Sunday May 27, 2018
Latest Updates

‘കേരളം: ജീവിക്കാന്‍ കൊള്ളാവുന്ന നഗരം'(ബെന്യാമിന്‍-കേരള പ്പിറവി സ്‌പെഷ്യല്‍ )

‘കേരളം: ജീവിക്കാന്‍ കൊള്ളാവുന്ന നഗരം'(ബെന്യാമിന്‍-കേരള പ്പിറവി സ്‌പെഷ്യല്‍ )

കേരളത്തില്‍ വന്ന് ജീവിക്കണമെന്നത് ഓരോ പ്രവാസിയുടെയും ഒടുങ്ങാത്ത സ്വപ്നമാണ്. എന്നാല്‍ അങ്ങനെ ഒരു സ്വപ്നം കേരളത്തില്‍ ജീവിക്കുന്ന ആരെങ്കിലുമായി പങ്കു വച്ചാല്‍ ഉടന്‍ അവര്‍ നമ്മെ നിരുത്സാഹപ്പെടുത്തും. കേരളത്തില്‍ സ്ഥിരമായി ജീവിച്ചു വന്നവരെക്കാള്‍ ഏറെക്കാലം പ്രവാസജീവിതം കഴിഞ്ഞു വന്നവരാണ് ആ നിരുത്സാഹപ്പെടുത്തലില്‍ മുന്നില്‍ നില്ക്കുന്നത്. കേരളം ആര്‍ക്കും ജീവിക്കാന്‍ കൊള്ളാത്ത ഒരു സ്ഥലമാണെന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ അവര്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടേയിരിക്കും

കേരളം ഒരു മോശം സ്ഥലമായും കേരളത്തിലെ ജനത ഒരു മോശം സമൂഹമായും ചിത്രീകരിക്കപ്പെട്ടതിനു മുഖ്യകാരണക്കാര്‍ മാധ്യമങ്ങള്‍ ആണെന്ന് പറയേണ്ടി വരും. നമ്മുടെ നന്മകള്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ സമയം നാം നമ്മുടെ തിന്മകള്‍ പറയാന്‍ ചിലവഴിച്ചു കഴിഞ്ഞു. സ്വയം ജാഗ്രതപ്പെടലിന്റെ ഭാഗമായാണ് നാം നമ്മെ ഇങ്ങനെ തരംതാഴ്ത്താന്‍ ശ്രമിച്ചത് എന്നു തോന്നുന്നു.

കേരളത്തിലെ അസമാധാന കാലങ്ങള്‍ പറഞ്ഞ് അവര്‍ നമ്മെ ഭീഷണിപ്പെടുത്തും. വര്‍ദ്ധിക്കുന്ന ജീവിച്ചെലവിനെ ഓര്‍മ്മിപ്പിച്ച് ആശങ്കയിലാഴ്ത്തും. രാഷ്ട്രീയക്കാരുടെ കുബുദ്ധികളെക്കുറിച്ച്, സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതികളെക്കുറിച്ച്, പോലീസിന്റെ പക്ഷപാതങ്ങളെക്കുറിച്ച്, നാട്ടുകാരുടെ കുശുമ്പുകളെക്കുറിച്ച്, കറന്റില്ലാത്ത രാത്രികളെക്കുറിച്ച്, മാലിന്യം നിറഞ്ഞ തെരുവുകളെക്കുറിച്ച്, രോഗബാധിതമായ മഴക്കാലങ്ങളെക്കുറിച്ച് ഒക്കെ അവര്‍ നമ്മോട് വാതോരാതെ സംസാരിക്കുകയും എത്ര കാലം പ്രവാസഭൂമിയില്‍ ജീവിക്കാമോ അത്രയും കാലം അവിടെ തന്നെ തുടരാന്‍ ഉപദേശിക്കുകയും ചെയ്യും.

ഭീതിയോടെ, നിരാശയോടെ, സങ്കടത്തോടെ ഒക്കെയാണ് ഓരോ പ്രവാസിയും തന്റെ അവധിക്കാലം കഴിഞ്ഞ് മടങ്ങിപ്പോവുക. തനിക്കു കൂടി ജീവിക്കാന്‍ കൊള്ളാവുന്ന ഒരു കേരളം സംജാതമാകുന്ന നല്ല കാലത്തിനെ സ്വപ്നം കണ്ടുകൊണ്ട്

സത്യത്തില്‍ അത്രയ്ക്കും ജീവിക്കാന്‍ കൊള്ളാത്ത ഒരു ഭൂമിയാണോ നമ്മുടെ കേരളം? കേരളത്തില്‍ ജീവിക്കുന്നവര്‍ മുഴുവന്‍ മനസ്സാക്ഷിയില്ലാത്തവരും വഞ്ചകരും കുബുദ്ധികളുമാണോ? ഞാന്‍ എന്റെ ഓരോ വരവിലും കേരളത്തെ അങ്ങനെ വിമര്‍ശനബുദ്ധിയോടെ നിരീക്ഷിക്കാനും പഠിക്കാനും ശ്രമിച്ചിട്ടുണ്ട്.

എന്നാല്‍ അത്തരമൊരു തോന്നല്‍ ഒരുകാലത്തും എന്റെ മനസില്‍ കുടിയേറിയിട്ടില്ല. എന്നുമാത്രമല്ല ജീവിക്കാന്‍ കൊള്ളാവുന്ന ലോകത്തിലെ മികച്ച നഗരങ്ങളില്‍ ഒന്നാണ് കേരളം എന്ന അഭിപ്രായം ഓരോ തവണയും ബലപ്പെട്ടു വരുകയും ചെയ്യുന്നു. (നഗരം, പട്ടണം, ഗ്രാമം എന്നിങ്ങനെയുള്ള അതിര്‍വരമ്പുകള്‍ ഇല്ലാത്ത ഒരു ഇടത്തരം നഗരമാണ് കേരളം എന്ന വിശ്വാസത്തില്‍ നിന്നാണ് നഗരം എന്ന വിശേഷണം.

ശരിയാണ്, നമുക്ക് കുറവുകളുണ്ട്. നമുക്ക് രാഷ്ട്രീയ സങ്കുചിതത്വങ്ങളുണ്ട്. നമുക്ക് ജാതി ചിന്തകളുണ്ട്. നമുക്ക് ഡെങ്കിപ്പനിയും റാകിപ്പറക്കുന്ന കൊതുകുകളും ഉണ്ട്. എന്നാലും മാധ്യമങ്ങള്‍ നമ്മെ പേടിപ്പെടുത്തുന്നതുപോലെ മോശം നഗരമല്ല കേരളം. നന്മയുടെ ഉടവിടങ്ങള്‍ നമ്മില്‍ നിന്ന് ഇനിയും പൂര്‍ണ്ണമായും വറ്റിപ്പോയിട്ടില്ല. എല്ലാ വെട്ടിപ്പിടുത്തങ്ങള്‍ക്കുശേഷവും പച്ചയുടെ ഒരു വലിയ തുരുത്തായി ഇന്നും കേരളം അവശേഷിക്കുന്നു

ഓരോ സംഭവങ്ങളെയും ജാഗ്രതയോടെ നോക്കിക്കാണാനും സമഗ്രമായി വിലയിരുത്താനും നമ്മളിന്നും ബദ്ധശ്രദ്ധരാണ്. അനീതികള്‍ക്കെതിരെ, പൈശാചികതകള്‍ക്കെതിരെ ഇപ്പോഴും ജാഗ്രതയോടെ തുറന്നിരിക്കുന്ന ഒരു കണ്ണ് നമുക്കുണ്ട്.

കലാപങ്ങളുടെയും ബോംബ് സ്‌ഫോടനങ്ങളുടെയും വംശീയ വിദ്വേഷങ്ങളുടെയും വെറിപിടിച്ച പല നഗരങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ ഇന്നും നമ്മുടെ കേരളം ഒരു സ്വര്‍ഗ്ഗം തന്നെയാണ് എന്ന് സമ്മതിക്കേണ്ടി വരും

ബസിനടിയില്‍ അകപ്പെട്ടുപോയ ഒരു ആട്ടിന്‍കുട്ടിയെ രക്ഷിക്കാനായി തന്റെ ബൈക്കുപേക്ഷിച്ചു പോയ ചെറുപ്പക്കാരന്‍, കുട്ടികളെ വഴി മുറിച്ചുകടക്കാന്‍ സഹായിക്കുന്ന ട്രാഫിക് പോലീസുകാരന്‍, രാത്രിയാത്രയില്‍ ബസ് സ്റ്റാന്റില്‍ കയറി അവിടെ നില്‍ക്കുന്ന യാത്രക്കാരെക്കൂടി എടുത്തുകൊണ്ടു പോകാമെന്ന്‌ഡ്രൈവറോട് പറയുന്ന കണ്ടക്ടര്‍, വൃദ്ധയായ യാത്രക്കാരിയെ കൈപിടിച്ച് ബസിറക്കി വിടുന്ന കോളേജ്പയ്യന്‍, രാത്രിയുടെ വൈകിയ യാമത്തിലും ധീരതയോടെ തനിച്ച് യാത്ര ചെയ്യുന്ന ചില പെണ്‍കുട്ടികള്‍.. കഴിഞ്ഞ അവധിക്കാലത്ത് കണ്ട ഇത്തരം ചില കാഴ്ചകള്‍, നന്മയും കരുണയും ധീരതയും പൂര്‍ണ്ണമായും വറ്റിപ്പോയവരൊന്നുമല്ല കേരളത്തിലുള്ളവര്‍ എന്ന ചിന്തയെ ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുന്നു

കേരളം ഒരു മോശം സ്ഥലമായും കേരളത്തിലെ ജനത ഒരു മോശം സമൂഹമായും ചിത്രീകരിക്കപ്പെട്ടതിനു മുഖ്യകാരണക്കാര്‍ മാധ്യമങ്ങള്‍ ആണെന്ന് പറയേണ്ടി വരും. നമ്മുടെ നന്മകള്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ സമയം നാം നമ്മുടെ തിന്മകള്‍ പറയാന്‍ ചിലവഴിച്ചു കഴിഞ്ഞു. സ്വയം ജാഗ്രതപ്പെടലിന്റെ ഭാഗമായാണ് നാം നമ്മെ ഇങ്ങനെ തരംതാഴ്ത്താന്‍ ശ്രമിച്ചത് എന്നു തോന്നുന്നുbenyamin

ഇനിയെങ്കിലും നാം ലോകത്തെ നോക്കേണ്ടതുണ്ട്. ഓരോ നഗരങ്ങളില്‍ നിന്നും വരുന്ന ഭീതിപ്പെടുത്തുന്ന വാര്‍ത്തകള്‍ കേള്‍ക്കേണ്ടതുണ്ട്. അപ്പോഴേ നമുക്ക് കേരളം എത്ര സുന്ദരമായ ഭൂമിയാണെന്ന് ബോധ്യമാകൂ.

ബെന്യാമിന്‍

 

Scroll To Top