Saturday December 03, 2016
Latest Updates

കനയ്യ കുമാറിനെ ജെ എന്‍ യൂ വില്‍ നിന്നും പുറത്താക്കാന്‍ നിര്‍ദേശം

കനയ്യ കുമാറിനെ ജെ എന്‍ യൂ വില്‍ നിന്നും പുറത്താക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി : ജെഎന്‍യു വിവാദത്തില്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറടക്കം അഞ്ചു പേരെ പുറത്താക്കാന്‍ നിര്‍ദേശം. സംഭവത്തെ കുറിച്ച് അന്വേഷിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം നിര്‍ദേശിച്ചിട്ടുള്ളത്. കനയ്യയെ കൂടാതെ പിഎച്ച്ഡി വിദ്യാര്‍ഥികളായ ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെയും പുറത്താക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സംഭവത്തില്‍ 21 വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഒരു മാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണ സമിതി ഐക്യകണ്‌ഠേനയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. അതിനുശേഷമായിരിക്കും മറ്റ് നടപടികള്‍.
ഫെബ്രുവരി ഒമ്പതിന് കാമ്പസിനുള്ളില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങ് നടത്തിയതാണ് വിവാദങ്ങള്‍ക്കു തുടക്കം. ചടങ്ങിനിടെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ജാമ്യത്തിലാണ് കനയ്യ. അറസ്റ്റിലായ അനിര്‍ബന്‍ ഭട്ടാചാര്യയും ഉമര്‍ഖാലിദും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഇത്തരത്തിലൊരു ചടങ്ങ് കാമ്പസിനുള്ളില്‍ സംഘടിപ്പിച്ചത് സര്‍വകലാശാലയുടെ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായിട്ടാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Scroll To Top