Saturday December 03, 2016
Latest Updates

സ്വതന്ത്രര്‍ ഫിനഗേലിനെ കൈവിടുന്നു:ഫിയനാഫാളിന്റെ സഹായം തേടുമെന്ന് കെന്നി,ഏതു വിധേനെയും ഭരണം നിലനിര്‍ത്താന്‍ ഭരണകക്ഷി

സ്വതന്ത്രര്‍ ഫിനഗേലിനെ കൈവിടുന്നു:ഫിയനാഫാളിന്റെ സഹായം തേടുമെന്ന് കെന്നി,ഏതു വിധേനെയും ഭരണം നിലനിര്‍ത്താന്‍ ഭരണകക്ഷി

ഡബ്ലിന്‍:സ്വതന്ത്രരുടെ പിന്തുണയോടെ മന്ത്രിസഭ ഉണ്ടാക്കാമെന്ന എന്‍ഡ കെന്നിയുടെയും ഫിനഗേല്‍ പാര്‍ട്ടിയുടെയും ധാരണ പൊളിയുന്നു.സുദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷവും കെന്നിയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന പൊതുവികാരമാണ് സ്വതന്ത്രരില്‍ ഏറെ പേരും പ്രകടിപ്പിച്ചത്.ഇതോടെ ക്ഷുഭിതരായ കെന്നിയുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ സ്വയം അപഹാസ്യരാവരുതെന്ന മുന്നറിയിപ്പും നല്കിയാണ് സ്വതന്ത്രരെ യാത്രയാക്കിയത്.ഇന്നലെ വൈകിട്ട് മാധ്യമങ്ങളെ കണ്ടപ്പോഴും പ്രധാനമന്ത്രി ‘സ്വതന്തര്‍ ഉത്തരവാദിത്വം ഇല്ലാതെ പെരുമാറുകയാണെന്ന ഭാഷയില്‍ പ്രതീകരിച്ചു.

ഇതേ തുടര്‍ന്ന് ഫിനഗേല്‍ പാര്‍ട്ടി അടിയന്തരമായി വീണ്ടും യോഗം കൂടുകയും ഫിയനാഫാളുമായി സഖ്യ സാധ്യതകള്‍ ആരായുകയും ചെയ്തു.ഏതു വിധേനെയും അധികാരത്തില്‍ തുടരാനുള്ള അക്ഷീണ പ്രയത്‌നം എന്ട കെന്നി തുടരുകയാണ്,സഭാനേതാവിനെ നാളെ തിരഞ്ഞെടുക്കേണ്ടതുണ്ട്.

എന്നാല്‍ ഫിയനാഫാള്‍ ഇതേ വരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.ഫിനഗേലുമായി സഖ്യം ചേരുന്നത് രാഷ്ട്രീയമായി ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ് എന്ന നിലപാടിലാണ് മിക്ക ഫിയനാ ഫാള്‍ നേതാക്കളും.ലീഡര്‍ മൈക്കില്‍ മാര്‍ട്ടിന്‍ ഇവരുടെ പക്ഷം ചേരുകയും ചെയ്തിരുന്നു.

പുതിയ സാഹചര്യത്തില്‍ ഷിന്‍ ഫെയിനും സ്വതന്ത്രരും ചെറുപാര്‍ട്ടികളും ഒന്നിച്ചാല്‍ 57 അംഗങ്ങളുടെ പിന്തുണയോടെ ഏറ്റവും വലിയ ഗ്രൂപ്പാവുകയും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കുന്ന ജെറി ആദംസിനു ന്യൂനപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നറുക്ക് വീഴുകയും ചെയ്യുമെന്ന ഭീതി ഫിയനാ ഫാളിനും,ഫിനഗേലിനും ഇപ്പോഴുണ്ട്.അത്തരമൊരു സാഹചര്യം ഒഴിവാക്കാനായി ഇരു കക്ഷികളും ഇന്ന് വീണ്ടും ചര്‍ച്ചകള്‍ ആരംഭിക്കും എന്നാണു സൂചനകള്‍.

ഇരു കക്ഷികളും മന്ത്രിസ്ഥാനം തുല്യമായി വീതിക്കാനാണ് ഒരു നിര്‍ദേശം.ഒപ്പം രണ്ടു കക്ഷികളും പ്രധാനമന്ത്രി സ്ഥാനം തുല്യ കാലാവധിയില്‍ വിഭജിച്ചെടുക്കേണ്ടിയും വരും.അത്തരം ഒരു സാഹചര്യത്തില്‍ മൈക്കില്‍ മാര്‍ട്ടിന്‍ പ്രധാനമന്ത്രിയായി കൊണ്ടുള്ള ഒരു മന്ത്രിസഭ ആദ്യം നിലവിലെത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.ഇങ്ങനെയെങ്കില്‍ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി സ്ഥാനത്ത്എത്താനുള്ള സാധ്യത ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാല്ഡ്,മൈക്കില്‍ നൂനന്‍,സൈമണ്‍ കോണ്‍വേ എന്നിവരില്‍ ആരെങ്കിലും ആയിരിക്കും എന്നും കരുതപ്പെടുന്നു.

ഫിനഗേലിന് അധികാരം വേണമെന്ന നിലപാട് നേതാക്കളും പ്രവര്‍ത്തകരും ഒരേപോലെയാണ് വ്യക്തമാക്കുന്നത്.ഫിയനാഫാള്‍ കനിഞ്ഞാല്‍ മാത്രമേ അത്തരം ഒരു സാധ്യത ഇപ്പോള്‍ നിലവിലുള്ളൂ.അത്തരത്തില്‍ ഭരണഘടനാ പ്രതിസന്ധി ഒഴിവായില്ലെങ്കില്‍ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേയ്ക്ക് പോകാതെ അയര്‍ലണ്ടിന് മറ്റു പോവഴികളില്ല..

Scroll To Top