Tuesday September 26, 2017
Latest Updates

ഡബ്ലിനിലെ മെറ്റേണിറ്റി ആശുപത്രിയെ വിവാദക്കുരുക്കിലാക്കി ബിഷപ്പിന്റെ പ്രസ്താവന ‘കത്തോലിക്കാ നിയമമനുസരിച്ചാകും ആശുപത്രി പ്രവര്‍ത്തനം’

ഡബ്ലിനിലെ മെറ്റേണിറ്റി ആശുപത്രിയെ വിവാദക്കുരുക്കിലാക്കി ബിഷപ്പിന്റെ പ്രസ്താവന  ‘കത്തോലിക്കാ നിയമമനുസരിച്ചാകും ആശുപത്രി പ്രവര്‍ത്തനം’

ഡബ്ലിന്‍ : മെറ്റേണിറ്റി ആശുപത്രിയെ പുതിയ വിവാദത്തിലാക്കി കത്തോലിക്കാ ബിഷപ്പിന്റെ പ്രസ്താവന.ആശുപത്രി നടത്തിപ്പിന്റെ ചുമതലയുള്ള സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിക്ക് കത്തോലിക്കാ സഭയുടെ ചട്ടങ്ങളും നിയമങ്ങളും അനുസരിക്കേണ്ടി വരുമെന്ന പ്രസ്താവനയാണ് എല്‍ഫിന്‍(സ്ലൈഗോ) ബിഷപ്പ് കെവിന്‍ ഡോറന്‍ സണ്‍ഡേ ടൈംസില്‍ നല്‍കിയത്.കത്തോലിക്കാസഭയുടെ കാനോന്‍ നിയമവ്യവസ്ഥകളുടെ ചട്ടക്കൂടുകളില്‍ നിന്നുകൊണ്ട് സ്വതന്ത്രമായ പ്രവര്‍ത്തനം ആശുപത്രിക്ക് സാധ്യമാകില്ലെന്ന എതിരാളികളുടെ വാദത്തിന് കരുത്തു പകരുന്നതാണ് ബിഷപ്പിന്റെ പ്രസ്താവന.

കന്യാസ്ത്രീകള്‍ സെന്റ് വിന്‍സന്റ് ഗ്രൂപ്പിലെ വെറും ഓഹരി ഉടമകള്‍ മാത്രമാണെന്നും അതുകൊണ്ടു തന്നെ സഭാ നിയമങ്ങള്‍ ആശുപത്രി നടത്തിപ്പിനെ ഒരു വിധത്തിലും ബാധിക്കില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസിന്റെ പ്രധാന ന്യായീകരണം. ഇതിന്റെ സാംഗത്യവും ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.
കത്തോലിക്കാ നാമധേയത്തിലുള്ള ഏത് ആരോഗ്യ സംരക്ഷണ സ്ഥാപനത്തിനും സഭാ നിയമങ്ങളും മൂല്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ ഉത്തരവാദിത്വമുണ്ട്.ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ പരാമര്‍ശിച്ച ഫിനഗല്‍ നേതാവ് കോം ബ്രോഫി ആശുപത്രി നടത്തിപ്പു സംബന്ധിച്ച എല്ലാ കാര്യങ്ങളും നിയമപരമായ കരാറുകളുടെയും ധാരണാപത്രങ്ങളുടെയുമൊക്കെ അടിസ്ഥാനത്തിലായിരിക്കുമെന്നു വിശദീകരിച്ചു.

21ാം നൂറ്റാണ്ടിലെ എല്ലാവിധ ആധുനികതയും പ്രദാനം ചെയ്യുന്ന ആശുപത്രിയാണ് ഉദ്ദേശിക്കുന്നത്. അതിനു വേണ്ടുന്ന നിയമപരമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.കരാറിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആശുപത്രിയുടെ ആതുര സേവനങ്ങളെ മതപരവും മറ്റുമായ എല്ലാ ബാധ്യതകളില്‍ നിന്നും ഒഴിവാക്കുന്ന വകുപ്പുകള്‍ അതിലുള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ ഭ്രൂണഹത്യ, രോഗ പ്രതിരോധ മരുന്നു നല്‍കല്‍,ലിംഗനിര്‍ണയം തുടങ്ങിയ സംഗതികള്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ ആശുപത്രി അനുവദിക്കുമോയെന്നു വ്യക്തമാക്കണമെന്ന് ഹോളീസ് സ്ട്രീറ്റ് മെറ്റേണിറ്റി ആശുപത്രിയിലെ മുന്‍ ഡോക്ടര്‍ പീറ്റര്‍ ബൊയ്ലാന്‍ ആവശ്യപ്പെട്ടു.അതേസമയം, ആശുപത്രിയുമായി ബന്ധപ്പെട്ട കരാറിന്റെ പ്രസക്ത ഭാഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസിനെ പ്രതിക്കൂട്ടിലാക്കി ലേബര്‍ സെനറ്റര്‍ ഓധന്‍ ഒ റിയോര്‍ഡെയ്ന്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിട്ടുണ്ട്

Scroll To Top