പി. ശ്രീരാമകൃഷ്ണന് കേരളാ നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക്

തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കറായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും പൊന്നാനി എംഎല്‍എയുമായ പി. ശ്രീരാമകൃഷ്ണന് തിരഞ്ഞെടുക്കപ്പെട്ടു.
രാവിലെ ഒന്പതിനു സഭാസമ്മേളന ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 91 നെതിരേ 48 വോട്ടിനാണ് കുന്നത്തുനാട് എംഎല്‍എയായ കോണ്‍ഗ്രസിലെ വി.പി. സജീന്ദ്രനെ ശ്രീരാമകൃഷ്ണന് പരാജയപ്പെടുത്തിയത്.
സ്വതന്ത്ര അംഗം പിസി ജോര്‍ജ് വോട്ടു രേഖപ്പെടുത്താതെ ബാലറ്റ് പേപ്പര്‍ വാങ്ങി മടക്കി നിക്ഷേപിച്ചു. ഇതോടെ അദ്ദേഹത്തിന്റെ വോട്ട് അസാധുവായി മാറി.
ഇതേസമയം, ബിജെപി അംഗം ഒ രാജഗോപാലിന്റെ വോട്ട് ഭരണപക്ഷത്തിനു ലഭിച്ചതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും പിന്തുണ ആവശ്യമില്ലെന്നു സിപിഎമ്മും കോണ്‍ഗ്രസും ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിയെ നോക്കി മനസ്സാക്ഷി വോട്ടു രേഖപ്പെടുത്തുമെന്നും രാജഗോപാലും പിസി ജോര്‍ജും രാവിലെ പറഞ്ഞിരുന്നു.
രഹസ്യബാലറ്റാണ് നടത്തിയത്. സ്പീക്കര്‍ സ്ഥാനാര്‍ത്ഥികളും വോട്ടു ചെയ്തു.
പുതിയ സ്പീക്കറെ വേദിയിലേക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ആനയിച്ചു. പ്രോട്ടെം സ്പീക്കര്‍ എസ്. ശര്‍മ കസേര പുതിയ സ്പീക്കര്‍ക്കായി മാറിക്കൊടുക്കുകയും ചെയ്തതോടെ പതിനാലാം സഭയുടെ നാഥനായി ശ്രീരാമകൃഷ്ണന് നിയോഗിക്കപ്പെടുകയായിരുന്നു.
പുതിയ സ്പീക്കറെ അനുമോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സഭ പിരിഞ്ഞു. ഇനി ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനും പുതിയ സര്‍ക്കാരിന്റെ ബജറ്റിനുമായി ജൂണ്‍ 24ന് സഭ വീണ്ടും ചേരും.