Wednesday December 07, 2016
Latest Updates

കുരുക്കുകള്‍ മുറുകി മാണി, രണ്ടാമതും ചോദ്യം ചെയ്‌തേക്കും,വിനയായത് സ്വന്തം മൊഴി

കുരുക്കുകള്‍ മുറുകി മാണി, രണ്ടാമതും ചോദ്യം ചെയ്‌തേക്കും,വിനയായത് സ്വന്തം മൊഴി

കോട്ടയം>കെ എം മാണിക്കെതിരായ കുരുക്കുകള്‍ മുറുകുന്നു. മാണിക്ക് കോഴ നല്കിയെന്നു വെളിപ്പെടുത്തിയ ബിജു രമേഷിന്റെ കാര്‍ ധനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയിരുന്നതായി വിജിലന്‍സ് പരിശോധനയില്‍ തെളിവുലഭിച്ചു. സ്വതവേ കുശാഗ്ര ബുദ്ധിക്കാരനായ മാണിക്ക് നേരത്തെ വിജിലന്‍സിനു നല്‍കിയ മൊഴിയാണ് ഇപ്പോള്‍ വിനയായി ഭവിച്ചിരിക്കുന്നത്. ബാറുടമകളെ താന്‍ കണ്ടിട്ടേയില്ലെന്നും അവരുമായി പരിചയം പോലുമില്ലെന്നുമാണ് ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട വിജിലന്‍സിന്റെ പ്രാഥമിക മൊഴിയെടുപ്പില്‍ ധനമന്ത്രി പറഞ്ഞിരുന്നത്.

എന്നാല്‍ വിജിലന്‍സ് ഇന്നലെ മാണിയുടെ വീട്ടില്‍ നടത്തിയ പരിശൊധനയില്‍ ബിജു രമേശിന്റെ കാറില്‍ ബാര്‍ മുതലാളിമാര്‍ മാണിയുടെ നന്തന്‍കോട് ക്ലിഫ്ഹൗസ് കോമ്പൗണ്ടിലെ ഔദ്യോഗിക വസതിയായ പ്രശാന്തിലെത്തിയിരുന്നതായി കണ്ടെത്തി. ബാര്‍ കോഴക്കേസില്‍ നിര്‍ണായക വഴിത്തിരിവായി ഈ കണ്ടെത്തല്‍ മാറിയിരിക്കുകയാണ്. മാണി കണ്ടിട്ടേയില്ലെന്ന് പറഞ്ഞ ബാറുടമകള്‍ ഒരേ ടവര്‍ ലൊക്കേഷനിലെത്തിയതും ക്ലിഫ് ഹൗസിന്റെ ഗേറ്റ് കടന്നെത്തിയതും കണ്ടെത്തിയതാണ് മാണിയുടെ വസതി പരിശോധിക്കാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്.

പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ കെ.എം. മാണിയെ വീണ്ടും ചോദ്യംചെയ്യാന്‍ അന്വേഷണസംഘത്തലവന്‍ എസ്.പി സുകേശന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ അനുമതി നല്‍കി. പുതിയ തെളിവുകള്‍ അവലോകനം ചെയ്യുന്നതിനായി ഇന്നലെ രാവിലെ പത്തു മണിയോടെ ചേര്‍ന്ന പ്രത്യേകയോഗത്തിലാണ് മാണിയെ ചോദ്യംചെയ്യാന്‍ തീരുമാനമായത്.

കോഴയാരോപണമുന്നയിച്ച ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു വിജിലന്‍സ് മാണിയുടെ ഔദ്യോഗികവസതിയായ പ്രശാന്തിയില്‍ തെളിവെടുപ്പിനെത്തിയത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ രണ്ടിന്, ബിജു രമേശിന്റെ കെഎല്‍ 01 ബിബി 7878 നമ്പര്‍ കാറില്‍ മാണിയുടെ വസതിയിലെത്തിയെന്നായിരുന്നു അമ്പിളിയുടെ മൊഴി. ഗാര്‍ഡ് റൂമിലെ രജിസ്റ്ററില്‍ കാറിന്റെ നമ്പര്‍ വിജിലന്‍സ് കണ്ടെത്തി.

എന്നാല്‍ ആരോപണം മാണിയുടെ ഓഫീസ് നിഷേധിച്ചു. മന്ത്രിയുടെ വസതിയില്‍ പ്രത്യേക ഔട്ട് പോസ്‌റ്റോ വാഹന രജിസ്റ്റരോ ഇല്ല. മുഖ്യമന്ത്രി ഉള്‍പ്പെടെ ആറു മന്ത്രിമാര്‍ താമസിക്കുന്ന ക്ലിഫ് ഹൗസ് കോമ്പൗണ്ടില്‍ പ്രവേശിക്കുന്നിടത്താണ് ഔട്ട് പോസ്റ്റും രജിസ്റ്ററും സൂക്ഷിച്ചിരിക്കുന്നത്. അതുകീണ്ടുതന്നെ, ബിജുവിന്റെ കാര്‍ ഔദ്യേ?!ാഗികവസതിയിലെത്തിയതിനു തെളിവുണ്ടെന്ന വാദം തെറ്റാണെന്നും ഓഫീസ് പറയുന്നു.

വിജിലന്‍സ് പരിശോധനയെ പറ്റി കെ.എം. മാണി തന്നോട് പരാതി പറഞ്ഞിട്ടില്ല്‌ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളൊട് പ്രതികരിച്ചു.

Scroll To Top