Sunday August 20, 2017
Latest Updates

അധ്വാനിച്ചു ജയിച്ച ഇന്ത്യന്‍ കോടീശ്വരിയ്ക്ക് ആദ്യപാഠം അയര്‍ലണ്ടില്‍ നിന്നും 

അധ്വാനിച്ചു ജയിച്ച ഇന്ത്യന്‍ കോടീശ്വരിയ്ക്ക് ആദ്യപാഠം അയര്‍ലണ്ടില്‍ നിന്നും 

പ്രമുഖ ചൈനീസ് മാസികയായ ഹുറൂണ്‍ ഇന്നലെ വെളിപ്പെടുത്തിയ ഒരു കണക്കനുസരിച്ച് അമേരിക്കയോടും ചൈനയോടും ചേര്‍ന്ന് ലോക സമ്പന്നരുടെ പട്ടികയില്‍ 6000 കോടിയിലേറെ സമ്പത്തുള്ള മഹാ കോടീശ്വരന്മാരുടെ വലിയൊരു നിര ഇന്ത്യക്കാരെയാണ് അണിനിരത്തിയിരിക്കുന്നത്. ബില്യണയര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം അമേരിക്കയ്ക്കും രണ്ടാം സ്ഥാനം ചൈനയ്ക്കുമാണ്. ലോകത്തെ ഏറ്റവും സമ്പന്നന്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ആണ്. 1. 2 ലക്ഷം കോടി സമ്പത്തുള്ള മുകേഷ് അംബാനിയാണ് ഇന്ത്യയിലെ മുമ്പന്‍. സണ്‍ ഫാര്‍മയുടെ ദിലീപ് സംഗ്‌വിയാണ് തൊട്ടു പിറകില്‍ (1.02 കോടി). മൂന്നാം സ്ഥാനത്ത് 96,000 കോടി രൂപയുടെ സമ്പത്തോടെ പല്ലോന്‍ജി മിസ്ത്രിയും ടാറ്റാ സണ്‍സും നില്‍ക്കുന്നു. 

ബ്രിട്ടന്റെയും റഷ്യയുടെയും മുന്നില്‍ ചാടിയാണ് ഇന്ത്യ മൂന്നാം സ്ഥാനം കണ്ടത്. ലോകത്തെ 2089 മഹാകോടീശ്വരന്‍മാരില്‍ 97 പേര്‍ ഇന്ത്യയിലാണ്. അതില്‍ 41 പേര്‍ പാരമ്പര്യമായ സ്വത്തുള്ളവരും ബാക്കി 56 പേര്‍ സ്വപ്രയത്‌നത്താല്‍ വളര്‍ന്നവരുമാണ്.

ഇതില്‍ ബയോകോണ്‍ ഉടമ കിരണ്‍ മജുംദാര്‍ ആണ് സ്വന്തമായി അദ്ധ്വാനിച്ചു സിംഹാസനം നേടിയ ഏകവനിതയെന്നാണ് മാസികയുടെ കണ്ടെത്തല്‍.ആധുനീക ഭാരതത്തിലെ ഒരു അത്ഭുതമാണ് ഈ വനിത.1978 ല്‍ അയര്‍ലണ്ടിലെ കോര്‍ക്കിലുള്ള ബയോകോണ്‍ ബയോ കെമിക്കല്‍സ് എന്ന കമ്പനിയുമായി കൂടി ചേര്‍ന്നാണ് ബയോകോണിന്റെ സ്ഥാപനം.കോര്‍ക്കില്‍ നിന്നും ബിസിനസീന്റെ ആദ്യപാഠങ്ങള്‍ പഠിച്ച ശേഷം തുടങ്ങിയ കമ്പനിക്ക് കീഴില്‍ രണ്ട് ഉപകമ്പനികളുണ്ട്. സിന്‍ജീന്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ക്ലിനിജീന്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്നിവയാണ് ഇവ. മികച്ച മരുന്നുകളുടെ ഉല്‍പ്പാദനത്തിനുള്ള ഒരു ശൃംഖലതന്നെ കമ്പനി വികസിപ്പിച്ചിട്ടുണ്ടണ്ട്. 

10biocon10അയലണ്ടിന്റെ ഇന്ത്യയിലെ ഹോണററി കോണ്‍സുല്‍ ജനറല്‍ (ബാംഗ്ലൂര്‍)കൂടിയായ കിരണ്‍ അയര്‍ലണ്ടിലെ മിക്കവാറും എല്ലാ യൂണിവേഴ്‌സിറ്റികളുമായി ബന്ധപ്പെട്ട് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നുണ്ട്.സയന്‍സ് ഫൌണ്ടേഷന്‍ ഓഫ് അയര്‍ലണ്ടിന്റെ ഗവേണിംഗ് ബോഡി അംഗം കൂടിയാണ് ഈ ഇന്ത്യാക്കാരി.

ഇന്ത്യന്‍ വ്യവസായ രംഗത്തെ അനന്യമായ വിജയഗാഥയാണ് ബയോകോണ്‍ ലിമിറ്റഡിന്റേത്. ബാംഗ്ലൂരിലെ ഒരു വാടക വീടിന്റെ ഗരാജില്‍ 10,000 രൂപയുടെ നിക്ഷേപവുമായി കിരണ്‍ മജുംദാര്‍ ഷായെന്ന യുവ സംരംഭക ചങ്കുറപ്പോടെ തുടങ്ങിയ പ്രസ്ഥാനം ഇന്ന് ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനമാണ്. ബയോകോണിന് തുടക്കമിടുമ്പോള്‍ കിരണിന് മുന്നില്‍ വെല്ലുവിളികള്‍ നിരവധിയായിരുന്നു. 25 വയസ് പ്രായമുള്ള ഒരു പെണ്‍കുട്ടി ഇതുവരെ പരീക്ഷിച്ച് വിജയിക്കാത്ത ബിസിനസ് മോഡലുമായി മുന്നോട്ടു വന്നപ്പോള്‍ അതില്‍ വിശ്വാസം അര്‍പ്പിച്ചവരേക്കാള്‍ അവിശ്വസിച്ചവരായിരുന്നു ഏറെ പേരും. ബാങ്കുകള്‍ വായ്പ കൊടുക്കാന്‍ മടിച്ചു. എന്തിന്, വൈദഗ്ധ്യമുള്ള ജീവനക്കാരെ കണ്ടെത്താനും നിയമിക്കാനും ഏറെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നു. ഒരു ബയോടെക്‌നോളജി സംരംഭം കെട്ടിപ്പടുക്കാന്‍ വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ പോലും അന്ന് പരിമിതമായിരുന്നു. അതിനെയെല്ലാം അചഞ്ചലമായ ആത്മവിശ്വാസത്തോടെ മറികടന്ന കിരണ്‍ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ എന്‍സൈമുകള്‍ നിര്‍മിച്ച് അമേരിക്കയിലേക്കും യൂറോപ്പിലേക്കും കയറ്റി അയച്ചു. ഇന്ത്യന്‍ കമ്പനികള്‍ക്കിടയില്‍ ഈ നേട്ടം കരസ്ഥമാക്കിയ പ്രഥമ സ്ഥാനീയര്‍ അങ്ങനെ ബയോകോണായി. 

പിന്നീടൊരു ജൈത്രയാത്രയായിരുന്നു. ലിസ്റ്റിംഗ് നടത്തിയപ്പോഴും ബയോകോണ്‍ ചരിത്രമെഴുതി. മികവുറ്റ സാരഥ്യത്തിന്റെ വേറിട്ട മാതൃകയാണ് കിരണ്‍ മജുംദാര്‍ ഷാ. ഏതാണ്ട് ഒറ്റയ്ക്ക് തന്നെ ബയോകോണ്‍ ലിമിറ്റഡ് കെട്ടിപ്പടുത്ത കിരണ്‍ മജുംദാര്‍ ഷാ ഫോബ്‌സ് മാഗസിന്റെ 2012ലെ ലോകത്തിലെ ഏറ്റവും കരുത്തരായ 100 വനിതകളുടെ പട്ടികയില്‍ 80ാം സ്ഥാനത്ത് എത്തുകയും ചെയ്തു. കാന്‍സര്‍ മുതല്‍ പ്രമേഹം വരെയുള്ള രോഗങ്ങള്‍ക്ക് ചെലവ് കുറഞ്ഞ, ഫലപ്രദമായ മരുന്ന് വികസിപ്പിച്ചെടുത്തിട്ടുള്ള ബയോകോണ്‍ ഗുരുതരമായ സോറിയാസിസ് രോഗത്തിന് പുതിയ മരുന്നും നിര്‍മിച്ചിട്ടുണ്ട്. ജീവകാരുണ്യപ്രവര്‍ത്തന രംഗത്തും വ്യത്യസ്തയായ കിരണ്‍ മജുംദാര്‍ ഷാ സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വരെ സഹായിക്കാന്‍ ബയോകോണ്‍ ഫൗണ്ടേഷന് 2004ല്‍ തുടക്കമിട്ടു. നാരായണ ഹെല്‍ത്ത് സിറ്റി കാംപസില്‍ 1,400 കിടക്കകളുള്ള കാന്‍സര്‍ കെയര്‍ സെന്റര്‍ കിരണ്‍ സ്ഥാപിച്ചു.

കിരണ്‍ മജുംദാര്‍ ഷാ തന്റെ വിജയപാഠങ്ങള്‍ വിവരിക്കുന്നതെങ്ങനെയെന്നു നോക്കാം ….. 

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ന് അഭിമുഖീകരിക്കുന്ന മൂന്ന് പ്രധാന വെല്ലുവിളികള്‍ ഏതെല്ലാമാണ് ?

നമ്മുടെ സമ്പദ്‌വ്യവസ്ഥ പല രംഗങ്ങളിലും വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അവ പരിഹരിക്കാന്‍ കുറുക്കുവഴികളില്ല. തികച്ചും നൂതനമായ പ്രശ്‌നപരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടത്. ഇത്തരം നവീകരണങ്ങള്‍ നടപ്പാക്കാന്‍ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും വേണം. സാമ്പത്തിക രംഗത്ത് വ്യവസ്ഥാപിതമായ മാറ്റമുണ്ടായാല്‍ അത് ഇന്ത്യയെ മികച്ചതും നീതിപൂര്‍വവുമായ, ദീര്‍ഘകാല വികസനത്തിന്റെ പാതയിലെത്തിക്കും. ഇതിനു വേണ്ടത് മൂന്ന് കാര്യങ്ങളാണ്:
a) കൂടുതല്‍ സമര്‍ത്ഥമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക വ്യവസായങ്ങളുടെ നടത്തിപ്പ് എളുപ്പമാക്കുന്നതോടൊപ്പം ഇടപാടുകളുടെ ചെലവു കുറയ്ക്കാനും അനുമതികള്‍ ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാനും ഇത് സഹായിക്കും. നമ്മുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം ഒന്നോ രണ്ടോ ശതമാനം വര്‍ദ്ധിക്കുകയും ചെയ്യും. ആഭ്യന്തരവിദേശ നിക്ഷേപങ്ങളും കൂട്ടണം.

b) സ്റ്റാര്‍ട്ടപ്പ് പദ്ധതികളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുക തൊഴിലവസരങ്ങളുണ്ടാക്കുകയാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളി. വികസന നേട്ടങ്ങള്‍ക്ക് ഇവ കൂടിയേ തീരൂ. നൂതനമായ ആശയങ്ങള്‍ വിജയിക്കുന്ന സംരംഭങ്ങളായി മാറ്റാന്‍ വേണ്ട പ്രോത്സാഹനം നല്‍കിയാല്‍ നമ്മുടെ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ച കൂടുതല്‍ മികച്ചതാകും. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നിര്‍മാണ പദ്ധതികളും സര്‍വീസ് രംഗത്തെ സംരംഭങ്ങളും ആരംഭിക്കാന്‍ വേണ്ട സഹായങ്ങള്‍ നല്‍കണം.

c) ഇ ഗവേണന്‍സ് പ്രചരിപ്പിക്കാനായി സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക ഇന്ത്യയിലെ ഭരണ സംവിധാനം കൂടുതല്‍ കാര്യക്ഷമവും ഉത്തരവാദിത്ത പൂര്‍ണവുമാക്കാന്‍ ഇത് വേണം.

താങ്കളുടെ കമ്പനി വേഗത്തില്‍ വളരാനും മികച്ച നേട്ടങ്ങള്‍ കൈവരിക്കാനും സഹായിച്ച മൂന്ന് കാര്യങ്ങള്‍?
a) നൂതന ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക തികച്ചും പുതിയ ബിസിനസ് തന്ത്രങ്ങളാണ് ബയോകോണിന് മികച്ച ലാഭം നേടിത്തന്നത്. ബൗദ്ധികസ്വത്തിന്റെ കരുത്തോടെ വിപണിയില്‍ കമ്പനിയെ വ്യത്യസ്തമായി അവതരിപ്പിക്കാനും ഞങ്ങള്‍ക്കു കഴിഞ്ഞു.

b) എപ്പോഴും മാറ്റങ്ങള്‍ക്കൊത്ത് നീങ്ങുക എന്‍സൈം കമ്പനി എന്ന പേരിലാണ് ബയോകോണ്‍ തുടങ്ങിയത്. പിന്നീട് കൂടുതല്‍ മൂല്യവര്‍ധനയോടെ ഞങ്ങള്‍ ഫെര്‍മെന്റേഷന്‍ ടെക്‌നോളജിയും ഡി.എന്‍.എ ടെക്‌നോളജിയും ഉപയോഗിച്ചു ഇന്‍സുലിനും മോണോക്ലോണല്‍ ആന്റിബോഡികളും നിര്‍മിച്ചു മൂല്യശ്രേണിയില്‍ കൂടുതല്‍ ഉയരാന്‍ കഴിഞ്ഞു.

c) വിവേകപൂര്‍വം സന്തുലനം ചെയ്യുന്നത് എളുപ്പത്തില്‍ ലാഭം നേടിത്തരുന്ന, റിസ്‌ക് കുറഞ്ഞ ബിസിനസും ദീര്‍ഘകാലത്തെ പരിശ്രമം ആവശ്യമുള്ള റിസ്‌കും ലാഭവും ഏറെയുള്ള ബിസിനസും ഒരുമിച്ച് ചെയ്യുന്നതിലാണ് ബയോകോണിന്റെ വിജയം.

ബയോകോണിലെ ജീവനക്കാര്‍ക്ക് പ്രചോദനം പകരുന്നത് എങ്ങനെയാണ്?

പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവസരം നല്‍കുന്നത് ജീവനക്കാരെ പ്രചോദിപ്പിക്കാന്‍ ഏറെ ഫലപ്രദമാണെന്ന് ഞങ്ങള്‍ കരുതുന്നു. തീരുമാനങ്ങള്‍ എടുക്കുന്നതുള്‍പ്പെടെയുള്ള വലിയ ഉത്തരവാദിത്തങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കും. അവര്‍ക്ക് പ്രചോദനമേകുന്ന അന്തരീക്ഷമാണ് ബയോകോണിലുള്ളത്. ജീവനക്കാരുടെ പ്രകടനം വിലയിരുത്താനും, കഴിവുകള്‍ അംഗീകരിക്കാനും മികച്ച ജീവനക്കാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കാനും ഞങ്ങള്‍ ശ്രദ്ധിക്കുന്നു. 

താങ്കളെ ഏറ്റവും സ്വാധീനിച്ച വ്യക്തികള്‍?

ബിസിനസ് രംഗത്തുനിന്ന് ജെ.ആര്‍.ഡി. ടാറ്റയും ദിലീപ് സാംഗ്‌വിയും നാരായണ മൂര്‍ത്തിയും. ഞാന്‍ ബഹുമാനിക്കുന്ന മറ്റൊരു വ്യക്തി മഹാത്മാഗാന്ധിയാണ്. തന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവബോധം തീവ്രമായിരുന്നു. വെല്ലുവിളികളെ നേരിടുന്ന മാര്‍ഗം തികച്ചും 
വ്യത്യസ്തവും.

ജീവിതവും കരിയറും പഠിപ്പിച്ച മൂന്ന് പാഠങ്ങള്‍ ?
a) പരാജയങ്ങളില്‍ പതറരുത്.പരാജയങ്ങളിലൂടെ ലഭിക്കുന്ന പരിചയസമ്പത്ത് നല്‍കാന്‍ ഒരു വിജയത്തിനും കഴിയില്ല.
b) നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് രൂപം നല്‍കാന്‍ റിസ്‌ക് എടുക്കാന്‍ തയാറാകുക വലിയ നേട്ടങ്ങള്‍ക്കായി വലിയ, യുക്തമായ റിസ്‌കുകള്‍ വേണ്ടിവരും.
c) ബിസിനസില്‍ ധാര്‍മികത വേണം തികച്ചും നീതിപരമായി ബിസിനസ് നടത്തുന്നത് എളുപ്പമല്ല എന്ന് തോന്നാം. പക്ഷേ നമുക്കേറ്റവും സംതൃപ്തി ലഭിക്കുന്നതും അംഗീകാരങ്ങള്‍ നേടിത്തരുന്നതും ഈ മാര്‍ഗം മാത്രമാണ്.

ഈ രംഗത്തെ യുവ മാനേജര്‍മാര്‍ക്ക് നല്‍കാനുള്ള ഉപദേശം എന്താണ് ?

റിസ്‌ക് മാനേജ് ചെയ്യാനും അതിന്റെ കാഠിന്യം കുറയ്ക്കാനും ശ്രമിക്കണം. പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പരാജയസാധ്യത കണക്കിലെടുക്കുക. ഇന്ത്യയിലെ ബിസിനസ് രംഗത്ത് പരാജയങ്ങള്‍ക്കു കൊടുക്കേണ്ട വില താരതമ്യേന കുറവാണ്. അതുകൊണ്ടാണ് നമ്മുടെ രാജ്യം പുത്തന്‍ ആശയങ്ങളുടെ മല്‍സര രൂക്ഷ്മായ കേന്ദ്രമായി മാറിയത്.


Scroll To Top