Wednesday November 22, 2017
Latest Updates

ആശങ്കകള്‍ക്ക് വിട നല്‍കി എന്‍ഡ കെന്നി പടിയിറങ്ങി:വിടവാങ്ങല്‍ നാടകീയാന്തരീക്ഷത്തില്‍,വികാരഭരിതനായി ‘എന്നാല്‍ ഇപ്പോള്‍ത്തന്നെ ആയിക്കോട്ടെ’…

ആശങ്കകള്‍ക്ക് വിട നല്‍കി എന്‍ഡ കെന്നി പടിയിറങ്ങി:വിടവാങ്ങല്‍ നാടകീയാന്തരീക്ഷത്തില്‍,വികാരഭരിതനായി ‘എന്നാല്‍ ഇപ്പോള്‍ത്തന്നെ ആയിക്കോട്ടെ’…

ഡബ്ലിന്‍ :നാടകീയത നിറഞ്ഞ വികാരഭരിതമായ അന്തരീക്ഷത്തില്‍ പ്രധാനമന്ത്രി എന്‍ഡ കെന്നി പാര്‍ടിയുടെ നേതൃ പദം ഒഴിഞ്ഞു.ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയ ഉടന്‍ ഫിനഗല്‍ പാര്‍ലമെന്ററി യോഗത്തില്‍ നിന്നും അദ്ദേഹം ഇറങ്ങിപ്പോവുകയും ചെയ്തു.ഒട്ടേറെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടും സ്ഥാനമോഹികള്‍ക്ക് തുറന്ന അവസരം ഒരുക്കിയുമായിരുന്നു ഈ പടിയിറങ്ങല്‍.

സെനറ്റര്‍മാര്‍ ഇദ്ദേഹത്തിന്റെ പ്രഖ്യാപനത്തെ ഹര്‍ഷാരവത്തോടെ സ്വീകരിച്ച എഴുന്നേറ്റുനിന്ന് പ്രശംസിച്ചു. ഇതിനിടെ ‘ഒ.കെ,സുഹൃത്തുക്കളേ,എന്നാല്‍ ഇപ്പോള്‍ അതായാല്‍ നന്നല്ലേ,എന്ന് ഗദ്ഗദകണ്ഠനായി ഒരു വിധം പറഞ്ഞൊപ്പിച്ച് കെന്നി യോഗ സ്ഥലം വിടുകയായിരുന്നു. കെന്നിയുടെ ഈ നടപടിയില്‍ സഹപ്രവര്‍ത്തകരാകെ സ്തംഭിച്ചുപോയി.

ജൂണ്‍ രണ്ടിന് പുതിയ പാര്‍ടി ലീഡര്‍ സ്ഥാനമേല്‍ക്കും.അതേസമയം, പുതിയ ആള്‍ വരുന്നതുവരെ ആക്ടിംഗ് പദവിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ടിഡിമാരുടെയോഗത്തില്‍ കെന്നി പറഞ്ഞു.

അതേസമയം,വഴി തെളിഞ്ഞതോടെ സൈമണ്‍ കോവേനിയും ലിയോ വരദ്കറും പാര്‍ടി നേതൃത്വത്തിലെത്താനും പ്രധാനമന്ത്രിയാകാനുമുള്ള അവരുടെ കളികള്‍ ഊര്‍ജിതമാക്കി.പുറത്തിറക്കിയ പ്രസ്താവനയില്‍ ഭാര്യ ഫിയോന്ന്വാലയ്ക്കും മക്കള്‍ക്കും ബന്ധുക്കള്‍ക്കും തന്റെ കൃതജ്ഞത അറിയിച്ചു.രാജ്യത്തിനായുള്ള രാഷ്ട്രീയത്തിന്റെ കടന്നുകയറ്റത്തിനിടയില്‍ നഷ്ടപ്പെടുത്തിയ വ്യക്തിജീവിത സന്തോഷങ്ങള്‍ക്കിടയിലും എന്നെ മനസ്സിലാക്കാനും കൂടെ നില്‍ക്കാനും അവരുണ്ടായിരുന്നു’.

ആധുനിക ഐറീഷ് ചരിത്രത്തിലെ അത്യുന്നത നേതാവാണ് കെന്നിയെന്ന് സൈമണ്‍ കോവേനി പറഞ്ഞു.പാര്‍ടി തകര്‍ന്നടിഞ്ഞ പശ്ചാത്തലത്തിലാണ് കെന്നി പാര്‍ടിയെ ഏറ്റെടുത്തത്.ലക്ഷ്യബോധത്തോടെയുള്ള നിരന്തരമായ അക്ഷീണയത്നത്തിലൂടെ നമ്മുടെ പാര്‍ടിയെ 2011ലെ പൊതുതിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിച്ചു’-കോവേനി പറഞ്ഞു.

രാജ്യത്തിനും ജില്ലയ്ക്കും പാര്‍ട്ടിക്കുംവേണ്ടി എക്കാലവും നിലകൊണ്ട നേതാവായിരുന്നു കെന്നിയെന്ന് ഫിയന്നഫാള്‍ ലീഡര്‍ മൈക്കിള്‍ മാര്‍ട്ടിന്‍ പറഞ്ഞു.രാജ്യത്തിനു നല്‍കിയ മികച്ച സേവനത്തിന് പാര്‍ട്ടിയുടെ നന്ദിയും മാര്‍ട്ടിന്‍ അറിയിച്ചു.

ഫെനഗലിന്റെ എക്കാലത്തേയും അനന്യസാധാരണനായ പ്രധാനമന്ത്രിയായിരുന്നു കെന്നിയെന്ന് ലിയോ വരദ്കര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് അടുത്ത പൊതു തിരഞ്ഞെടുപ്പിനെ നയിക്കാന്‍ താനുണ്ടാവില്ലെന്ന് കെന്നി പ്രസ്താവിച്ചത്.ആ പ്രഖ്യാപനത്തെ തുടര്‍ന്നു അധികാര സ്ഥാനത്തെത്താന്‍ ബലപരീക്ഷണങ്ങള്‍ തുടങ്ങി. മന്ത്രിമാരായ സൈമണ്‍ കോവേനിയും ലിയോ വരദ്കറുമാണ് ഇപ്പോള്‍ നേതൃ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. അവരില്‍ത്തന്നെ വരദ്കര്‍ക്കാണ് കൂടുതല്‍ സാധ്യതയുള്ളതയെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

Scroll To Top