Friday May 25, 2018
Latest Updates

മണി ആത്മഹത്യ ചെയ്തതല്ലെന്ന വാദവുമായി സുഹൃത്തുക്കള്‍:വ്യാജ മദ്യത്തിലെ മെത്തനോള്‍ മരണകാരണമായതാണെന്നും സംശയം

മണി ആത്മഹത്യ ചെയ്തതല്ലെന്ന വാദവുമായി സുഹൃത്തുക്കള്‍:വ്യാജ മദ്യത്തിലെ മെത്തനോള്‍ മരണകാരണമായതാണെന്നും സംശയം

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് പൊലീസിന്റെ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. ശരീരത്തിനുള്ളില്‍ വിഷമായ മെത്തനോള്‍ അടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ കണ്ടതായി ഡോക്ടര്‍മാര്‍ പൊലീസിനു മൊഴി നല്‍കി. ആത്മഹത്യാ സാധ്യതയടക്കം പരിശോധിക്കുന്നതായി തൃശൂര്‍ റൂറല്‍ പൊലീസ് എസ്പി കെ.കാര്‍ത്തിക് പറഞ്ഞു.
കരള്‍രോഗബാധയെ തുടര്‍ന്നാണ് കലാഭവന്‍ മണിയുടെ മരണമെങ്കിലും ശരീരത്തിനുള്ളില്‍ മെത്തനോളിന്റെ അംശമുള്ളതായി ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. വ്യാജമദ്യത്തിലും മറ്റും കാണുന്ന വിഷമാണ് മെത്തനോള്‍. ഇതിനുപുറമെ ആരോഗ്യത്തിനു ദോഷകരമാവുന്ന മറ്റു ചില ലഹരിപദാര്‍ത്ഥങ്ങളുടെ സാന്നിധ്യവും ശരീരത്തില്‍ കണ്ടെത്തിയതായും മൊഴിയുണ്ട്. ഈ സാഹചര്യത്തിലാണ് അസ്വാഭാവിക മരണത്തിന് ചാലക്കുടി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. മെത്തനോള്‍ എങ്ങനെ ശരീരത്തില്‍ കലര്‍ന്നുവെന്നതാണു പ്രധാന സംശയം. ഇതടക്കമുള്ള ദുരൂഹതകള്‍ നീക്കുന്നതിനായാണ് തൃശൂര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ അന്വേഷണത്തിനു നിയോഗിച്ചത്.
ശനിയാഴ്ചയാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനു മുന്‍പു മദ്യപിച്ചിരുന്നതായി പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. മദ്യപിച്ച സ്ഥലത്തെത്തി ഇന്നലെ രാത്രി തന്നെ പൊലീസ് പരിശോധന നടത്തി. ആ പ്രദേശം പ്രത്യേക നിരീക്ഷണ മേഖലയായി മാറ്റുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണത്തിന്റെ കാരണം കൂടുതല്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

കലാഭവന്‍ മണി മണി ജീവനൊടുക്കിയതാണ് എന്ന പ്രചരണം തെറ്റാണ് എന്ന വാദവുമായി സുഹൃത്തുക്കള്‍

ചിലര്‍ പറയുന്നപോലെ മണി ഒരിക്കലും അങ്ങനെ ചെയ്യില്ല. അവന്‍ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചതല്ല. ഒഴുക്കിനെതിരെ നീന്തിയവനാണ്. മനുഷ്യസ്‌നേഹിയും കുടുംബസ്‌നേഹിയുമാണ്. മകളെ അത്രമാത്രം അവന്‍ സ്‌നേഹിച്ചിരുന്നു. അങ്ങനെയൊരാള്‍ അതു ചെയ്യില്ലെന്നും അടുത്ത സുഹൃത്തായ ദിലീപ് പറയുന്നു.മണി കലാഭവനിലെത്തുമ്പോള്‍ ഞാന്‍ സിനിമയില്‍ സഹസംവിധായകനായി പോന്നിരുന്നു. ഞങ്ങള്‍ മുന്‍പ് ഒരുമിച്ചു മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. മണി സ്‌റ്റേജില്‍ അസാമാന്യ പ്രകടനം നടത്തുന്ന വ്യക്തിയായിരുന്നു. നമ്മള്‍ സിനിമാതാരങ്ങളെയും മറ്റും അനുകരിക്കുമ്പോള്‍ മണി പുലിയും പൂച്ചയും സിംഹവുമൊക്കെയായി വേദിയില്‍ നിറയും. അതിസുന്ദരമായി പാടും. മണിയുടെ തന്നെ ട്രേഡ്മാര്‍ക്കില്‍ ചിരിക്കും.
സല്ലാപത്തില്‍ അഭിനയിക്കാന്‍ ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസിലെത്തുമ്പോള്‍ ഒരു മൂലയ്ക്ക് മാറി നിന്ന മണിയോടു ഞാന്‍ പറഞ്ഞു. ഈ സിനിമയോടെ നീ ശ്രദ്ധിക്കപ്പെടും. നിന്റെ വാക്ക് പൊന്നാകട്ടെയെടാ എന്നു പറഞ്ഞ് അന്നു മണിയെന്നെ കെട്ടിപ്പിടിച്ചു. ചില കാര്യങ്ങളില്‍ വേഗം ദേഷ്യം വരുന്നവനാണ് മണി. എന്നാല്‍ എന്നോടൊരിക്കലും ദേഷ്യപ്പെട്ടിട്ടില്ല. ഞാന്‍ പറഞ്ഞാല്‍ എന്തു കലഹവും നിര്‍ത്തും. എനിക്ക് മണിയൊരു സുഹൃത്തല്ലായിരുന്നു. എന്റെ കൂടെപ്പിറപ്പായിരുന്നു.സുഹൃത്തുക്കള്‍ക്കു വേണ്ടി മാത്രമാണ് മണി ജീവിച്ചത്.അവര്‍ക്കു വേണ്ടി വഴക്കിട്ടു. അവര്‍ക്കു വേണ്ടി നല്ല ഭക്ഷണങ്ങള്‍ വച്ചു നല്‍കി.അവരെ സന്തോഷിപ്പിച്ചു.അങ്ങനെ കൂട്ടുകാരുടെ സന്തോഷങ്ങളായിരുന്നു മണിയുടെ സന്തോഷം.കായികാഭ്യാസിയായിരുന്നു മണി.കുബേരന്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്റെ ഒപ്പം നാലുപേരെ തോളിലിട്ട് അനായാസം നടന്നു നീങ്ങുന്ന മണിയുടെ കരുത്ത് ഞങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. എത്ര റീ ടേക്ക് പറഞ്ഞാലും മണി തളരില്ല.അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര രംഗത്തും നാട്ടിലുമുള്ള സുഹൃത്തുക്കള്‍ മണി ആത്മഹത്യ ചെയ്യാനുള്ള സാധ്യതകള്‍ തള്ളികളയുകയാണ്

Scroll To Top