Monday January 23, 2017
Latest Updates

ജോര്‍ജിനൊപ്പം കൂടുതല്‍ എം എല്‍ എ മാര്‍ അണിനിരക്കുമെന്ന് സൂചനകള്‍,മുഖ്യമന്ത്രി ചീഫ് വിപ്പിന്റെ രാജി സ്വീകരിച്ചില്ല

ജോര്‍ജിനൊപ്പം കൂടുതല്‍ എം എല്‍ എ മാര്‍ അണിനിരക്കുമെന്ന് സൂചനകള്‍,മുഖ്യമന്ത്രി ചീഫ് വിപ്പിന്റെ രാജി സ്വീകരിച്ചില്ല

തിരുവനന്തപുരം:പി സി ജോര്‍ജിനെതിരെ കെ എം മാണി പരസ്യമായി രംഗത്ത് എത്തിയതോടെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അനൈക്യം കൂടുതല്‍ ശക്തമാകുന്നതായി സൂചനകള്‍.മാണിയുടെ നടപടികള്‍ ഏകപക്ഷീയമാണെന്നും ജോര്‍ജിനെ മാറ്റാന്‍ ആവശ്യപ്പെടെണ്ടതില്ലായിരുന്നു എന്ന നിലപാടിലേയ്ക്ക് കേരളാ കോണ്‍ഗ്രസിലെ തന്നെ കൂടുതല്‍ എം എല്‍ എ മാരും പ്രവര്‍ത്തകരും എത്തുന്നതുമായി റിപ്പോര്‍ട്ടുകളുണ്ട്.

മന്ത്രി പി ജെ ജോസഫ് പോലും വ്യക്തിപരമായി ജോര്‍ജിന് എതിരു നില്‍ക്കാന്‍ ഇടയില്ലെന്നാണ് ജോര്‍ജിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.എം എല്‍ എ മാരായ മോന്‍സ് ജോസഫ്(കടത്തുരുത്തി)ടി യൂ കുരുവിള(കോതമംഗലം)എന്‍ ജയരാജ്(കാഞ്ഞിരപ്പള്ളി)എന്നീ എം എല്‍ എ മാര്‍ മാണിയുടെ ആവശ്യം അനാവശ്യമായിപ്പോയി എന്ന വാദഗതിയിലാണ് എന്നറിയുന്നു.

പി സി ജോര്‍ജിനെ എതിര്‍ക്കുകയെന്നാല്‍ കെ എം മാണിയുടെ അഴിമതിയെ അംഗീകരിക്കുക എന്നതാണ് അര്‍ഥമാക്കുന്നത് എന്നാണ് ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും കരുതുന്നതത്രേ.മാണി അഴിമതി നടത്തിയതായി പാര്‍ട്ടി അണികളും ഇപ്പോള്‍ അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്.ഇതേ തുടര്‍ന്നാണ് പി സി ജോര്‍ജിന് അനുകൂലമായ വികാരം പാര്‍ട്ടി അണികളില്‍ വളരാന്‍ കാരണം.

ജോര്‍ജിന് അനുകൂലമായ വികാരം മുഖ്യമന്ത്രിയ്ക്കും ഭരണമുന്നണി നേതൃത്വത്തിനും മനസിലായതിനെ തുടര്‍ന്നാണ് ഇന്ന് കാര്യങ്ങള്‍ ജോര്‍ജിന്റെ ഹിതത്തിനനുസരിച്ച് മാറ്റപ്പെട്ടത്.

രാവിലെ എട്ടരയ്ക്ക് തുടങ്ങിയ കൂടിക്കാഴ്ച ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടു. രാജി സന്നദ്ധനായാണ് പോയതെങ്കിലും തെറ്റു ചെയ്യാത്ത താന്‍ എന്തി രാജിവയ്ക്കണമെന്ന് ജോര്‍ജ് മുഖ്യമന്ത്രിയോട് ചോദിച്ചതായും വിവരമുണ്ട്. യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷമാകും ജോര്‍ജിന്റെ കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടാകുക. തല്‍ക്കാലം രാജിയില്ലാതെ സമവായത്തില്‍ കൊണ്ടുപോകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. 

രാവിലെ രാജിക്കത്തുമായാണ് ജോര്‍ജ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയത്. രാജിക്കത്ത് മാധ്യമ പ്രവര്‍ത്തകരെ കാണിക്കുകയും ചെയ്തു. കെ.എം. മാണിക്കും കുടുംബത്തിനും മാത്രമേ തന്നോട് എതിര്‍പ്പുള്ളൂ എന്ന് ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. പി.ജെ. ജോസഫ് അടക്കം ആര്‍ക്കും തന്നോട് വിരോധമില്ല. തന്റെ കൂട്ടത്തില്‍ നിന്ന് ആരേയും മാണിക്ക് കിട്ടില്ല. മാണി രാജി വയ്ക്കരുത് എന്നുള്ളത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മാത്രം ആവശ്യമാണ്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് പിന്നിട്ടില്ല. അഴിമതി ആരു കാണിച്ചാലും അവര്‍ക്കെതിരെ സംസാരിക്കുമെന്നും ജോര്‍ജ് പറഞ്ഞു. 

ഫലത്തില്‍ ജോര്‍ജിനെ പുറത്താകണം എന്ന ആവശ്യം മാണിയെ കൂടുതല്‍ കുരുക്കിലേയ്ക്കാണ് നയിക്കുന്നത്.മാണിയും റോഷി അഗസ്റ്റ്യനും,തോമസ് ഉണ്ണിയാടനും മാത്രം ചേര്‍ന്നൊരു ഗ്രൂപ്പായി മാണി ഗ്രൂപ്പ് ചുരുങ്ങുമെന്ന് ചിലര്‍ അടക്കം പറയുന്നതും ഇത് കൊണ്ടാണ്.

Scroll To Top