Sunday December 11, 2016
Latest Updates

പി സി ജോര്‍ജിനെ അയോഗ്യനാക്കി പുറത്താക്കാന്‍ കേരള കോണ്‍ഗ്രസില്‍ നീക്കം

പി സി ജോര്‍ജിനെ അയോഗ്യനാക്കി പുറത്താക്കാന്‍ കേരള കോണ്‍ഗ്രസില്‍ നീക്കം

പി സി ജോര്‍ജിനെ എം എല്‍ എ സ്ഥാനത്തു നിന്നും അയോഗ്യനാക്കി പുറത്താക്കാന്‍ കേരള കോണ്‍ഗ്രസ് (എം) നീക്കം ആരംഭിച്ചു. മുന്‍പ് കേരള കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍ നിന്നും പുറത്താകിയതിന്റെ സമാനമായ രീതിയില്‍ പി.സി. ജോര്‍ജിനെയും കുരുക്കാനാണ് നീക്കം.

ജോര്‍ജ് പുതിയ പാര്‍ട്ടിയുടെ ഭാഗമായെന്നും അരുവിക്കരയില്‍ അദ്ദേഹം സ്ഥാനാര്‍ഥിയെ നിര്‍ത്തിയെന്നും ഇതോടെ 1989ല്‍ ആര്‍.ബാലകൃഷ്ണപിള്ള അയോഗ്യനായതിനു സമാന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു പറഞ്ഞു. ജോര്‍ജിന്റെ നടപടി പാര്‍ട്ടിയില്‍ നിന്നു സ്വയം പുറത്തു പോകുന്നതിനു തുല്യമായി കാണാമെന്നാണ് കേരള കോണ്‍ഗ്രസിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കു പരാതി നല്‍കാനും കേരള കോണ്‍ഗ്രസ് ആലോചിക്കുന്നു.

എന്നാല്‍, ആര്‍.ബാലകൃഷ്ണപിള്ളയെ പുറത്താക്കിയ കാലത്തെ നിയമം മാറിയെന്നും, ഏതെങ്കിലുമൊരു പാര്‍ട്ടി വിപ്പ് ലംഘിച്ചെന്നു തെളിഞ്ഞാല്‍ മാത്രമേ തന്നെ അയോഗ്യനാക്കാന്‍ സാധിക്കുവെന്നും പി.സി. ജോര്‍ജ് പ്രതികരിച്ചു. അരുവിക്കരയില്‍ അഴിമതി വിരുദ്ധമുന്നണിയെന്ന പേരിലാണ് ജോര്‍ജിന്റെ സ്ഥാനാര്‍ഥി മല്‍സരിക്കുന്നത്.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണിയുമായുള്ള പ്രശ്‌നങ്ങളുടെ ഭാഗമായി വിമതസ്വരം ഉയര്‍ത്തിയ ജോര്‍ജിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ജോര്‍ജിനെ പുറത്താക്കാനുള്ള നീക്കങ്ങളും സജീവമായിരുന്നു. അങ്ങിനെ പുറത്താക്കിയാല്‍ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ നിന്നും ജോര്‍ജ്ജ് രക്ഷപെടുകയും എംഎല്‍എ ആയി തുടരുകയും ചെയ്യുമെന്നതിനാല്‍ മാണി വിസമ്മതിക്കുകയായിരുന്നു. അതിനാലാണ് ഇപ്പോള്‍ കൂറുമാറ്റനിരോധന നിയമത്തിന്റെ പരിധിയില്‍ പുറത്താക്കല്‍ നടപടികള്‍ കൊണ്ടുവരുന്നതിനുള്ള സാധ്യതകള്‍ കേരള കോണ്‍ഗ്രസ് തേടുന്നത്.

 

Scroll To Top