Saturday December 10, 2016
Latest Updates

ബാര്‍ കോഴ; അന്തിമ റിപ്പോര്‍ട്ടില്‍ മാണിക്ക് രക്ഷപെടാന്‍ പഴുതുകള്‍

ബാര്‍ കോഴ; അന്തിമ റിപ്പോര്‍ട്ടില്‍ മാണിക്ക് രക്ഷപെടാന്‍ പഴുതുകള്‍

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കു രക്ഷപെടാന്‍ പഴുതുകള്‍ നല്‍കിയാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുകയെന്നു സൂചന. മാണിക്കെതിരെ കുരുക്കാകുമെന്നു വിലയിരുത്തപ്പെട്ട ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാഫലം തന്നെ മാണിക്ക് രക്ഷപെടാനുള്ള പഴുതാകുമെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.

നുണപരിശോധനക്കിടെ ചോദിക്കപ്പെട്ട ഒരു സുപ്രധാന ചോദ്യവും അതിന് അമ്പിളി നല്‍കിയ ഉത്തരവുമാണ് നിര്‍ണ്ണായക വഴിത്തിരിവാകുമെന്ന് നിയമ വിദഗ്ദര്‍ വിലയിരുത്തുന്നത്. ക്ലിഫ് ഹൗസില്‍നിന്നു പ്ലാസ്റ്റിക് ബാഗ് രാജ്കുമാര്‍ ഉണ്ണിക്ക് എടുത്തുകൊടുത്തിരുന്നോ എന്നായിരുന്നു നുണപരിശോധനയില്‍ അമ്പിളിയോട് ചോദിച്ച ഒരു ചോദ്യം. ഇതിന് അതെ എന്ന ഉത്തരവും അമ്പിളി നല്‍കി. എന്നാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയയാണ് ക്ലിഫ് ഹൌസ്. മാണിയുടേത് ക്ലിഫ് ഹൗസ് വളപ്പിനുള്ളിലെ പ്രശാന്തിയും. അതിനാല്‍ തന്നെ ക്ലിഫ് ഹൌസില്‍ നിന്നും പണം കൈമാറിയെന്ന ഉത്തരം നേരത്തെ അമ്പിളി നല്‍കിയ പ്രശാന്തിയില്‍ നിന്നും പണം കൈമാറുന്നതു കണ്ടുവെന്ന മൊഴിയെ സാധൂകരിക്കില്ലെന്നാണ് വാദം.

നുണ പരിശോധനാ ഫലം കോടതി തെളിവായി അംഗീകരിക്കുന്നതല്ല. അന്വേഷണങ്ങള്‍ക്കിടെ നല്‍കപ്പെടുന്ന സാക്ഷിമൊഴിയുടെ വില മാത്രമേ ഇത്തരം ഫലങ്ങള്‍ക്കുമുള്ളൂ. സാക്ഷികള്‍ കോടതിയില്‍ എന്തു മൊഴി നല്‍കുന്നുവെന്നതാണ് കോടതി തെളിവായി സ്വീകരിക്കുക.

സാഹചര്യത്തെളിവുകളുടെയും നുണപരിശോധനാ ഫലത്തിന്റെയും മാത്രം അടിസ്ഥാനത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടാല്‍ നിയമപരമായി നില നില്‍പ്പുണ്ടാകില്ല. സമ്പൂര്‍ണ്ണമല്ലാത്ത അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ട് കോടതിയെ കൊണ്ട് തള്ളിക്കാനും അണിയറകള്‍ നീക്കങ്ങള്‍ നടക്കുന്നുവെന്നും സൂചനയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ റിപോര്‍ട്ടിന്‍മേല്‍ കുറ്റപത്രം തയ്യാറായില്ലെന്ന കാരണം പറഞ്ഞ് മാണിക്ക് തുടരാന്‍ സാധിക്കും.

ബാറുടമകള്‍ മാണിക്കു പണം കൈമാറി എന്നതിനു മാത്രമേ തെളിവുകള്‍ ശേഖരിക്കാന്‍ വിജിലന്‍സിനു സാധിച്ചിട്ടുള്ളൂ. എന്നാല്‍ പണം മാണി നേരിട്ടു സ്വീകരിച്ചതിനോ, തുകയെത്രയെന്നോ, അത് വിനിയോഗിച്ചതെങ്ങനെയെന്നോ, കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആ തലത്തിലേക്ക് അന്വേഷണം നീങ്ങിയിട്ടുമില്ല. ഈ പഴുത് അടയ്ക്കാതെ റിപ്പോര്‍ട്ടു സമര്‍പ്പിച്ചാല്‍ അത് മാണിക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുമെന്നും നിയമവിദഗ്ധര്‍ പറയുന്നു.

 

Scroll To Top