Sunday May 28, 2017
Latest Updates

ഇത് ഉചിതമായ ശിക്ഷ :ഇവരെയൊക്കെ ജയിലില്‍ അടയ്ക്കാന്‍ പറ്റില്ലല്ലോ ?

ഇത് ഉചിതമായ ശിക്ഷ :ഇവരെയൊക്കെ ജയിലില്‍ അടയ്ക്കാന്‍ പറ്റില്ലല്ലോ ?

കേരളാ നിയമസഭാ സമ്മേളനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച എം എല്‍ എ മാര്‍ക്ക് നേതൃത്വം കൊടുത്ത അഞ്ചു പേരെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഉചിതമായ നടപടിയായി പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു.നിയമസഭ സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ചു കയറുകയും സ്പീക്കറുടെ കസേര പോലും എടുത്തെറിയുകയും ചെയ്തവര്‍ക്ക് കിട്ടാവുന്നതില്‍ ഏറ്റവും ചെറിയ ശിക്ഷ മാത്രമേ ഇപ്പോള്‍ സഭ നല്‍കിയിട്ടുള്ളൂ.എം എല്‍ എ മാര്‍ ക്രിമിനല്‍ കുറ്റമാണ് നിയമ സഭയില്‍ ചെയ്തതെന്ന് സ്പീക്കര്‍ കഴിഞ്ഞ ദിവസം റൂളിംഗ് നല്‍കിയിരുന്നു. 

ഇതിനിടെ ബജറ്റ് അവതരണ വേളയില്‍ കേരള നിയമസഭയിലുണ്ടായ പ്രതിപക്ഷ പരാക്രമങ്ങളെ ദേശീയഅന്താരാഷ്ട്ര മാധ്യമങ്ങള്‍ കടുത്ത ഭാഷയില്‍ അപലപിച്ചു രംഗത്ത് വന്നു .ഇക്കണോമിക്‌സ് ടൈംസ്, തെഹല്‍ക ഡോട്ട് കോം, ഡി.എന്‍.എ, പോസ്റ്റ് ജാഗരണ്‍, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എന്നീ മാധ്യമങ്ങള്‍, നിയമസഭയില്‍ നടന്ന അതിക്രമങ്ങള്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്തിയെന്നും എല്ലാ സീമകള്‍ ലംഘിച്ചെന്നുമാണ് വിലയിരുത്തിയത്. പ്രതിപക്ഷം സ്പീക്കറുടെ വേദി തകര്‍ത്തത് ഒരു വിധത്തിലും ന്യായീകരിക്കാനാകില്ലെന്ന പറഞ്ഞ മാധ്യമങ്ങള്‍ ഇത് അങ്ങേയറ്റമെന്ന അഭിപ്രായമാണ് പറഞ്ഞത്.

പ്രതിപക്ഷത്തിന്റെ നടപടികളെ വിര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ നല്‍കിയതോടൊപ്പം എഡിറ്റോറിയലിലും രൂക്ഷമായ വിമര്‍ശനമാണ് നടത്തിയിട്ടുള്ളത്.ദേശീയ മാധ്യമങ്ങളെ കൂടാതെ നിയമവിദഗ്ധരും നിഷ്പക്ഷ നിരീക്ഷകരും പ്രതിപക്ഷത്തിന്റെ പേക്കൂത്തിനെ ശക്തമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. സമൂഹമാധ്യമങ്ങളിലെല്ലാം പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കടുത്ത ആക്ഷേപങ്ങള്‍ ഉയരുകയാണ്. എല്ലാ സീമകളും ലംഘിച്ച് നിയമസഭയെ യുദ്ധക്കളമാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രതിപക്ഷത്തിനാണെന്നും അതില്‍ നിന്നും അവര്‍ക്ക് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്നും മാധ്യമരംഗത്ത നിഷ്പക്ഷ നിരീക്ഷകരും പറയുന്നു

രാഷ്ട്രീയ ആരോപണത്തിന്റെ പേരില്‍ ധനമന്ത്രിയെ തടയുന്നതിന് പകരം സഭാധ്യക്ഷനായ സ്പീക്കറെ തടഞ്ഞതും അക്രമിക്കാന്‍ ശ്രമിച്ചതും ഡയസ് തച്ചുതകര്‍ത്തതുമാണ് പ്രതിപക്ഷത്തിന് തിരിച്ചടിയായത്. പ്രതിപക്ഷ എം.എല്‍.എമാരുടെ ഈ നടപടിക്കെതിരെ യാണ് കൂടുതലും വിമര്‍ശനമുയരുന്നത്. സ്പീക്കറുടെ ഡയസ് തകര്‍ത്തതില്‍ പ്രതിപക്ഷത്തെ പ്രധാനകക്ഷികളുടെ ഉന്നത നേതാക്കള്‍ക്കും അമര്‍ഷമുണ്ട്. അതവര്‍ പരസ്യമായി പറയുന്നില്ലെന്ന് മാത്രം. മാണിക്കെതിരായ സമരം സ്പീക്കറുടെ ഡയസ് തകര്‍ക്കുക വഴി വഴിതിരിഞ്ഞുപോയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

നേതാക്കളുണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായി ചില എം.എല്‍.എമാരുടെ പദ്ധതിയാണ് സ്പീക്കറുടെ ഡയസ് തകര്‍ക്കലിലേക്ക് കാര്യങ്ങളെത്തിച്ചത്.ഇ.പി ജയരാജന്‍, വി.ശിവന്‍കുട്ടി, ജെയിംസ് മാത്യു, ഡോ.കെ.ടി ജലീല്‍, കെ.കുഞ്ഞഹമ്മദ് മാസ്റ്റര്‍, പി. ശ്രീരാമകൃഷ്ണന്‍, കെ.അജിത്ത് എന്നീ എം.എല്‍.എമാരാണ് ഡയസ് തകര്‍ക്കുന്നതിനും സ്പീക്കറെ തടയുന്നതിനും നേതൃത്വം നല്‍കിയത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി സമ്മതം മൂളിയതോടെയാണ് ഇവര്‍ ‘ഓപ്പറേഷന്‍’ തുടങ്ങിയത്. എന്നാല്‍ സ്പീക്കര്‍ സഭയിലേക്ക് വരുന്നത് തടയുക എന്ന നിര്‍ദേശമാണ് നേതാക്കള്‍ നല്‍കിയിരുന്നത്.

സ്പീക്കറെ തടയുന്നതിനായി ഡോ. തോമസ് ഐസക്ക്, എ.കെ ബാലന്‍, കെ.രാധാകൃഷ്ണന്‍ എന്നിവരെയും നിയോഗിച്ചിരുന്നു. ഇരിപ്പിടത്തിന് പിന്നിലുള്ള കവാടത്തിലൂടെ എത്തുന്ന സ്പീക്കറെ തടയുക എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഡയസിലേക്ക് എം.എല്‍.എമാര്‍ ഇരച്ചുകയറിയത്. എന്നാല്‍ സ്പീക്കറെ തടയുന്നതോടൊപ്പം ഡയസ് അടിച്ചുതകര്‍ക്കുന്നതിന് നേതൃത്വം നല്‍കിയത് ഇ.പി ജയരാജന്‍, ഡോ.കെ.ടി ജലീല്‍, കെ.കുഞ്ഞഹമ്മദ് മാസ്റ്റര്‍, ശ്രീരാമകൃഷ്ണന്‍, വി.ശിവന്‍കുട്ടി, കെ. അജിത്ത് എന്നിവര്‍ ചേര്‍ന്നാണ്. ഇ.പി ജയരാജനും ജലീലും ശ്രീരാമകൃഷ്ണനും ചേര്‍ന്നാണ് സ്പീക്കറുടെ ഇരിപ്പിടം തകര്‍ത്തെറിഞ്ഞത്.

കുഞ്ഞഹമ്മദ് മാസ്റ്ററാണ് ഡയസിലെ കമ്പ്യൂട്ടറും മൈക്കും തകര്‍ത്ത് വലിച്ചെറിഞ്ഞത്. ഡയസിലെ അഴിഞ്ഞാട്ടത്തില്‍ മുമ്പില്‍ നിന്നത് ജലീലും കുഞ്ഞഹമ്മദ് മാസ്റ്ററും ശിവന്‍കുട്ടിയുമായിരുന്നു. ജലീലും സി.ദിവാകരനും കുഞ്ഞഹമ്മദ് മാസ്റ്ററും ശ്രീരാമകൃഷ്ണനും ഡയസില്‍ കയറിയതുമുതല്‍ വിറളിപിടിച്ച കണക്കെയാണ് അക്രമം തുടങ്ങിയത്. മുതിര്‍ന്ന നേതാവായിട്ടും വാച്ച് ആന്റ് വാര്‍ഡിനെ ദിവാകരന്‍ ആക്രമിച്ചു. ജലീലും കുഞ്ഞഹമ്മദ് മാസ്റ്ററും വാച്ച് ആന്റ് വാര്‍ഡിനെ കയ്യേറ്റം ചെയ്തു. ഈ സമയത്താണ് വി.ശിവന്‍കുട്ടി നടുത്തളത്തില്‍ നിന്ന് ഡയസിലേക്ക് ഓടിക്കയറിയത്. 

ശിവന്‍കുട്ടി എത്തിയതോടെ അക്ഷരാത്ഥത്തില്‍ ഡയസ് യുദ്ധക്കളമായി മാറുകയായിരുന്നു.അധ്യാപകനും ഗവേഷകനുമൊക്കെയായ ഡോ.ജലീലില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത അതിക്രമമാണ് സഭയിലുണ്ടായത്. ഡയസിലേക്ക് ചാടിക്കയറിയതുമുതല്‍ ജലീല്‍ ഉറഞ്ഞുതുള്ളുകയായിരുന്നു. വാച്ച് ആന്റ് വാര്‍ഡിനെ ആക്രമിച്ച ശേഷം സ്പീക്കറുടെ ഇരിപ്പിടം തകര്‍ക്കാനും ജലീലുണ്ടായിരുന്നു. 

. മറ്റൊരധ്യാപകനായ കുഞ്ഞഹമ്മദ് മാസ്റ്ററും സഭ്യമല്ലാത്ത രീതിയിലാണ് പെരുമാറിയത്. മുണ്ട് മടക്കിക്കുത്തി, ഡയസിലെ ഉപകരണങ്ങളെല്ലാം തകര്‍ത്ത് എറിഞ്ഞത് അദ്ദേഹവും ശിവന്‍കുട്ടിയുമായിരുന്നു. സമൂഹത്തിന് വിദ്യയും നല്ല സ്വഭാവവും പഠിപ്പിക്കുന്ന അധ്യാപകര്‍ കൂടിയായ പ്രതിപക്ഷ സാമാജികരുടെ ഗുണ്ടാവിളയാട്ടം കണ്ട് മൂക്കത്തുവിരല്‍ വെക്കുകയാണ് ജനങ്ങള്‍

Scroll To Top