Friday December 09, 2016
Latest Updates

ചാര്‍ളി അറം പറ്റി,കല്‍പ്പന പെട്ടന്ന് പോയി !

ചാര്‍ളി അറം പറ്റി,കല്‍പ്പന പെട്ടന്ന് പോയി !

 അവസാനം അഭിനയിച്ച ചിത്രമായ ചാര്‍ലി ഒരരര്‍ത്ഥത്തില്‍ നടി കല്പനയുടെ ജീവിതത്തില്‍ അറം പറ്റുകയായിരുന്നു.

കടലില്‍ രാത്രിയാത്ര ചെയ്തു മത്സകന്യകയെ കാണാന്‍ പോകുന്ന കഥാപാത്രം. മറിയ എന്നാണ് പേര്. അവളെ നായകന്‍ വിളിക്കുന്നത് ക്വീന്‍ മേരിയെന്ന്. അതു സ്വയം മറിയ പരിഭാഷപ്പെടുത്തുന്നത് കൂനി മേരിയെന്നു.

ക്വീന്‍ മേരി ഒരു വേശ്യയാണ്. അവളെ വിറ്റു തിന്നുന്നത് ഭര്‍ത്താവ് തന്നെയാണ്. ഒടുവില്‍ ഒരുനാള്‍ അവളറിയുന്നു അവള്‍ക്ക് എയിഡ്‌സാണെന്ന്. എയിഡ്‌സ് രോഗിയായി ആര്‍ക്കും വേണ്ടാതാവുന്ന ക്വീന്‍മേരിക്ക് മത്സ്യകന്യകയെ കാണണം. അതിനായി അവളെ കടിലില്‍ കൊണ്ടുപോകുന്നത് നായകനായ ചാര്‍ലിയാണ്.

ക്വീന്‍ മേരിയുടെ ജന്മദിനത്തില്‍ കടലില്‍ നിന്നു മീന്‍പിടിച്ച് അതു പൊരിച്ച് കേക്കിനു പകരം മുറിച്ചാണ് ചാര്‍ലി അവളുടെ ജന്മദിനം ആഘോഷിക്കുന്നത്. ആ രംഗത്തിന്റെ ഒടുവില്‍ അവള്‍ നിന്നിരുന്ന ഭാഗത്തേയ്ക്ക് ചാര്‍ലിയും കപ്പല്‍ക്കാരനും നോക്കുമ്പോള്‍ പെട്ടെന്നു ക്വീന്‍ മേരിയെ കാണാനില്ല. അവള്‍ കടലില്‍ അപ്രത്യക്ഷയാവുകയായിരുന്നു. അവള്‍ക്കു പിന്നാലെ കടലില്‍ ചാടിയ ചാര്‍ലി കുറേ കഴിഞ്ഞു നിരാശനായി തിരിച്ചുവരുന്നു.

ചാര്‍ലിയില്‍ ചെറിയ ഒരു ഭാഗത്തു മാത്രമാണ് കല്പനയുടെ കഥാപാത്രം കടന്നുവരുന്നത്. പക്ഷേ, വളരെ പെട്ടെന്ന് ആ കഥാപാത്രം മനസ്സിന്റെ നീറ്റലായി മാറുകയും ചെയ്തു. അതു കല്പന എന്ന അഭിനേത്രിയുടെ മിടുക്കുകൊണ്ടു മാത്രമായിരുന്നു.

അതുപോലൊരു നിമിഷത്തില്‍ അപ്രതീക്ഷിതമായി ജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു കല്പനയും. തന്നെ ഇഷ്ടപ്പെടുന്നവരുടെയെല്ലാം നെഞ്ചിലെ നീറ്റലായി കല്പന കാലങ്ങളോളം ഉണ്ടാവും.
xxx             xxx          xxx          xxx 
എന്നെ ഇനി പൊന്നൂട്ടി എന്നു വിളിക്കാന്‍ അവള്‍ വരില്ല. ഞാന്‍ കല്‍പു എന്നു വിളിച്ചാല്‍ അവള്‍ വിളികേള്‍ക്കുകയുമില്ല. എനിക്ക് ഈ വേദന താങ്ങാനാവുന്നില്ല…

നടി കല്പനയുടെ അകാല വിയോഗത്തില്‍ വേദനിക്കുന്ന നടി കവിയൂര്‍ പൊന്നമ്മയുടേതാണ് ഈ വാക്കുകള്‍.

ടിവിയില്‍ ഫ്‌ളാഷ് ന്യൂസ് കണ്ടാണ് അവളുടെ മരണം ഞാനറിയുന്നത്. വിശ്വസിക്കാനായില്ല. സഹപ്രവര്‍ത്തകരെ ചിലരെ വിളിച്ചാണ് കാര്യം ഉറപ്പിച്ചത്, കവിയൂര്‍ പൊന്നമ്മ പറയുന്നു.

അടുപ്പമുള്ളവര്‍ എന്നെ പൊന്നൂട്ടി എന്നാണ് വിളിക്കുന്നത്. കല്‍പ്പനയ്ക്കും ഞാന്‍ പൊന്നൂട്ടി തന്നെ. പകരം ഞാനവളെ കല്‍പു എന്നു വിളിക്കുമായിരുന്നു. അതു കേള്‍ക്കുന്നതും അവള്‍ക്കിഷ്ടമാണ്.

അവളോടുള്ളത്ര ആത്മബന്ധം എനിക്കു കലാരഞ്ജിനിയോടോ ഉര്‍വശിയോടോ ഇല്ല. അവളെ ഇഷ്ടം കൂടുമ്പോള്‍ ഞാന്‍ മോളേ എന്നും വിളിക്കുമായിരുന്നു.

മദ്രാസില്‍ താമസിക്കുന്ന കാലം മുതല്‍ ഞങ്ങള്‍ തമ്മില്‍ അടുപ്പത്തിലാണ്. എല്ലാകാര്യവും എന്നോട് തുറന്നുപറയുമായിരുന്നു. എത്ര തിരക്കാണെങ്കിലും ഇടയ്ക്കിടയ്ക്കു വിളിക്കും.

ഏറ്റവും ഒടുവില്‍ വിളിച്ചത് ന്യൂ ഇയറിനാണ്. പുതുവര്‍ഷം പൊന്നൂട്ടിക്കു നല്ലതാകട്ടെയെന്നു പറഞ്ഞായിരുന്നു ആ വിളി.

നിനച്ചിരിക്കാാതെ വിളിച്ചു പറയും, പൊന്നൂട്ടി എന്തെങ്കിലും ഉണ്ടാക്കിക്കോ, ഞാന്‍ വരുന്നുവെന്ന്. ആലുവയിലെ എന്റെ വീട്ടില്‍ അധികം വൈകാതെ ആളെത്തും. പിന്നെ കളിയും ചിരിയും തമാശയുമാണ്. ഇനിയെല്ലാം ഓര്‍മ. ദൈവഹിതം അതാണെങ്കില്‍ അവള്‍ പോയി ദൈവസന്നിധിയില്‍ സ്വസ്ഥമായിരിക്കട്ടെ… കവിയൂര്‍ പൊന്നമ്മ കണ്ണീരോടെ പറഞ്ഞു.
ഡി നമ്പ്യാര്‍ 

Scroll To Top