നില്ലെങ്കിലും ബിഡ്ഡി കോര്‍ണര്‍ എന്നയാള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ വിഡിയോ വൈറലായതോടെ നോക്ക് തീര്‍ത്ഥാടനകേന്ദ്രം വീണ്ടും ശ്രദ്ധേയമായി.

ശനിയാഴ്ച ഉച്ചകഴിഞ്ഞുമൂന്നുമണിക്ക് ആരാണോ നോക്കിലുള്ളത്,അവര്‍ക്കെല്ലാം പരിശുദ്ധ മറിയത്തെ കാണാനാവും എന്ന ഒരു ഓഡിയോ പ്രചാരണത്തെ തുടര്‍ന്ന് നൂറുകണക്കിന് പേരാണ് നോക്ക് തീര്‍ഥാടനകേന്ദ്രത്തില്‍ തടിച്ചു കൂടിയിരുന്നത്.

പള്ളി അധികൃതര്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് പ്രോത്സാഹനമോ,അംഗീകാരമോ നല്‍കിയില്ലെങ്കിലും, ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിയതോടെ അവരെ നിയന്ത്രിക്കാന്‍ ഗാര്‍ഡയെ നിയോഗിക്കേണ്ടി വന്നിരുന്നു.

അയര്‍ലണ്ടിലെ ട്രാവല്‍ കമ്മ്യൂണിയിലെ ജനങ്ങളായിരുന്നു എത്തിയവരില്‍ കൂടുതലും,അലങ്കാരപ്പണികളുള്ള തങ്ങളുടെ പരമ്പരാഗതമായ വിശിഷ്ടവസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ടാണ് മിക്കവരും എത്തിയത്. ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പോലും കാരവനുകളിലും മറ്റുമായി നോക്കിലെത്തിയിരുന്നു.

‘ വെള്ളിയാഴ്ചവൈകിട്ട് മുതല്‍ അവര്‍ എത്തി തുടങ്ങി.ജപമാലയും പ്രാര്‍ഥനയുമായി അവര്‍ ‘മാതാവിനെ പ്രതീക്ഷിച്ചിരുന്നു.നോക്കില്‍ വെള്ളിയാഴ്ച വൈകിട്ട് സന്ദര്‍ശിക്കാന്‍ എത്തിയ മലയാളികളില്‍ ചിലര്‍ ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.മാതാവ് പ്രത്യക്ഷപെടുമെന്ന് കണ്ടവരോടൊക്കെ ട്രാവലര്‍ കമ്മ്യൂണിറ്റിയില്‍പെട്ടവര്‍ പറയുന്നുണ്ടായിരുന്നു.രാത്രിയില്‍ കാരവനില്‍ താമസിച്ച അവര്‍ അവിടെയും പ്രാര്‍ഥന തുടര്‍ന്നു.അവരുടെ ഭക്തിപ്രകടനങ്ങളെ നോക്കിലെ മറ്റു സന്ദര്‍ശകര്‍ അതിശയത്തോടെയാണ് നോക്കി കണ്ടത്.

ശനിയാഴ്ച ഉച്ചയായപ്പോഴേയ്ക്കും നോക്കിലേക്കെത്തിയ വാഹനങ്ങളുടെ ബാഹുല്യം കണക്കിലെടുത്തു ഗാര്‍ഡയെ നിയന്ത്രണത്തിനായി വിളിക്കാന്‍ പള്ളി അധികൃതര്‍ തീരുമാനിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ മൂന്ന് മണിയോടെ കന്യകാമറിയം പ്രത്യക്ഷയാവുമെന്നായിരുന്നു ബ്രിട്ടനില്‍ നിന്നുള്ള 14 വയസ്സുകാരന്റെയും കുടുംബത്തിന്റെയും സാക്ഷ്യം.മൂന്നു മണിയായതോടെ ആകാശത്തില്‍ സൂര്യവെളിച്ചം ശക്തമാവുകയും,മാതാവിന്റെ രൂപം പ്രത്യക്ഷമാവുന്നുവെന്ന് ചിലര്‍ അവകാശപ്പെടുകയും ചെയ്തു.അതോടെ നന്മ നിറഞ്ഞ മറിയമേ എന്നുള്ള പ്രാര്‍ഥന ആവര്‍ത്തിച്ചു ചൊല്ലിക്കൊണ്ട് ഭക്തജനങ്ങള്‍ ആവേശഭരിതരായി.സ്ത്രീജനങ്ങള്‍ ഭക്തിപാരമ്യത്തില്‍ നിലവിളിച്ചപ്പോള്‍ ചില പുരുഷന്മാര്‍ വിളിച്ചു പറഞ്ഞത് സൂര്യന്‍  ഇളകുന്നത് പോലെ തോന്നുന്നുവെന്നായിരുന്നു.

മാതാവ് പ്രത്യക്ഷയായി എന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കുമ്പോഴും അന്നേ ദിവസം അസാധാരണമായ ശാന്തതയും,സൂര്യവെളിച്ചവും അനുഭവപ്പെട്ടിരുന്നുവെന്ന് നോക്കില്‍ പതിവായി എത്തുന്ന ചില സന്ദര്‍ശകര്‍ പറയുന്നു.

യാതൊരു വിധ അടിസ്ഥാനവുമില്ലാത്ത ഇത്തരം പ്രചാരണങ്ങള്‍ക്ക് ആരും വശംവദരാവരുതെന്നു നോക്ക് ബസലിക്ക വികാരി ഫാ.റിച്ചാര്‍ഡ് ഗിബ്‌സണ്‍ പത്രക്കുറിപ്പ് ഇറക്കിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിലും ഭക്തപരവശരായ നൂറുകണക്കിന് ട്രാവലേഴ്സാണ് ‘സംഭവസ്ഥലം’സന്ദര്‍ശിക്കാന്‍ എത്തി കൊണ്ടിരിക്കുന്നത്.

മെയ് മാസത്തിലെ ഒരു ദിവസം ഫാത്തിമ സന്ദര്‍ശിച്ച തന്റെ മകന് പരിശുദ്ധ മാതാവ് പ്രക്ത്യക്ഷയായെന്ന് അവകാശപ്പെട്ട് ഒരു കുട്ടിയുടെ പിതാവ് സോഷ്യല്‍ മീഡിയയില്‍ ഓഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.ഈ കുട്ടിയുടെ കുടുംബവും നോക്കില്‍ ശനിയാഴ്ച എത്തിയിരുന്നു.

എങ്ങനെയാണ് മാതാവ് പ്രത്യക്ഷയായതെന്ന് അവന്റെ കുടുംബാംഗങ്ങളും വിവരിച്ചിരുന്നു.മാതാവ് എങ്ങനെ പ്രത്യക്ഷയായെന്നും അനുഗ്രഹിച്ചെന്നുമായിരുന്നു ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിപ്പിച്ചത്.’രണ്ടു ദിവസം ഞങ്ങളുടെ മകന് മാതാവിന്റെ പുണ്യ ദര്‍ശനമുണ്ടായി.മജുരാഗോയില്‍ പ്രത്യക്ഷപ്പെട്ട പോലെ രൂപ സാദൃശ്യമുള്ള മാതാവ് അവനോട് പോര്‍ച്ചുഗീസ് ഭാഷയിലാണ് സംസാരിച്ചത്. ഓരോ വാക്കുകളും അവന് മനസ്സിലായി’.ഓഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

ശനിയാഴ്ച മൂന്നുമണിക്ക് ആരാണോ നോക്കിലുള്ളത്,അവര്‍ക്കെല്ലാം പരിശുദ്ധ മറിയത്തെ കാണാനാവും എന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. മുമ്പ് നോക്കില്‍ മാതാവ് പ്രത്യക്ഷപെട്ടപ്പോള്‍ ഉണ്ടായിരുന്ന മൂന്ന് വിശുദ്ധാത്മാക്കള്‍ ഒപ്പമുണ്ടാകുമോ എന്നു പറയാന്‍ തനിക്കാവില്ലയെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

(1879 ആഗസ്റ്റ് 21ന് ഗ്രാമവാസികളായ,15 പേര്‍ക്ക് പരിശുദ്ധ കന്യാമറിയം പ്രത്യക്ഷയായി എന്നത് കത്തോലിക്കാ സഭ അംഗീകരിച്ചിട്ടുള്ളതാണ്.യേശുവിനോടും,വിശുദ്ധ ഔസേപ്പിനോടും, സുവിശേഷനായ വിശുദ്ധ യോഹന്നയോടുമൊപ്പം മാതാവിനെ ഗ്രാമവാസികള്‍ കണ്ടു എന്നാണ് പരമ്പരാഗത വിശ്വാസം)

Scroll To Top