Tuesday December 06, 2016
Latest Updates

യെമനില്‍നിന്നുള്ള മലയാളികളെ കൊച്ചിയിലെത്തിച്ചു; കൂടുതല്‍ ആളുകളെ രക്ഷിക്കാനുള്ള നീക്കം തുടരുന്നു

യെമനില്‍നിന്നുള്ള മലയാളികളെ കൊച്ചിയിലെത്തിച്ചു; കൂടുതല്‍ ആളുകളെ രക്ഷിക്കാനുള്ള നീക്കം തുടരുന്നു

കൊച്ചി: ആഭ്യന്തര യുദ്ധത്തില്‍ കലുഷിതമായ യെമനില്‍നിന്ന് രക്ഷപ്പെടുത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ ആദ്യസംഘം കൊച്ചിയിലെത്തി. വ്യാഴാഴ്ച്ച പുലര്‍ച്ചെ 1.40നാണ് പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. 151 മലയാളികളടക്കം 168 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യോമസേനയുടെ സി 178 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിലാണ് ഇവരെ യെമനില്‍നിന്നും നാട്ടിലെത്തിച്ചത്.

യെമനില്‍നിന്നെത്തിയ സംഘത്തെ സ്വീകരിക്കാന്‍ പ്രവാസികാര്യത്തിന്റെ ചുമതലയുള്ള മന്ത്രി കെ.സി. ജോസഫ്, പൊതുമരാമത്ത മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, എറണാകുളം ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവരുണ്ടായിരുന്നു.

സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നാവികസേനയുടെ കപ്പലില്‍ ജിബോട്ടയില്‍ എത്തിച്ചവരെയാണ് വ്യാഴാഴ്ച്ച പുലര്‍ച്ചയോടെ കൊച്ചിയിലെത്തിച്ചത്.

ജോലി സ്ഥലത്ത്‌നിന്നും ശമ്പളം പോലും മേടിക്കാന്‍ സാധിക്കാതെ നാട്ടിലേക്ക് പോന്ന നേഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് ആദ്യഘട്ട സഹായമെന്ന നിലയില്‍ രണ്ടായിരം രൂപ വീതം പോക്കറ്റ് മണി നല്‍കി. മന്ത്രി കെ.സി. ജോസഫ് ഇന്നലെ വൈകിട്ട് പ്രഖ്യാപിച്ചത് അനുസരിച്ചാണ് വിമാനത്തില്‍ വന്നിറങ്ങിയവര്‍ക്ക് രണ്ടായിരം രൂപ വീതം നല്‍കിയത്. പ്രവാസികളെ അവരവരുടെ വീടുകളിലെത്തിക്കാന്‍ രണ്ടു കെഎസ്ആര്‍ടിസി ബസുകളും ഏര്‍പ്പെടുത്തിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളെ സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ അവരുടെ നാട്ടിലേക്ക് അയച്ചു. യെമനില്‍നിന്നെത്തിയവര്‍ക്ക് ഇന്ത്യന്‍ റെയില്‍വെയും സൗജന്യ യാത്ര ഓഫര്‍ ചെയ്തിട്ടുണ്ടായിരുന്നു.

യെമനില്‍നിന്നുള്ള ഒരുസംഘം മാത്രമാണ് എത്തിയിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ആയിര കണക്കിന് ഇന്ത്യക്കാര്‍ ഇനിയും അവിടെയുണ്ട്. അവരെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് സന വിമാനത്താവളത്തില്‍ ഇറങ്ങാനും യെമന്‍ എയര്‍സ്‌പെയിസിലൂടെ യാത്ര ചെയ്യാനും സൗദി സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണ് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായി നില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദി രാജാവുമായി കഴിഞ്ഞ ദിവസം ടെലഫോണില്‍ സംഭാഷണം നടത്തിയിരുന്നെങ്കിലും ഇന്ത്യക്ക് അനുകൂലമായ രീതിയില്‍ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. അതിനിടെ അന്യനാട്ടുകാരെ യെമനില്‍നിന്ന് രക്ഷിച്ചുകൊണ്ടു പോകാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഹൂത്തികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. അന്യനാട്ടുകാരായ ആളുകള്‍ യെമനില്‍നിന്ന് ഒഴിഞ്ഞാല്‍ സൗദി കരയാക്രമണം തുടങ്ങുമെന്ന ഭയമാണ് ഹൂത്തികളുടെ ഈ നിലപാടിന് പിന്നില്‍

Scroll To Top