Thursday December 08, 2016
Latest Updates

മുഖ്യമന്ത്രി സ്ഥാനം ചര്‍ച്ച ഇന്ന് തുടങ്ങും,പിണറായിയ്ക്ക് തന്നെ സാധ്യത

മുഖ്യമന്ത്രി സ്ഥാനം ചര്‍ച്ച ഇന്ന് തുടങ്ങും,പിണറായിയ്ക്ക് തന്നെ സാധ്യത

തിരുവനന്തപുരം:കേരളത്തില്‍ നിന്നും തന്നെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയതോടെ പിണറായി വിജയന്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാവാന്‍ സാധ്യതയേറി.മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ ഇന്നാരംഭിക്കും. വി.എസ്. അച്യുതാനന്ദനാണോ പിണറായി വിജയനാണോ മുഖ്യമന്ത്രിയെന്നതാണു പ്രധാന ചോദ്യം. ഇക്കാര്യത്തില്‍ ഇടതു മുന്നണിയുടെ മൊത്തത്തിലുള്ള അഭിപ്രായം തേടുമെങ്കിലും തീരുമാനം പൂര്‍ണമായും സിപിഎമ്മിന്റേതാവും.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും ഇന്നു തിരുവനന്തപുരത്തെത്തും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും ചര്‍ച്ചകള്‍. പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുകയും തെരഞ്ഞെടുപ്പില്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തതാണു വന്‍ വിജയത്തിനു വഴിയൊരുക്കിയതെന്നു നേതാക്കള്‍ക്കു ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം മൂലം ഈ ഐക്യം തകര്‍ക്കാന്‍ നേതൃത്വം തയാറാകില്ല.
വി.എസ്. അച്യുതാനന്ദന്‍ സ്വയം പിന്മാറിയാല്‍ പിണറായി വിജയന്റെ വഴി എളുപ്പമാവും. മുഖ്യമന്ത്രിയായില്ലെങ്കിലും പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. ഉപമുഖ്യമന്ത്രി പദവും ആഭ്യന്തര വകുപ്പും എന്ന സാധ്യതയെ കുറിച്ചുള്ള ചര്‍ച്ചകളുമുണ്ട്. എന്നാല്‍ ഇത്തരമൊരു നീക്കം പാര്‍ട്ടിയെയും മുന്നണിയെയും ക്ഷീണിപ്പിക്കുമെന്ന അഭിപ്രായമുള്ള സാഹചര്യത്തില്‍ ഈ നിര്‍ദേശം പിണറായി സ്വീകരിച്ചേക്കില്ല.

പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും പിണറായി വിജയനെ അനുകൂലിക്കുന്ന ഭൂരിപക്ഷം പേരും അദ്ദേഹത്തിന്റെ മന്ത്രിസഭാ പ്രവേശം ആഗ്രഹിക്കുന്നുണ്ട്. പിണറായി മുഖ്യമന്ത്രിയാവണം എന്ന അഭിപ്രായവും സജീവം. ഈ സാഹചര്യത്തില്‍ പിണറായിയുടെ അഭിപ്രായത്തിനാവും പാര്‍ട്ടി അംഗീകാരം നല്‍കുക.
മന്ത്രിമാരുടെ എണ്ണം സംബന്ധിച്ചുള്ള ധാരണയും ഇന്നു തുടങ്ങുന്ന യോഗങ്ങളിലുണ്ടാകും. ഒറ്റ അംഗമുള്ള കക്ഷികള്‍ക്കു മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്ന നിലപാടായിരിക്കും സ്വീകരിക്കുക. എന്നാല്‍, സ്വതന്ത്രനാണെങ്കിലും കെ.ടി. ജലീലിനെ മന്ത്രിസ്ഥാനത്തേക്കോ സ്പീക്കര്‍ സ്ഥാനത്തേക്കോ പരിഗണിക്കും. മുഴുവന്‍ ജില്ലകള്‍ക്കും പ്രാതിനിധ്യം നല്‍കുന്ന മന്ത്രിസഭയായിരിക്കും രൂപീകരിക്കുക. വനിതാ മന്ത്രിയുമുണ്ടാകും. കഴിഞ്ഞ തവണ മന്ത്രിമാരായിരുന്ന മുതിര്‍ന്ന നേതാക്കള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക.

എം.എം. മണിയെ പോലുള്ള മുതിര്‍ന്ന നേതാക്കളെയും പരിഗണിക്കും. എന്നാല്‍, കഴിഞ്ഞ തവണ മന്ത്രിയായിരുന്ന ചിലരെ ഒഴിവാക്കും. സിപിഐ, ജെഡിഎസ്, എന്‍സിപി തുടങ്ങിയ കക്ഷികള്‍ക്കു മന്ത്രിസ്ഥാനം നല്‍കിയേക്കും.പതിവ് പോലെ കടന്നപ്പള്ളിയും മന്ത്രിയായേക്കും. മന്ത്രിമാരുടെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.

Scroll To Top