Friday December 09, 2016
Latest Updates

കരിപ്പൂര്‍ വെടിവയ്പ്പ്; സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു, വിമാനതാവളത്തിന് ഇനി കേരള പോലീസിന്റെ സുരക്ഷ

കരിപ്പൂര്‍ വെടിവയ്പ്പ്; സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു, വിമാനതാവളത്തിന് ഇനി കേരള പോലീസിന്റെ സുരക്ഷ

കരിപ്പൂര്‍ വിമാന താവളത്തില്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാരും, സി.ഐ.എസ്.എഫ് ജവാന്മാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വി.ഐ.പി ഗേറ്റിനു സമീപത്തുള്ള സി.സി ടിവി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചത്.

ജീവനക്കാരുടെ സുരക്ഷാ പരിശോധനയെയും പാസിനെയും ചൊല്ലി തര്‍ക്കമുണ്ടാവുന്നതും അതിനിടെ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ സി.ഐ.എസ്.എഫ് ജവാന്‍മാരോട് വഴക്കുണ്ടാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വാക്കു തര്‍ക്കത്തിനിടെ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ സി.ഐ.എസ്.എഫ് എസ്.ഐ സീതാറാം ചൗധരിയെ മര്‍ദ്ദിക്കുന്നതും സി.സി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഘര്‍ഷം രൂക്ഷമാവുന്നതോടെ ഫയര്‍ഫോഴ്‌സ് ജീവനക്കാരെ വിരട്ടാനായി തോക്കെടുക്കുന്ന എസ്.ഐയെ മരിച്ച ജവാന്‍ എസ്.എസ് യാദവ് തടയുകയും ചെയ്യുന്നുണ്ട്.

ജീവനക്കാരുടെ കൂട്ടസംഘര്‍ഷത്തിനിടെ അപ്രതീക്ഷിതമായി യാദവിന്റെ കൈയിലുള്ള തോക്കില്‍ നിന്നും വെടിയുതിരുകയായിരുന്നു. വെടിയേറ്റ് ജവാന്‍ വീഴുന്നതും ഉടന്‍ തന്നെ സംഘര്‍ഷമുണ്ടാക്കിയ ജീവനക്കാരും കണ്ടുനിന്നവരും സ്ഥലത്തുനിന്നും ഓടിമാറുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ അപകടം എങ്ങനെയാണുണ്ടായതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ല.

അതിനിടെ നീണ്ട പത്തുമണിക്കൂറിനുശേഷം കരിപ്പൂര്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു. സിഐഎസ്എഫും എയര്‍പോര്‍ട്ട് അതോറിറ്റിയും സംഭവസ്ഥലത്ത് നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് വിമാനത്താവളത്തിന്റ പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തിയത്. സംഭവത്തോടനുബന്ധിച്ച് 10 സി എസ് എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തിന് വരും ദിവസങ്ങളില്‍ കേരള പൊലീസായിരിക്കും സുരക്ഷയൊരുക്കുക. ഈ ഉറപ്പിന്മേലാണ് എയര്‍പോര്‍ട്ട് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറായത്. ഇന്നലെ വിമാനതാവളം അടച്ചതിനെ തുടര്‍ന്ന് വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടിരുന്നു.

 

Scroll To Top