Wednesday March 21, 2018
Latest Updates

ഇനി എന്നാണ് കേരളാ കോണ്‍ഗ്രസ് നന്നാവുക ?

ഇനി എന്നാണ് കേരളാ കോണ്‍ഗ്രസ് നന്നാവുക ?

അരനൂറ്റാണ്ട് പിന്നിട്ട കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഓരോ തെരഞ്ഞെടുപ്പ്‍ കാലവും പിളര്‍പ്പിന്റേതുകൂടിയാണ്. കേരള കോണ്‍ഗ്രസുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഓരോ പിളര്‍പ്പും അവര്‍ക്ക് നേട്ടമേ ഉണ്ടാക്കിയിട്ടുള്ളൂ. പുറത്തുവരുന്ന നേതാവിനൊപ്പം ചേര്‍ത്ത് പുതിയ പാര്‍ട്ടിയുടെ പേര് രൂപപ്പെടുകയെന്ന പതിവ് കൂടി തെറ്റിച്ചാണ് ഇത്തവണ സ്ഥാപക നേതാവ് കെഎം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജും സംഘവും പിജെ ജോസഫിന്റെ പേരിലുള്ള ഗ്രൂപ്പും പാര്‍ട്ടിയും പുനരുജ്ജീവിപ്പിക്കുന്നത്. ഒപ്പം പിജെ ജോസഫ് ഇല്ലെന്ന അസാധാരണ സവിശേഷത കൂടിയുണ്ട്. ജോസഫ് ഇല്ലെങ്കിലും ജോസഫിന്റെ അണികളാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

ഇടുക്കിയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യനായ ജന്റില്‍’ പരിവേഷം ഉള്ളത് ഫ്രാന്‍സീസ് ജോര്‍ജിനെ മറ്റു രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നു.ഏതു മുന്നണിയിലും സ്വീകാര്യനാവാന്‍ തികച്ചും അര്‍ഹത അദ്ദേഹത്തിനുണ്ട്.കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ഇത് വരെയും തീര്‍ച്ചയായിട്ടില്ലാത്ത ഒരു നയപരിപാടി രൂപപ്പെടുത്താന്‍ അദ്ദേഹത്തിനായാല്‍ കേരള ചരിത്രത്തില്‍ അതൊരു വഴിത്തിരിവാകും എന്ന് കരുതുന്നവര്‍ ഏറെയുണ്ട്.

വാര്‍ദ്ധ്യക്യത്തിലെത്തിയ മാണിയുടെ കാലശേഷവും പാര്‍ട്ടി നയവും കാര്യപരിപാടികളും ഇല്ലാതെ പോവുമെന്ന ഉറപ്പുള്ളതിനാല്‍ കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് വിട പറയുന്ന യുവ തലമുറയ്ക്ക് പ്രത്യാശ വെയ്ക്കാവുന്ന ഒരു നേതാവ് എന്ന നിലയിലും ഫ്രാന്‍സീസ് ജോര്‍ജ് വ്യത്യസ്ഥനായേക്കും.

സഭയുടെ സമ്മര്‍ദത്തിന് വഴങ്ങി മാണിക്കൊപ്പം പോകാന്‍ പിജെ ജോസഫ് തീരുമാനിച്ചപ്പോള്‍ ഏറെ നഷ്ടം സംഭവിച്ചത് ആ പാര്‍ട്ടിയിലുള്ളവര്‍ക്ക് തന്നെയായിരുന്നു. പിജെ ജോസഫിനല്ലാതെ മറ്റാരും മാണിയുടെ പാളയത്തില്‍ ഗതിപിടിച്ചില്ല.ജനാധിപത്യ ക്രമത്തില്‍ ശേഷി തെളിയിക്കാനുള്ള അവസരം എം പി എന്ന നിലയില്‍ ഇടുക്കിയില്‍ തെളിയിച്ച ഫ്രാന്‍സിസ് ജോര്‍ജിന് പിന്നീട് മത്സരിക്കാനുള്ള സീറ്റ് പോലും ലഭിച്ചില്ല. ഇത്തവണയും അതാവര്‍ത്തിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇനി പുതിയ വഴിയെന്ന് ഫ്രാന്‍സിസ് ജോര്‍ജ് തീരുമാനിച്ചത്. ഏത് രാഷ്ട്രീയപ്രതിസന്ധിയിലും തങ്ങളുടെ ഭാഗം അതിശക്തമായി ന്യായീകരിക്കാന്‍ കഴിയുന്ന ആന്റണി രാജു ഒപ്പമുണ്ടെന്നതാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ ബലം. കെ സുരേന്ദന്‍ പിള്ളയുയര്‍ത്തുന്ന വിഘാതത്തെ ആന്റണി രാജു ഇടതുപാളയത്തില്‍നിന്ന് എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഇനിയുള്ള കൗതുകം.

ജോസഫിന്റെ നിഴലായിരിക്കുന്നു ഇക്കാലമത്രയും ഫ്രാന്‍സിസ് ജോര്‍ജ്. ഒരു പാര്‍ട്ടിയെന്ന നിലയില്‍ ജോസഫ് വിഭാഗത്തില്‍നിന്ന് ഒരു അപശബ്ദവും ഇതിന് മുമ്പ് കാര്യമായി പുറത്തുവന്നിട്ടില്ല. അണികള്‍ അനുസരണയുള്ള കുഞ്ഞാടുകളെ പോലെ ജോസഫിനൊപ്പം ചലിച്ചു. ഇപ്പോള്‍ ്പുതിയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ ആ അണികള്‍ ജോസഫിനൊപ്പം മാണിയുടെ പാര്‍ട്ടിയില്‍ തുടരുമോ എന്നതിനാണ് രാഷ്ട്രീയ പ്രാധാന്യം. മാണിയില്‍നിന്ന് രാജിവെച്ച് ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കുമെന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെയും ആന്റണി രാജുവിന്റെയും പ്രസ്താവനത്തിലെ ശ്രദ്ധേയമായ ഭാഗം ഇരുവരും പിജെ ജോസഫിനെ ഒരു വാക്കുകൊണ്ടോ, മൗനം കൊണ്ടോ നോവിച്ചെല്ലെന്നതാണ്. ആദ്യം പ്രതികരണം അറിയിച്ച ജോസഫിന്റെ സമീപനവും ഇതുതന്നെയായിരുന്നു. അവര്‍ പുറത്തുപോകരുതായിരുന്നു എന്നതില്‍ കവിഞ്ഞ ഒരു വിമര്‍ശനവും പരാതിയും ജോസഫ് ഉന്നയിച്ചില്ല.

പുതിയൊരു പാര്‍ട്ടിയെ നയിക്കാന്‍ താന്‍ പ്രാപ്തനല്ലെന്ന് ഏറ്റവും നന്നായി അറിയുന്നത് പിജെ ജോസഫിന് തന്നെയാണ്. അക്കാര്യം അദ്ദേഹം തന്റെ ഏറ്റവും വിശ്വസ്തരായ ഫ്രാന്‍സിസ് ജോര്‍ജിനെയും ആന്റണി രാജുവിനെയും നേതൃത്വത്തിലുള്ള മറ്റുള്ളവരെയും അറിയിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചാലും ഇല്ലെങ്കിലും ജോസഫിന്റെ രാഷ്ട്രീയ ജീവിതം ഇനിയങ്ങോട്ട് വിശ്രമം എന്നതാണ്. ഒരു പിളര്‍പ്പുമായി വിശ്രമത്തിലേക്ക് പോവുകയെന്നത് ജോസഫിന് താല്‍പര്യമില്ല. കാരണം ജോസഫിന്റെ നേതൃത്വത്തില്‍ പിളര്‍ന്നാല്‍ മോണ്‍സ് ജോസഫിനും ടിയു കുരുവിളയ്ക്കും മാണിയെ വിട്ട് പുറത്തേക്ക് വരേണ്ടിവരും. മോണ്‍സിന്റെ കടുതുരുത്തിയും കുരുവിളയുടെ കോതമംഗലവും മണ്ഡലം പുനര്‍വിഭജനത്തോടെ ഏറെക്കുറെ യുഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളാണ്. തിരികെ എല്‍ഡിഎഫ് പാളയത്തില്‍വന്നാലും ജയിക്കാന്‍ സാധ്യതയില്ലാത്ത ഇടങ്ങള്‍. അതുകൊണ്ടുതന്നെ എല്‍ഡിഎഫ് പാളയത്തില്‍വന്നുള്ള ഒരുപരീക്ഷണത്തേക്കാള്‍ ഇരുവര്‍ക്കും ഇഷ്ടം യുഡിഎഫില്‍ തുടരാനാണ്. എല്ലാവരും ഒപ്പമില്ലാതെ ജോസഫിന് മാണിയെ വിട്ടുവരാനും മടി. ഇക്കാരണത്താലാണ് ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും സ്വീകരിച്ച വഴിയില്‍ ജോസഫ് മാര്‍ഗതടസ്സമില്ലാതെ ഒഴിഞ്ഞുകൊടുത്തത്.

മാണി ഗ്രൂപ്പിലാണ് ജോസഫ് എങ്കിലും തങ്ങള്‍ക്കൊപ്പമാണ് അദ്ദേഹത്തിന്റെ മനസ്സെന്ന് ആന്റണി രാജുവിന്റെയും ഫ്രാന്‍സിസ് ജോര്‍ജിന്റെയും പരാമര്‍ശം അണികളെ ഒപ്പം നിര്‍ത്താനുള്ള മരുന്നാണ്. മാണിയില്‍ അതൃപ്തരായവര്‍ക്കുള്ള വഴി കാണിച്ചുകൊടുക്കല്‍. ജോസഫിന്റെ സൗമ്യതയെ അളവറ്റ് സ്‌നേഹിക്കുന്ന അണികള്‍ക്ക് ഫ്രാന്‍സിസ് ജോര്‍ജിനും ആന്റണി രാജുവിനും പകരക്കാരനാവാനായെങ്കിലാണ് അതാവും പിളര്‍പ്പിന്റെ രാഷ്ട്രീയ വിജയം.

Scroll To Top