Tuesday May 22, 2018
Latest Updates

കര്‍ണ്ണാടക :സര്‍ക്കാരുണ്ടാക്കാന്‍ ബിജെ പി യ്ക്ക് ഗവര്‍ണ്ണര്‍ ഒരാഴ്ച സമയം നല്‍കിയേക്കും,ജനതാദളിന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസിന്റെ തീരുമാനം 

കര്‍ണ്ണാടക :സര്‍ക്കാരുണ്ടാക്കാന്‍ ബിജെ പി യ്ക്ക് ഗവര്‍ണ്ണര്‍ ഒരാഴ്ച സമയം നല്‍കിയേക്കും,ജനതാദളിന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസിന്റെ തീരുമാനം 

ബംഗളൂരു: കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി അധികാരത്തില്‍ എത്തുന്നത് തടയുന്നതിന് വേണ്ടി കോണ്‍ഗ്രസ് ജനതാദള്‍ എസുമായി സഖ്യധാരണിയിലെത്തി. തനിച്ച് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ 39 സീറ്റുള്ള ജനതാദള്‍ എസിനെ കൂട്ടുപിടിച്ച് ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് അകറ്റി നിറുത്തകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

അതേ സമയം ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയ്ക്ക് സംസ്ഥാന ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ ഉണ്ടാക്കാനായി ഒരാഴ്ച സമയം നല്‍കിയേക്കാമെന്ന് സൂചനകളുണ്ട് .ഒരാഴ്ചയ്ക്കുള്ളില്‍ ബിജെപി ഭൂരിപക്ഷം തെളിയിക്കണം.

ആദ്യഘട്ടത്തില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടതിലധികം സീറ്റുകളില്‍ ബിജെപിയുടെ ലീഡ് മുന്നോട്ട് കയറിയെങ്കിലും അവസാനഘട്ടത്തില്‍ പ്രതീക്ഷകള്‍ കൂപ്പുകുത്തി 104 സീറ്റുകളെ അവര്‍ക്ക് ലഭിച്ചുള്ളൂ.113 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

അതേ സമയം കോണ്‍ഗ്രസ് ആദ്യഘട്ടത്തിലെ പിന്നോക്കം പോയെങ്കിലും അവസാനഘട്ടത്തില്‍ മുഖം രക്ഷിക്കാനുള്ളത്ര സീറ്റുകള്‍ കഷ്ടിച്ച് ലഭിച്ചതോടെ ഏത് വിധേയനയും ഭരണം നിലനിര്‍ത്താനുള്ള ശ്രമം പാര്‍ട്ടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രി പദം വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. ഇക്കാര്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജെ.ഡി.എസ് അദ്ധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയെ അറിയിച്ചു. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് ആയിരിക്കും. ഒരു ദളിത് നേതാവായിരിക്കും ഉപമുഖ്യമന്ത്രി സ്ഥാനത്ത് എത്തുകയെന്ന് അറിയുന്നു.

ഇന്ന് വൈകിട്ട് തന്നെ കോണ്‍ഗ്രസ് ജെ.ഡി.എസുമൊത്ത് ഗവര്‍ണര്‍ വജുഭായ് വാലയെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചേക്കും. അതേസമയം,ഗുജറാത്തിലെ മുന്‍ സ്പീക്കറും മുന്‍ മന്ത്രിയുമായ വജുഭായ് വാല ഏത് കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്നതാണ് നിര്‍ണായകം. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സാധാരണ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയാണ് പതിവ്. ഇവിടെ എന്ത് നിലപാട് ഗവര്‍ണര്‍ സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഏറ്റവും കൂടുതല്‍ എം.എല്‍.എമാരുള്ള കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ചരിത്രം മുന്പുണ്ട്. എ.ബി.വാജ്പേയ് പ്രധാനമന്ത്രിയായത് അങ്ങനെ ആയിരുന്നു. എന്നാല്‍ അന്ന് 13 ദിവസത്തിന് ശേഷം വാജ്പേയി രാജിവയ്ക്കുകയായിരുന്നു. എന്നാല്‍, അന്തിമ ഫലം വരുന്നത് വരെ ഗവര്‍ണര്‍ ഒരു കക്ഷിയേയും കാണില്ലെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം തങ്ങളുടെ വാഗ്ദ്ധാനം കുമാരസ്വാമി അംഗീകരിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസിന് 20ഉം ദളിന് 14 മന്ത്രിമാരും ഉണ്ടാകുമെന്നാണ് സൂചന. മാത്രമല്ല 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഖ്യവും തുടരാന്‍ ഇരു നേതാക്കളും തമ്മില്‍ ധാരണയായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 76 സീറ്റാണ് കിട്ടിയത്. ജെ.ഡി.എസിന്റെ 39 സീറ്റ് കൂടി ലഭിച്ചാല്‍ കോണ്‍ഗ്രസിന് ആകെ 115 സീറ്റാവും. 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. രണ്ട് സ്വതന്ത്രന്മാരെയും കൂടെ നിറുത്താനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ബി.ജെ.പിക്ക് 104 സീറ്റാണുള്ളത്.

കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ദേവഗൗഡയുമായി ഫോണില്‍ ചര്‍ച്ച നടത്തി. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിറുത്തുന്നതിന് ജെ.ഡി.എസിനെ നിരുപാധികം പിന്തുണയ്ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സോണിയയും അറിയിച്ചിട്ടുണ്ട്. മന്ത്രിമാരെ തീരുമാനിക്കാനുള്ള അവകാശവും നല്‍കാമെന്ന് കോണ്‍ഗ്രസ് ജെ.ഡി.എസിന് ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഭരണത്തിലിരുന്ന കര്‍ണാടകയില്‍ ഇനി അധികാരരാഷ്ട്രീയം ഇല്ലെങ്കിലും സാരമില്ല എന്ന നിലപാടിലാണ് തല്‍ക്കാലം കോണ്‍ഗ്രസുള്ളത്. ബി.ജെ.പി അധികാരത്തില്‍ എത്തുന്നത് എങ്ങനെയും തടയുക എന്നതിനാണ് കോണ്‍ഗ്രസ് പ്രഥമ പരിഗണന നല്‍കുന്നത്. എന്നാല്‍ സര്‍ക്കാരുണ്ടാക്കിയാല്‍ കോണ്‍ഗ്രസിന് ജെ.ഡി.എസ് മന്ത്രിപദം നല്‍കുമെന്നത് ഉറപ്പാണ്.

അതേസമയം, മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണറെ കണ്ട് അവകാശം ഉന്നയിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി പറഞ്ഞു. കുമാരസ്വാമി മുഖ്യമന്ത്രിയാവുമെന്ന് ജെ.ഡി.എസ് വക്താവ് ഡാനിഷ് അലിയും പറഞ്ഞു.

എന്നാല്‍, കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുന്നതിനെ ചെറുക്കാന്‍ ബി.ജെ.പിയും രംഗത്തുണ്ട്. ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല കേന്ദ്രമന്ത്രിമാര്‍ ഉടന്‍ തന്നെ ബംഗളൂരുവിലെത്തും

Scroll To Top