Friday December 02, 2016
Latest Updates

നാടകാചാര്യന്‍ കാവാലം നാരായണപണിക്കര്‍ അന്തരിച്ചു

നാടകാചാര്യന്‍ കാവാലം നാരായണപണിക്കര്‍  അന്തരിച്ചു

ആലപ്പുഴ: നാടകാചാര്യന്‍ കാവാലം നാരായണപണിക്കര്‍ (88) അന്തരിച്ചു. മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനായ കാവാലം നാരായണപണിക്കര്‍ നാടകകൃത്ത്, കവി, സംവിധായകന്‍, സൈദ്ധാന്തികന്‍ എന്നീ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു. ഭാര്യ ശാരദാമണി. പരേതനായ കാവാലം ഹരികൃഷ്ണന്‍, പ്രശസ്ത പിന്നണിഗായകന്‍ കാവാലം ശ്രീകുമാര്‍ എന്നിവരാണ് മക്കള്‍.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചാലയില്‍ കുടുംബത്തില്‍ ഗോദവര്‍മയുടെയും കുഞ്ഞുലക്ഷ്മി അമ്മയുടെയും മകനായി ജനിച്ച കാവാലം ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട് വഴിമാറി നാടകത്തിലേക്കെത്തിച്ചേര്‍ന്നു. കുട്ടിക്കാലം മുതല്‍ സംഗീതത്തിലും നാടന്‍കലകളിലും തല്‍പരനായിരുന്നു.

സാക്ഷി, അവനവന്‍ കടമ്പ, ദൈവത്താര്‍, കരിങ്കുട്ടി, തിരനോട്ടം, പ്രേമരശ്മി, ഭൂതം, തിരുമുടി, കോയ്മ, തെയ്യത്തെയ്യം, മരുകിടാത്തി തുടങ്ങി ഇരുപതിലേറെ നാടകങ്ങളും കുട്ടികള്‍ക്കായി കുമ്മാട്ടി, ചക്കീചങ്കരം തുടങ്ങി അഞ്ച് നാടകങ്ങളും രചിച്ചു. ഭാസന്റേതുള്‍പ്പെടെ ഒട്ടനേകം നാടകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സോപാനത്തിനുവേണ്ടി പതിനെട്ടിലേറെ നാടകങ്ങളും കേരള കലാമണ്ഡലം, കാളിദാസ അക്കാദമി, നൃത്തലയ ഈസ്‌തെറ്റിക് സൊസൈറ്റി, നാഷണല്‍ സ്‌കൂള്‍ ഒഫ് ഡ്രാമ, യൂനിവേഴ്‌സിറ്റി ഒഫ് വിസ്‌കോണ്‍സില്‍ (അമേരിക്ക) എന്നിങ്ങനെ ഒട്ടേറെ സ്ഥാപനങ്ങള്‍ക്കു വേണ്ടി പത്തിലേറെ നാടകങ്ങളും സംവിധാനം ചെയ്തു.

1975ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു. 2007ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു. 2009ല്‍ വള്ളത്തോള്‍ പുരസ്‌കാരവും ലഭിച്ചു.

Scroll To Top