Friday June 23, 2017
Latest Updates

ഗാര്‍ഡ കള്ളനായാല്‍…?

ഗാര്‍ഡ കള്ളനായാല്‍…?

നിയമം സംരക്ഷിക്കേണ്ടവര്‍ തന്നെ നിയമലംഘനം നടത്തിയാല്‍ എന്തായിരിക്കും അവസ്ഥ? ഗാര്‍ഡ സേനയിലെ അംഗമായ ജോണ്‍ ഒഹളോറന്‍ എന്നയാള്‍ക്ക് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാകേണ്ടിവന്നത് 212 കേസുകളിലാണ്. മോഷണം, കൈക്കൂലി എന്നിവ അടക്കമാണ് ഈ കേസുകള്‍. കോര്‍ക്ക് സിറ്റിയിലെ ബറാക് സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഇയാളെ ചൊവ്വാഴ്ചയാണ് കോര്‍ക്ക് ഡിസ്ട്രിക്ട് കോര്‍ട്ടില്‍ ഹാജരാക്കിയത്. മോഷണം, വഞ്ചന, വഞ്ചിക്കാന്‍ ശ്രമിക്കല്‍, കൈക്കൂലി വാങ്ങല്‍ എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍. 2009-2014 കാലത്തിനിടെയാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. 100 യൂറോ മുതല്‍ 5,000 യൂറോ വരെ ഇയാള്‍ കൈക്കൂലി വാങ്ങിയതായാണ് ആരോപണം.

തനിക്കെതിരായ കേസുകളെപ്പറ്റി ഇയാള്‍ പ്രതികരിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞു, ചൊവ്വാഴ്ച രാവിലെ ഇയാളുടെ വീട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. പാസ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കുക, വീട് മാറി താമസിക്കാതിരിക്കുക, കേസിലെ വാദികളുമായി ബന്ധപ്പെടാതിരിക്കുക എന്നീ നിബന്ധനകളിലും 5,000, 1,000 യൂറോ വീതം ജാമ്യത്തുകയടച്ചും ഇയാളെ ജാമ്യത്തില്‍ പോകാന്‍ കോടതി അനുവദിച്ചു.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top