Monday December 11, 2017
Latest Updates

നാട്ടുകൂട്ടായ്മയൊരുക്കി അയര്‍ലണ്ടിലെ കാഞ്ഞിരപ്പള്ളിക്കാര്‍ ഓണമാഘോഷിച്ചു…ഇത് അച്ചയാന്‍’സ് ഓണം !

നാട്ടുകൂട്ടായ്മയൊരുക്കി അയര്‍ലണ്ടിലെ കാഞ്ഞിരപ്പള്ളിക്കാര്‍ ഓണമാഘോഷിച്ചു…ഇത് അച്ചയാന്‍’സ് ഓണം !

ഡബ്ലിന്‍:ഭൂലോകത്തിന്റെ ഏതറ്റത്തും നാടിന്റെ തനിമ നിലനിര്‍ത്തി,നിലപാട് തീര്‍ക്കുന്ന കാഞ്ഞിരപ്പള്ളിക്കാരുടെ സംഗമത്തിന് അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരം രണ്ടാമതും സാക്ഷിയായി.പ്രവാസി ദേശത്തെ ഇനിയും തീരാത്ത ഓണത്തിരക്കിനിടയിലും ജന്മനാടിനെ മറക്കാതെ ഒരുമയുടെ പൂക്കളം തീര്‍ക്കാനായി അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കാഞ്ഞിരപ്പള്ളിക്കാര്‍ ഒന്നിച്ച് ഓണ സദ്യയൊരുക്കി സംഗമത്തെ പ്രൗഡോജ്ജ്വലമാക്കി.

മാവേലിശാസനത്തിന്റെ നാട്ടില്‍ നിന്നെത്തിയവരുടെ  കാഞ്ഞിരപ്പള്ളി സംഗമം ഇത്തവണ ഓണാഘോഷം കൂടിയായാണ് സംഘടകര്‍ ഒരുക്കിയത്.ഓണക്കളികളും,ഗെയിംസുകളും സംഗമത്തെ വര്‍ണ്ണാഭമാക്കി.ബൂമൗണ്ടിലെ മോണ്‍ട്രോസ് പാര്‍ക്കിലുള്ള സെന്റ്. ഫിയാച്ചറസ് സീനിയര്‍ നാഷണല്‍ സ്‌കൂളില്‍ വച്ച് രാവിലെ തുടങ്ങിയ ‘നാട്ടു കൂട്ടായ്മ’ വൈകുന്നേരം വരെ നീണ്ടു.
കാഞ്ഞിരപ്പള്ളി പ്രവാസികളുടെ മാതാപിതാക്കളെ പ്രതിനിധീകരിച്ചെത്തിയായ ഫിലിപ്പ് പൈകയിലും,മേരിക്കുട്ടി ടീച്ചറും നിലവിളക്ക് കൊളുത്തി ഉത്ഘാടനകര്‍മ്മം നിര്‍വഹിച്ചു ടോം തോമസ് വാണിയപ്പുരയ്ക്കല്‍ ആമുഖ പ്രഭാഷണം നടത്തി.

കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള പ്രമുഖ ഗായകരായ സാബു ജോസഫും,ജോഷി കൊച്ചുപറമ്പിലും,യുവ പ്രതിഭകളായ മീനു ജോര്‍ജും,നിധി സജേഷും ഒരുക്കിയ സംഗീതാര്‍ച്ചനയും,വടം വലിയും,റോയലിന്റെ ഓണസദ്യയുമെല്ലാം കാഞ്ഞിരപ്പള്ളി സംഗമത്തെ വര്‍ണ്ണാഭമാക്കി.

അയര്‍ലണ്ടില്‍ ഇരുനൂറോളം കുടുംബങ്ങളാണ് കാഞ്ഞിരപ്പള്ളി മേഖലയില്‍ നിന്നുള്ളത്. കഴിഞ്ഞ വര്‍ഷം ആദ്യമായി ഡബ്ലിനില്‍ ഒരുക്കിയ കാഞ്ഞിരപ്പള്ളി സംഗമത്തിലാണ് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്.

അടുത്ത വര്‍ഷങ്ങളിലും ഒരുമയുടെ നിറച്ചാര്‍ത്തൊരുക്കി വീണ്ടുമൊരുമിക്കാമെന്ന വാഗ്ദാനത്തോടെയാണ് ഇത്തവണത്തെ സംഗമത്തിന് തിരശീല വീണത്.

Scroll To Top