Monday December 05, 2016
Latest Updates

മണിയുടെ മരണം കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി തയ്യാറെടുപ്പുകള്‍ നടത്തവേയെന്ന് റിപ്പോര്‍ട്ടുകള്‍

മണിയുടെ മരണം കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി തയ്യാറെടുപ്പുകള്‍ നടത്തവേയെന്ന് റിപ്പോര്‍ട്ടുകള്‍

ചാലക്കുടി :കലാഭവന്‍ മണി കരള്‍ മാറ്റശസ്ത്രക്രിയയ്ക്കായി വേണ്ട എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ഗുരുതരമായ കരള്‍ രോഗം പിടിപെട്ട നടന്‍ കലാഭവന്‍ മണി കരള്‍ മാറ്റശസ്ത്രക്രിയയ്ക്കായി ഡോണറെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നത്രെ. മൂന്ന് മാസം മുമ്പായിരുന്നു ഇത്. മസ്തിഷ്‌ക മരണം സംഭവിച്ചയാളുടേതില്‍ നിന്നും ചേര്‍ച്ചയായ കരളാണ് സ്വീകരിക്കാന്‍ കഴിയുക. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള മൃതസഞ്ജീവനി വഴിയാണ് അവയവ കൈമാറ്റം നടത്തുന്നത്.
എറണാകുളത്തെ ഒരു സ്വകാര്യ ആസ്പത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കാവശ്യമായ ക്രമീകരണങ്ങള്‍ നടന്നുവരുകയായിരുന്നു. ചേര്‍ച്ചയുള്ള കരള്‍ ലഭിക്കാന്‍ വളരെ സമയമെടുക്കും. എന്നാല്‍ രോഗം വന്ന ശേഷവും മദ്യപിച്ചതാണ് ജീവിതത്തില്‍ വില്ലനായത്. കരള്‍ രോഗം പിടിപെട്ട വിവരം മണി മോഹന്‍ലാലിനോടാണ് ആദ്യം പറയുന്നത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കൊച്ചിയിലെ ആസ്പത്രിയില്‍ ചികില്‍സ തേടിയത്. ഡോക്ടര്‍മാരോട് മോഹന്‍ലാല്‍ തന്നെയാണ് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നത്.എന്നാല്‍ അപ്രതീക്ഷിതമായി മണി ആസ്പത്രിയിലായതോടെ സിനിമാ ലോകം ഞെട്ടി. മണിയുടെ നില ഗുരുതരമായതോടെ സുഹൃത്ത് നാദിര്‍ഷാ മോഹന്‍ലാലിനെ കാണാന്‍ തൃപ്പുണിത്തുറയില്‍ ഷൂട്ടിംഗ് സൈറ്റില്‍ ചെന്നിരുന്നു. മോഹന്‍ലാല്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. കിട്ടാവുന്ന എല്ലാ ചികില്‍സാ സഹായവും ഉറപ്പാക്കുകയും ചെയ്തു. എന്നാല്‍ നാദിര്‍ഷ വന്ന് പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു.

മരിക്കുന്നതിന് മൂന്നാഴ്ച മുമ്പ് സൂര്യയുടെ സിങ്കം ത്രിയുടെ അണിയറപ്രവര്‍ത്തകര്‍ മണിയെ കാണാന്‍ കൊച്ചിയിലെത്തിയിരുന്നു. ചിത്രത്തിലെ പ്രധാന വില്ലന്റെ വേഷം മണി ചെയ്യണമെന്നാണ് സൂര്യ അടക്കമുള്ളവര്‍ തീരുമാനിച്ചിരുന്നത്. കൊച്ചിയല്‍ അഡ്വാന്‍സുമായി എത്തിയവരെ കാണാന്‍ മണി കൂട്ടാക്കിയില്ല. ഒടുവില്‍ ചാലക്കുടിക്ക് പോകാന്‍ അവര്‍ തയ്യാറായി. എന്നാല്‍ താന്‍ കൊച്ചിക്ക് വരാമെന്ന് പറഞ്ഞ് മണി ഒഴിഞ്ഞുമാറി. ശരീരം ക്ഷീണിച്ചതിനാല്‍ വില്ലന്‍ വേഷം ചെയ്യാന്‍ മണിക്ക് അത്ര ആത്മവിശ്വാസം ഇല്ലായിരുന്നു.

Scroll To Top