Friday December 09, 2016
Latest Updates

അണിയറയില്‍ നിന്നും ജോര്‍ജ് നയിക്കും; കേരള കോണ്‍ഗ്രസ് സെക്കുലര്‍ പ്രഖ്യാപനം ഇന്ന്

അണിയറയില്‍ നിന്നും ജോര്‍ജ് നയിക്കും; കേരള കോണ്‍ഗ്രസ് സെക്കുലര്‍ പ്രഖ്യാപനം ഇന്ന്

എറണാകുളം:കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും വേര്‍പിരിഞ്ഞ് പഴയ സെക്കുലര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് പഴയ സെക്കുലര്‍ നേതാവായ ടി എസ് ജോണ്‍ പ്രഖ്യാപിച്ചു. യുവജന സംഘടനകള്‍ ഉള്‍പ്പടെ വിവിധ പോഷക സംഘടനകളുടെ ഭാരവാഹികളേയും തീരുമാനിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. കൂറുമാറ്റ നിരോധന നിയമം നിലനില്‍ക്കുന്നതിനാല്‍ പിസി ജോര്‍ജടക്കം നിലവില്‍ ഭരണഘടനാ പദവി വഹിക്കുന്ന ആര്‍ക്കും പുതിയ പാര്‍ട്ടിയുടെ ഭാഗമാകാനാവില്ല.

മുന്‍പുണ്ടായിരുന്ന സെക്കുലര്‍ പാര്‍ട്ടിയിലെ 13 ജില്ലാ പ്രസിഡന്റുമാരും പുതിയ തീരുമാനത്തില്‍ ഒപ്പമുണ്ടെന്ന് ടി.എസ്. ജോണ്‍ പറഞ്ഞു. നേരത്തെ എറണാകുളം ജില്ലാ പ്രസിഡണ്ടായിരുന്ന ഒരാളെ മാത്രമാണ് ഒപ്പം നിര്‍ത്താനാകാഞ്ഞത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ചില മുതിര്‍ന്ന നേതാക്കളും സെക്കുലര്‍ രൂപീകരണത്തില്‍ ഒപ്പമുണ്ടാകും.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ് പഴയ സെക്കുലര്‍ പാര്‍ട്ടി പുതിയ രൂപത്തില്‍ തിരിച്ചുവരുന്നത്. സെക്കുലര്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ച് യുഡിഎഫില്‍ തന്നെ തുടരുമെന്ന് ടി.എസ്. ജോണ്‍ പറഞ്ഞു. കൂറുമാറ്റനിരോധന നിയമപ്രകാരം എംഎല്‍എ സ്ഥാനം നഷ്ടപ്പെടുമെന്നതിനാലാണ് പി.സി. ജോര്‍ജ് സ്വമേധയാ പാര്‍ട്ടി വിട്ട് സെക്കുലറിലേക്ക് പോകാത്തത്. എന്നാല്‍ ടി എസ് ജോണിനെ മുന്നില്‍ നിര്‍ത്തി സെക്യുലര്‍ പാര്‍ട്ടിയെ ജോര്‍ജ് തന്നെയായിരിക്കും നയിക്കുക.

എന്നാല്‍ ജോര്‍ജും കൂടെയുള്ളവരും യുഡിഎഫിന് ഭീഷണിയാവില്ല എന്ന് പുതിയ നിയമസഭാ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.

 

Scroll To Top