Sunday December 04, 2016
Latest Updates

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഘര്‍ഷം,വെടിവെയ്പ്പ് ,ഒരാള്‍ മരിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഘര്‍ഷം,വെടിവെയ്പ്പ് ,ഒരാള്‍ മരിച്ചു

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേന്ദ്ര സുരക്ഷാ സേനയും (സി.ഐ.എസ്.എഫ്) വിമാനത്താവള അതോറിറ്റിയും തമ്മിലുണ്ടായ വെടിവെപ്പില്‍ ഒരു സി.ഐ.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശിയായ എസ്.എസ് യാദവ് (35) ആണ് മരിച്ചത്. രണ്ടു വര്‍ഷമായി കരിപ്പൂരില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പ്രവേശനപ്പാസിനെ ചൊല്ലി ഇരുവിഭാഗവും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലും വെടിവെപ്പിലും കലാശിച്ചത്. വെടിവെപ്പിനെ തുടര്‍ന്ന് വിമാനത്താവളത്തിനുള്ളിലുണ്ടായിരുന്ന ജീവനക്കാരെയെല്ലാം സുരക്ഷാസേന പുറത്താക്കി.
കണ്ണില്‍കണ്ട ജീവനക്കാരെയെല്ലാം സുരക്ഷാ സേന സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. സംഘര്‍ത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം നേരം വിമാനത്താവളം പൂര്‍ണമായും സുരക്ഷാ സേനയുടെ അധീനതയിലായിരുന്നു. തോക്കുമേന്തി റോന്തു ചുറ്റിയ സുരക്ഷാ സേന മണിക്കൂറുകളോളം വിമാനത്താവളത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.രാത്രി 10.10 ഓടെയാണ് സംഘര്‍ഷം ആരംഭിച്ചത്. എയര്‍പോര്‍ട്ട് അതോറ്റി ജീവനക്കാരനായ സണ്ണി ജോസഫ് അകത്തേക്ക് കടക്കുമ്പോള്‍ സുരക്ഷാ സേന ദേഹപരിശോധന നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. പരിശോധന നടത്തിയ സി.ഐ.എസ്.എഫ് ജവാനില്‍ നിന്നും സണ്ണി ജോസഫ് തോക്ക് പിടിച്ചുവാങ്ങുമ്പോള്‍ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇയാള്‍ തോക്ക് പിടിച്ചുവാങ്ങി വെടിവെക്കുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. വെടിയേറ്റ് സി.ഐ.എസ്.എഫ് ജവാന് പരിക്കേറ്റതോടെ സുരക്ഷാ സേന സംഘം ചേര്‍ന്ന് സണ്ണി ജോസഫിനെ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ ഇയാളുടെ നിലയും അതീവ ഗുരുതരമാണ്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു വിഭാഗവും തമ്മില്‍ ഏറെ നാളായുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. നവീകരണത്തിന്റെ ഭാഗമായി വലിയ വിമാനങ്ങള്‍ യാത്ര റദ്ദാക്കിയതിനാല്‍ കൂടുതല്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നില്ല. ലോക്കല്‍ പോലീസും മലപ്പുറം എസ്.പിയും പ്രദേശത്തേക്ക് കുതിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സി.ഐ.എസ്.എഫുമായുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകളും രാത്രി വൈകിയും തുടരുകയാണ്.

സുരക്ഷാ സേന വിമാനത്താവളത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണായും സ്തംഭിച്ചു. ലാന്റ് ചെയ്യേണ്ട രണ്ടു വിമാനങ്ങള്‍ ഇറങ്ങാന്‍ കഴിയാതെ ആകാശത്തു കുടുങ്ങി. സി.ഐ.എസ്.എഫ് ജവാന്മാര്‍ വീണ്ടും അക്രമം കാട്ടുമെന്ന ഭീതിയില്‍ വിമാനത്താവള അതോറിറ്റി ജീവനക്കാര്‍ ജോലിയില്‍ നിന്ന് പൂര്‍ണമായും വിട്ടു നിന്നു. ഫയര്‍ഫോഴ്‌സ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സണ്ണി ജോസഫാണ് സംഘര്‍ഷത്തിന് കാരണമായത് എന്നതിനാല്‍ ഈ വിഭാഗത്തിലെ ജീവനക്കാര്‍ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍ നിന്നു. ഫയര്‍ഫോഴ്‌സിന്റെ വാഹനങ്ങളില്‍ നിന്ന് ഇവര്‍ പുറത്തിറങ്ങാന്‍ തയാറാതിരുന്നതിനാല്‍ ലാന്‍ഡിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിസന്ധിയിലായി.

സംഭവം അറിഞ്ഞയുടന്‍ തന്നെ കൂടുതല്‍ പൊലീസ് സേന വിമാനത്താവളത്തിലേക്ക് തിരിച്ചെങ്കിലും എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും സി.ഐ.എസ്.എഫിന്റെയും ഉന്നത അധികാരികള്‍ പൊലീസിനോട് സഹകരിച്ചില്ല. ഇതേ തുടര്‍ന്ന് ആഭ്യന്തര മന്ത്രി സി.ഐ.എസ്.എഫ് കമാന്‍ഡിനോടും അതോറ്റിയുമായും രാത്രി വൈകിയും ചര്‍ച്ച നടത്തി. എങ്കിലും ഇവര്‍ വഴങ്ങാന്‍ തയാറായില്ല. ജില്ലാ പൊലീസ് സൂപ്രണ്ടിന് പുറമേ, എ.ഡി.ജി.പി ശങ്കര്‍ റെഡ്ഢിയും സ്ഥലത്തേക്ക് കുതിച്ചു. അതിനിടെ, മണിക്കൂറുകളോളം വിമാനങ്ങള്‍ വട്ടമിട്ടു പറന്നിട്ടും ലാന്‍ഡിങിനുള്ള സൗകര്യം ഒരുക്കാത്തതിനാല്‍ നെടുമ്പാശ്ശേരിയിലേക്ക് വഴിതിരിച്ചു വിട്ടു.

Scroll To Top