Tuesday August 22, 2017
Latest Updates

യമന്‍ :പരിക്കേറ്റ പട്ടാളക്കാരെ ശിശ്രൂഷിക്കാന്‍ നൂറുകണക്കിന് മലയാളി നഴ്‌സുമാരെ തടഞ്ഞു വെച്ചിരിക്കുകയാണെന്ന് കൊച്ചിയിലെത്തിയ യാത്രക്കാര്‍ 

യമന്‍ :പരിക്കേറ്റ പട്ടാളക്കാരെ ശിശ്രൂഷിക്കാന്‍ നൂറുകണക്കിന് മലയാളി നഴ്‌സുമാരെ തടഞ്ഞു വെച്ചിരിക്കുകയാണെന്ന് കൊച്ചിയിലെത്തിയ യാത്രക്കാര്‍ 

നെടുമ്പാശേരി: യുദ്ധം കൊടുമ്പിരികൊണ്ട യമനില്‍ കുടുങ്ങി കിടക്കുന്ന മൂവായിരത്തിലധികം മലയാളികളില്‍ കൂടുതലും നഴ്‌സുമാരാണെന്നും അവര്‍ക്ക് എന്തും സംഭവിക്കാവുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ അവിടെയുള്ളതെന്നും യമനില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍. ഇന്നലെ പുലര്‍ച്ചെ നെടുമ്പാശേരിയില്‍ എത്തിയ 80 അംഗ സംഘത്തില്‍ ഭൂരിഭാഗം പേരും യമനില്‍ അവശേഷിക്കുന്ന മലയാളികളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കയാണ് പങ്കുവച്ചത്.

കഴിഞ്ഞ 24 വര്‍ഷമായി യമനില്‍ കഴിയുന്ന കേച്ചേരി സ്വദേശി യൂസഫ് അലി എന്നയാള്‍ ഇത്രയും ഭീകരമായ ഒരു കാഴ്ച ഇതിനു മുമ്പ് കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. 4000 പേരാണ് സനയില്‍ ഉണ്ടായിരുന്നത്. ഇതില്‍ പരമാവധി 500 പേരെയാണ് പുറത്തേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുള്ളത്. സനയില്‍ ഇപ്പോള്‍ ശരിക്കും യുദ്ധമാണ് നടക്കുന്നതെന്ന് യൂസഫ് അലി വ്യക്തമാക്കി. കുടുങ്ങി കിടക്കുന്ന മലയാളികളില്‍ 90 ശതമാനവും നഴ്‌സുമാരാണ്. ഇവര്‍ വെടിയുണ്ടകള്‍ക്കും ബോംബിനും ഇടയിലാണ്. ചീറിപ്പായുന്ന മിസൈല്‍ എവിടെയും കാണാം.

നഴ്‌സുമാരെ ആസ്പത്രിക്കാര്‍ പുറത്തു വിടുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. ആസ്പത്രിയില്‍ നിറഞ്ഞുകിടക്കുന്ന പരിക്കേറ്റ പട്ടാളക്കാരെ പരിചരിക്കാന്‍ മലയാളി നഴ്‌സുമാരുടെ ജീവന്‍ പണയംവച്ചുള്ള കളിയാണ് അവിടെ നടക്കുന്നത്. സനയില്‍ നിന്നും നേരിട്ട് ആര്‍ക്കും രക്ഷപ്പെടാനാവില്ല. ദക്ഷിണാഫ്രിക്കയിലെ ജിബൂട്ടി വിമാനത്താവളത്തില്‍ എത്തിച്ചേരണം. മാര്‍ഗമധ്യേ എവിടെ വച്ചും ജീവന്‍ അപായപ്പെടാവുന്ന സ്ഥിതിയുണ്ട്. യമനില്‍ ജോലിക്ക് പോയ യൂസഫ് അലി ഇപ്പോള്‍ അവിടെ നമസ്‌കാര്‍ എന്നൊരു സ്ഥാപനം നടത്തുകയാണ്. അതെല്ലാം ഇട്ടൊഴിഞ്ഞാണ് അദ്ദേഹം പോന്നിട്ടുള്ളത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും യമനിലെ ഇന്ത്യന്‍ എംബസിയുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനത്തെ അദ്ദേഹം പ്രശംസിച്ചു.

യമന്‍ കലാപം ഇപ്പോള്‍ സൌദി അറേബ്യയുടെ അഭിമാന പ്രശ്‌നമായി മാറിയിട്ടുണ്ടെന്ന് കഴിഞ്ഞ 20 വര്‍ഷമായി അവിടെ എ സി മെക്കാനിക്കായി ജോലിയില്‍ തുടരുന്ന തിരുവല്ല സ്വദേശി എം. ജോര്‍ജ് അഭിപ്രായപ്പെട്ടു. സൌദിക്ക് പിന്‍മാറാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതില്‍ അവര്‍ക്ക് ജയിച്ചേ പറ്റൂ. പരാജയം അറബ് രാജ്യങ്ങളില്‍ സൌദിക്കുള്ള മേധാവിത്വം നഷ്ടപ്പെടുത്തും. ഇത് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. സനയിലെ അല്‍ത്തോറ മിലിറ്ററി ആസ്പത്രിയില്‍ നഴ്‌സുമാരെ ബലം പ്രയോഗിച്ച് പിടിച്ച് നിര്‍ത്തുകയാണെന്ന് അവിടെ ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശി നിജോ ജോസഫ് പറഞ്ഞു. പാസ്‌പോര്‍ട്ടും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും ഇവര്‍ ആര്‍ക്കും കൊടുക്കുന്നില്ല.YE NUR

280 മലയാളി നേഴ്‌സുമാര്‍ ഇവിടെയുണ്ടെന്ന് തിരുവല്ല സ്വദേശി ജിനിയും അങ്കമാലി സ്വദേശി ജിനുവും പറഞ്ഞു. നിങ്ങള്‍ പുറത്തിറങ്ങിയാല്‍ ഭീകരര്‍ വെടിവച്ചു കൊല്ലുമെന്ന് ആസ്പത്രി അധികൃതര്‍ ഭീഷണിപ്പെടുത്തുകയാണത്രേ. പട്ടാളക്കാര്‍ തോക്കുമായി ചുറ്റും നില്‍ക്കുന്ന ഈ ആസ്പത്രിക്കുനേരെ ഏതു സമയവും ആക്രമണം ഉണ്ടാകുമെന്നാണ് നഴ്‌സുമാര്‍ അഭിപ്രായപ്പെടുന്നത്.സനയിലെ അല്‍തോറ ആസ്പത്രിയില്‍ 1000 ത്തോളം മലയാളി നേഴ്‌സുമാര്‍ ഉണ്ടെന്ന് കോട്ടയം സ്വദേശി ജിന്‍സി പറഞ്ഞു. ഇതില്‍ 28 പേര്‍ മാത്രമാണ് രക്ഷപ്പെട്ടിട്ടുള്ളത്.

പാസ്‌പോര്‍ട്ട് തിരിച്ചു കിട്ടാത്തതാണ് ഇവിടെ പ്രധാന പ്രശ്‌നം. ഇതേ ആസ്പത്രിയില്‍ നിന്നും എത്തിയ കോട്ടയം സ്വദേശി ചിന്നുവും, കുറവിലങ്ങാട് സ്വദേശി ജിന്‍സിയും ഭീകരതയുടെ മുഖം കൂടുതല്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി തങ്ങള്‍ക്ക് അവിടെ ഉറക്കമില്ലാത്ത രാവുകളായിരുന്നു. വെടിയൊച്ചയുടെ മുഴക്കം ആസ്പത്രിക്ക് ചുറ്റും എപ്പോഴും ഉണ്ടായിരുന്നു. ജീവന്‍ പണയം വച്ചുള്ള ആ കിടപ്പിന്റെ ഞെട്ടലില്‍ നിന്നും തങ്ങള്‍ ഇപ്പോഴും പൂര്‍ണ മുക്തരായിട്ടില്ല. രണ്ടു വയസുള്ള മകള്‍ രഹനയുമായി വന്ന ചെന്നൈക്കാരായ രാഘവേന്ദ്രന്‍ സുവര്‍ണ്ണ ദമ്പതികളും മംഗലാപുരം സ്വദേശി രാജേഷും സനയിലെ സ്ഥിതി വിശേഷം ഓര്‍ക്കാന്‍ പോലും തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ് ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി.

യമനിലെ സ്ഥിതി നിയന്ത്രണാതീതമാണെന്ന് അവിടെ നിന്നും വരുന്നവരെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്ന മന്ത്രി കെ.സി ജോസഫ് പറഞ്ഞു. അല്‍ഖാഇദയുടെ സാന്നിധ്യം കൂടി ആയതോടെ ഭീകരതയുടെ മുഖം കൂടുതല്‍ ഇരുണ്ടു. കഴിഞ്ഞ ദിവസം ചൈനയുടെ കപ്പലിനുനേരെ ഇവര്‍ വെടിവച്ചിരുന്നതായി മന്ത്രി അറിയിച്ചു. ഇന്ത്യയില്‍ നിന്നും അയച്ചിട്ടുളള മൂന്നു കപ്പലില്‍ കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെടും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബംഗലൂരില്‍ പ്രധാനമന്ത്രിയേയും, വിദേശകാര്യ മന്ത്രിയേയും സന്ദര്‍ശിച്ച് അടിയന്തിര നടപടി ആവശ്യപ്പെടുമെന്ന് ജോസഫ് പറഞ്ഞു. ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യം ഒപ്പം ഉണ്ടായിരുന്നു. ജിബൂട്ടിയില്‍ നിന്നും രാത്രി 12.35 ന് വന്ന എയര്‍ ഇന്ത്യയുടെ എ.ഐ 170ാം നമ്പര്‍ ഫ്‌ളൈറ്റില്‍ 330 പേര്‍ ഉണ്ടായിരുന്നു. ഇതില്‍ 80 മലയാളികളും 22 തമിഴ്‌നാട്ടുകാരും മൂന്ന് കര്‍ണാടകക്കാരും ഒരു യു.പി ക്കാരനും കൊച്ചിയില്‍ ഇറങ്ങി. ബാക്കിയുള്ളവരെ മുംബൈക്ക് കൊണ്ടുപോയി.


Scroll To Top