Friday September 22, 2017
Latest Updates

കേന്ദ്രത്തിന്റെ ട്രോളിങ്ങ് നിരോധനം ലംഘിച്ച് കടലിലിറങ്ങുമെന്ന് മത്സ്യ തൊഴിലാളികള്‍, പിന്തുണയുമായി സംസ്ഥാന സര്‍ക്കാറും

കേന്ദ്രത്തിന്റെ ട്രോളിങ്ങ് നിരോധനം ലംഘിച്ച് കടലിലിറങ്ങുമെന്ന് മത്സ്യ തൊഴിലാളികള്‍, പിന്തുണയുമായി സംസ്ഥാന സര്‍ക്കാറും

കേന്ദ്ര സര്‍ക്കാരിന്റെ 61 ദിവസത്തെ ട്രോളിങ്ങ് നിരോധന ഉത്തരവ് ലംഘിച്ച് കടലില്‍ പോകുമെന്ന് സംസ്ഥാനത്തെ ബോട്ടുടമകളും തൊഴിലാളികളും വ്യക്തമാക്കി. കൊച്ചി, മുനമ്പം, വൈപ്പിന്‍ മേഖലയില്‍ നിന്നു നാനൂറോളം ബോട്ടുകളാണ് മത്സ്യബന്ധനത്തിന് കടലില്‍ പോകാനൊരുങ്ങുന്നത്.

61 ദിവസത്തെ ട്രോളിങ്ങ് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടി സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തന്നെ തള്ളിയിട്ടുണ്ട്. ഈ മാസം 14 മുതല്‍ ജൂലൈ 31 വരെയാണ് സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധനം നടപ്പിലാക്കുകയെന്നാണ് ഫിഷറീസ് മന്ത്രി കെ. ബാബു അറിയിച്ചിരിക്കുന്നത്. ഇതാണ് മത്സ്യ ബന്ധനത്തിനായി കടലില്‍ പോകാന്‍ മത്സ്യ തൊഴിലാളികളെ പ്രേരിപ്പിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാറിന്റെ ട്രോളിങ്ങ് നിരോധനം ആരംഭിക്കുന്ന ജൂണ്‍ 14 വരെ മത്സ്യബന്ധനത്തിന് ബോട്ടുകളിറക്കുമെന്നാണ് ബോട്ടുടമകളുടെയും തൊഴിലാളികളുടെയും സംഘടനകള്‍ നിലപാടെടുത്തിരിക്കുന്നത്. ട്രോളിങ്ങ് നിരോധന കാലത്ത് യന്ത്രവല്‍കൃത ബോട്ടുകളുമായി തീരത്തു നിന്ന് പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനപ്പുറം പോകുന്നതിന് നിരോധനമുണ്ട്.

എന്നാല്‍ തീരത്ത് ചാകരയെത്തുന്ന ജൂണ്‍ ആദ്യ വാരങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ ഇതു പാലിക്കാന്‍ സാധ്യതയില്ല. കടലില്‍ മത്സ്യത്തിന്റെ ലഭ്യതയനുസരിച്ച് മത്സ്യബന്ധനം നടത്തുമെന്ന് ബോട്ടുടമതൊഴിലാളി സംഘനടകള്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയതാണ്. ഇതിനിടെ ട്രോളിങ്ങ് നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളെ തടയുമെന്ന് തീരരക്ഷാ സേനയും വ്യക്തമാക്കിയിട്ടുണ്ട്.

 

Scroll To Top