Thursday December 08, 2016
Latest Updates

ഇസ്മായില്‍ പിന്മാറി ,കാനം രാജേന്ദ്രന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി 

ഇസ്മായില്‍ പിന്മാറി ,കാനം രാജേന്ദ്രന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി 

കോട്ടയം: എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.

സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയായ കാനം രാജേന്ദ്രന്‍ 1950 നവംബര്‍ 10ന് കോട്ടയത്തെ കാനത്താണ് ജനിച്ചത്. ഏഴും എട്ടും കേരള നിയമസഭകളില്‍ വാഴൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായിരുന്നു. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ പ്രസിഡന്റുമാണ്. 1982ല്‍ കാനം രാജേന്ദ്രന്‍ നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിനെ തുടര്‍ന്നാണ് നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നത്.

വാശിയേറിയ മത്സരത്തിന്റെ വക്കിലെത്തിയശേഷമാണ് കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് കാനം സെക്രട്ടറിയായത്.

കെ.ഇ. ഇസ്മയില്‍ അവസാനനിമിഷം പിന്മാറിയതോടെയാണ് കാനത്തിനു നറുക്കു വീണത്. ഇതോടൊപ്പം 89 അംഗ സംസ്ഥാന കൗണ്‍സിലിനെയും തിരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പിന്തുണയും കാനത്തിനായിരുന്നു. സംസ്ഥാന കൗണ്‍സിലിലെ പകുതിയില്‍ കൂടുതല്‍ പേരും കാനത്തെയാണ് പിന്തുണച്ചത്.

ഇസ്മയിലും കാനവും ഉറച്ചുനിന്നതോടെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സര സാദ്ധ്യത തെളിഞ്ഞത്. രഹസ്യ ബാലറ്റ് അടക്കമുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കി. അതിനിടെയാണ് കേന്ദ്ര നേതൃത്വം ശക്തമായി ഇടപെട്ട് ഇസ്മയിലിനോട് പിന്മാറാന്‍ നിര്‍ദ്ദേശിച്ചത്. കടുത്ത സമ്മര്‍ദ്ദം വന്നതോടെ ഇസ്മയില്‍ വഴങ്ങുകയായിരുന്നു.

Scroll To Top