Friday December 09, 2016
Latest Updates

ചലച്ചിത്രതാരം കല്‍പ്പന ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ചലച്ചിത്രതാരം കല്‍പ്പന ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ഹൈദരാബാദ്: ചലച്ചിത്ര താരം കല്‍പ്പന (51) ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ അന്തരിച്ചു.

ഹോട്ടല്‍ മുറിയില്‍ ഇന്ന് രാവിലെ അബോധാവസ്ഥയില്‍ കണ്ട കല്‍പ്പനയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനും അവാര്‍ഡ് നിശയില്‍ പങ്കെുക്കുന്നതിനുമാണ് കല്‍പ്പന ഹൈദരാബാദിലെത്തിയത്.

നടിമാരായ ഉര്‍വശിയും കലാരഞ്ജിനിയും സഹോദരിമാരാണ്. നാടകപ്രവര്‍ത്തകരായ വി.പി.നായരുടെയും വിജയ ലക്ഷ്മിയുടെയും മകളാണ്. സംവിധായകന്‍ അനിലിനെ വിവാഹം ചെയ്തുവെങ്കിലും പിന്നീട് ഇരുവരും വിവാഹമോചിതരായി. ശ്രീമയി മകളാണ്.

മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലിയാണ് അവര്‍ അവസാനം അഭിനയിച്ച് പുറത്തുവന്ന ചിത്രം.

‘വിടരുന്ന മൊട്ടുകള്‍’ എന്ന ചിത്രത്തില്‍ 1977ല്‍ ബാലതാരമായാണ് കല്‍പ്പന സിനിമയിലെത്തിയത്. 2012ല്‍ ‘തനിച്ചല്ല ഞാന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.

തമിഴ്, തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ട കല്‍പ്പന മലയാള സിനിമയില്‍ പ്രധാനമായും കൈകാര്യം ചെയ്തത് ഹാസ്യ വേഷങ്ങളായിരുന്നു. ഹാസ്യ വേഷങ്ങളും സീരിയസ് കഥാപാത്രങ്ങളും ഒരുപോലെ അഭിനയിച്ച് ഫലിപ്പിക്കാന്‍ കല്പനയോളം കഴിവ് അധികമാര്‍ക്കുമില്ല. പോക്കുവെയില്‍, പഞ്ചവടിപ്പാലം, സ്പിരിറ്റ്, കേരള കഫെ, ഇഷ്ടം, ചിന്നവീട്, സതി ലീലാവതി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

‘ഞാന്‍ കല്‍പന’ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Scroll To Top