Sunday January 21, 2018
Latest Updates

കെ എം മാണിയെ നാണംകെടുത്തി കോണ്‍ഗ്രസ് പടിയിറക്കി,മിണ്ടാനും പറയാനും ആളില്ലാതെ അവസാനം രാജിയായി !

കെ എം മാണിയെ നാണംകെടുത്തി കോണ്‍ഗ്രസ് പടിയിറക്കി,മിണ്ടാനും പറയാനും ആളില്ലാതെ അവസാനം രാജിയായി !

തിരുവനന്തപുരം :രാഷ്ട്രീയ കേരളത്തിലെ ചാണക്യബുദ്ധികള്‍ ഒത്തു കളിച്ച് അരനൂറ്റാണ്ടിന്റെ കരുത്തായിരുന്ന കെ എം മാണിയെ പടിയിറക്കി.പാര്‍ട്ടി ലീഡറോടൊപ്പം ചീഫ് വീപ്പ് തോമസ് ഉണ്ണിയാടനും രാജി വെയ്ക്കും.തോമസ് ഉണ്ണിയാടന്‍ തന്നെയാണ് രാജി വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.കേരളാ കോണ്‍ഗ്രസിന്റെ മറ്റൊരു മന്ത്രിയായ പി ജെ ജോസഫ് രാജി വെയ്ക്കാനുള്ള കെ എം മാണിയുടെ അഭ്യര്‍ഥന നിരസിച്ചു

പിന്നീടു പത്രസമ്മേളനത്തിനെത്തിയ കെ എം മാണി നിയമവ്യവസ്ഥയോടുള്ള ആദരസൂചകമായാണ് തന്റെ രാജിയെന്നാണ് വ്യക്തമാക്കിയത്.ഐക്യമുന്നണിയ്ക്ക് കലവറയില്ലാത്ത പിന്തുണ നല്കുമെന്നും മാണി പറഞ്ഞു.

തുടര്‍ന്ന് ,റോഷി അഗസ്റ്റ്യന്‍ എം എല്‍ എ യും ജോസഫ് എം പുതുശ്ശേരിയും മുഖ്യമന്ത്രിയുടെ വസതിയിലെത്തി കെ എം മാണിയുടെയും,ചീഫ് വീപ്പിന്റെയും രാജിക്കത്തുകള്‍ കൈമാറി.

ഇടതു പക്ഷത്തേയ്ക്ക് നീങ്ങാനുള്ള മാണിയുടെ നീക്കം മണത്തറിഞ്ഞ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ബിജു രമേശ് എന്ന അബ്കാരി വഴി കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിന് ഉയര്‍ത്തിയ പതിനഞ്ചു ലക്ഷം രൂപയുടെ അഴിമതി ആരോപണം ഒരു വര്‍ഷം മുഴുവന്‍ കേരള രാഷ്ട്രീയത്തില്‍ സംഘര്‍ഷങ്ങളുടെ അലകള്‍ ഉയര്‍ത്തി എരിഞ്ഞടങ്ങുമ്പോള്‍ കേരളാ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന് അന്ത്യ കൂദാശ നല്‍കാന്‍ ഉമ്മന്‍ ചാണ്ടിയ്ക്കും കോണ്‍ഗ്രസിനും കഴിഞ്ഞിരിക്കുന്നു.

മന്ത്രി മാണിയുടെ രാജിയുമായി ബന്ധപ്പെട്ട ഒത്തു തീര്‍പ്പുകളുടെ അവസാന നിമിഷങ്ങളില്‍ പോലും കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്താനുള്ള തന്ത്രങ്ങള്‍ മിനയുകയായിരുന്നു ഉമ്മന്‍ ചാണ്ടിയും കൂട്ടരും.മന്ത്രിസഭ നിലനിര്‍ത്താനാവശ്യമായ മൂന്നു പേരെ മാണിയുടെ പാര്‍ട്ടിയില്‍ നിന്നും പിടിച്ചെടുക്കാന്‍ ഉമ്മന്‍ ചാണ്ടിയ്ക്കും കഴിഞ്ഞു.

പിന്തുണയ്ക്കാന്‍ അധികമാരുമില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്ന് കെഎം മാണി മുട്ടുമടക്കുകയായിരുന്നു.

മാന്യമായ ഒരു പുറത്തുപോകലിന് അവസരം വേണമെന്ന മാണിയുടെ അവസാന ആവശ്യം പോലും അംഗീകരിക്കാന്‍ തയാറാവാതെ ഏഴു മണിയ്ക്ക് മുമ്പായി തീരുമാനം വേണമെന്ന ആവശ്യവുമായി മൂന്നു മണിക്കൂറോളം കാത്തിരിക്കുകയായിരുന്നു യൂ ഡി എഫ് . കാര്യങ്ങള്‍ ഇത്രയും വഷളായ സ്ഥിതിക്കു മാന്യമായ ഒരു പടിയിറക്കമില്ലെങ്കിലും അല്പം കൂടി സമയമെടുത്തു രാജി വയ്ക്കാനാവുമോ എന്ന മാണിയുടെ അന്വേഷണത്തിന് പി ജെ ജോസഫും ടി യു കുരുവിളയും,മോന്‍സ് ജോസഫും അംഗീകരിച്ചില്ല.

ഇന്ന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷം നേതാക്കളും മാണി രാജിവയ്ക്കുന്നതാണ് നല്ലതെന്ന നിലപാടെടുത്തു. ജോസഫ് വിഭാഗമാവട്ടെ ഇക്കാര്യത്തില്‍ കടുത്ത നിലപാട് തന്നെയെടുത്തു. ഇതോടെയാണ് രാജി വയ്ക്കാമെന്ന നിലപാടിലേയ്ക്ക് മാണിയെ എത്തിച്ചത്. 

തനിക്കൊപ്പമുള്ള അഞ്ച് എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന് മാണി പറഞ്ഞുവെങ്കിലും അവരില്‍ തോമസ് ഉണ്ണിയാടന്‍ ഒഴികെ ആരെയും ഇപ്പോള്‍ മാണിക്കു വിശ്വാസമില്ലാത്ത സ്ഥിതിയുമാണ്.യൂ ഡി എഫില്‍ തുടര്‍ന്നില്ലെങ്കില്‍ മാണിയെ വിട്ടു ജോസഫിന്റെ കൂടെ പോകുമെന്ന് ഇടുക്കി എം എല്‍ എ റോഷി അഗസ്റ്റ്യനും,കാഞ്ഞിരപ്പള്ളി എം എല്‍ എ ഡോ.ജയരാജും നിലപാടെടുത്തത് കൊണ്ടാണ് മുന്നണി വിട്ടു പോകാനുള്ള തീരുമാനം എടുക്കാതിരുന്നത് എന്നാണ് കേരളാ കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നത്.

അധികാരത്തിന്റെ അവസാന നിമിഷങ്ങളില്‍ നിശബ്ദനായി ഭരണ പങ്കാളികളായ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട മാണി ഔദ്യോഗിക വസതിയായ പ്രശാന്തിയില്‍ ഏകനായിരുന്നു.രാജി ആഘോഷിക്കാന്‍ അണിനിരന്ന മാധ്യമപ്രവര്‍ത്തകരൊഴികെ മറ്റുള്ള ഉയര്‍ന്ന നേതാക്കള്‍ ഒന്നും അവിടെയുണ്ടായിരുന്നില്ല.പിന്നീടാണ് കേരള രാഷ്ട്രീയത്തില്‍ മാണി യുഗത്തിന് അന്ത്യമാവുന്ന രാജിയിലേക്ക് കാര്യങ്ങള്‍ എത്തിയത്.

എങ്കിലും ആള്‍ കെഎം മാണി ആയതിനാല്‍ ഇനിയും മലക്കം മറിച്ചിലുകള്‍ ഉണ്ടായാലും അതിശയിക്കാനില്ല.

Scroll To Top