Thursday September 21, 2017
Latest Updates

കൈലാഷ് സത്യാര്‍ഥി:ഒരൊറ്റ ദിവസം കൊണ്ട് ലോക പ്രശസ്തനായ ഇന്ത്യാക്കാരന്‍ !

കൈലാഷ് സത്യാര്‍ഥി:ഒരൊറ്റ ദിവസം കൊണ്ട് ലോക പ്രശസ്തനായ ഇന്ത്യാക്കാരന്‍ !

കൈലാഷ് സത്യാര്‍ഥി.ഇന്നലെ വരെ 125 കോടി ഇന്ത്യാക്കാരില്‍ പത്തു ശതമാനം പേര്‍ പോലും കേട്ടിട്ടില്ലാത്ത ഒരു സാധാരണ പേരായിരുന്നു അത്.ഒരൊറ്റ ദിവസം കൊണ്ട് പക്ഷെ സത്യാര്‍ഥിയെന്ന അറുപതു വയസുകാരനെ ലോകം മുഴുവനുള്ള ജനങ്ങള്‍ ആകാംഷയോടെ ഉറ്റു നോക്കുകയാണിപ്പോള്‍.

മലാല എന്ന പാക്കിസ്ഥാനി കൗമാരക്കാരിയെ കുറിച്ചു കേള്‍ക്കാത്തവര്‍ കുറവായിരിക്കും.പക്ഷെ അധികമൊന്നും മീഡിയയ്ക്ക് പിടി കൊടുക്കാത്ത സത്യാര്‍ഥിയുടെ പുരസ്‌കാര ലബ്ധി ഇന്ത്യ അതിശയത്തോടൊപ്പം ആദരവോടെയുമാണ് നോക്കി കാണുന്നത്. 

സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടുന്ന ഏഴാമത്തെ ഇന്ത്യക്കാരനാണ് കൈലാസ് സത്യാര്‍ഥി. കഴിഞ്ഞ പ്രാവശ്യവും മലാല ,സമാധാനത്തിനുള്ള നോബല്‍ സമ്മാന പട്ടികയില്‍ ഇടം നേടിയിരുന്നു. ഇവര്‍ക്കൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പ, യുഎസ് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ എന്നിവരായിരുന്നു പുരസ്‌കാരത്തിനുള്ള സാധ്യതാപട്ടികയില്‍ മുന്നിലുണ്ടായിരുന്നത്.

അതേസമയം,ഇത്തവണ കൈലാഷ് സത്യാര്‍ഥിക്കു ലഭിച്ച പുരസ്‌കാരം അപ്രതീക്ഷിതമായിരുന്നു. 278 പേരുടെ ഭീമന്‍ സാധ്യതാപട്ടികയാണ് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിക്കു മുമ്പാകെ ലഭിച്ചത്. ഇവയില്‍ 47 എണ്ണം സംഘടനകളായിരുന്നു.

kailപഠിക്കേണ്ട ഇളം പ്രായത്തില്‍ തെരുവില്‍ വിയര്‍പ്പൊഴുക്കേണ്ടി വന്ന ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് കാവല്‍ മാലാഖയാകുകയായിരുന്നു കൈലാഷ് സത്യാര്‍ഥി. തെരുവിലെ കുഷ്ഠ രോഗികളെ മാറോട് ചേര്‍ത്ത മദര്‍ തരേസക്ക് ശേഷം തെരുവിലേക്കെറിയപ്പെട്ട മക്കളെ സംരക്ഷിച്ച സത്യാര്‍ഥിയിലൂടെ ഒരിക്കല്‍ കൂടി സമാധാനത്തിനുള്ള നൊബേല്‍ ഇന്ത്യയിലേക്കെത്തി. രാജ്യത്ത് ബാല വേലയെയും ബാലാവകാശത്തെയും പ്രധാന ചര്‍ച്ചയാക്കി കൊണ്ടുവരുന്നതില്‍ കൈലേഷ് സത്യാര്‍ഥിയുടെ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും നിദാനമായത്. 

അദ്ദേഹം രൂപവത്കരിച്ച ബച്ച്പന്‍ ബച്ചാഓ ആന്ദോളന്‍ (ബി ബി എ) എന്ന സംഘടന 80000ത്തോളം കുട്ടികളെയാണ് വിവിധ തൊഴില്‍ മേഖലകളില്‍ നിന്ന് രക്ഷിച്ചത്. വീട്ടുവേല, കരാര്‍ തൊഴില്‍ തുടങ്ങിയ ദുര്‍ഘട മേഖലകളില്‍ നിന്ന് കുട്ടികളെ രക്ഷിക്കുകയും അവരെ പുനരധിവസിപ്പിക്കുകയും വിദ്യാഭ്യാസം നല്‍കുകയും ചെയ്ത് സേവനത്തിന്റെ പുതിയ പാതകള്‍ വെട്ടിത്തെളിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആഗോളവ്യാപകമായി ഉയര്‍ത്തിക്കൊണ്ടുവരുന്ന സാമൂഹിക പ്രവര്‍ത്തകനാണ് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 60കാരനായ സത്യാര്‍ഥി. 26 ാം വയസ്സില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ഉദ്യോഗം വലിച്ചെറിഞ്ഞാണ് അദ്ദേഹം ബാലാവകാശ രംഗത്തേക്ക് കടന്നുവന്നത്. 

1983ലാണ് ബച്പന്‍ ബച്ചാഓ ആന്ദോളന്‍ സംഘടന രൂപവത്കരിച്ചത്. ഡല്‍ഹിയില്‍ നൂറുകണക്കിന് റെയ്ഡുകള്‍ നടത്താന്‍ സംഘടന വളരെയേറെ സഹായിച്ചിട്ടുണ്ട്. ഇത്തരം റെയ്ഡുകളില്‍ ആയിരക്കണക്കിന് കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. മാഫിയാ സംഘത്തിന്റെ ആക്രമണങ്ങളും അദ്ദേഹത്തിനും സംഘത്തിനും നേരിടേണ്ടി വന്നിട്ടുണ്ട്. 70000 ത്തിലധികം പേരുടെയും 750 പൗരസമൂഹ സംഘടനകളുടെയും പിന്തുണയുണ്ട് അദ്ദേഹത്തിന്റെ എന്‍ ജി ഒക്ക്. അസോസിയേഷന്‍ ഓഫ് വൊളന്ററി ആക്ഷന്‍, ബാല്‍ ആശ്രമം ട്രസ്റ്റ്, സേവ് ദ ചൈല്‍ഡ്ഹുഡ് ഫൗണ്ടേഷന്‍ എന്നീ മൂന്ന് സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനം. അബലവിഭാഗത്തിന്റെ ക്ഷേമപ്രവര്‍ത്തനവും അവര്‍ക്ക് വേണ്ടിയുള്ള സേവനവുമാണ് അദ്ദേഹത്തിന്റെ താത്പര്യമുള്ള മേഖലകള്‍. 

ദാരിദ്ര്യം, തൊഴിലില്ലായ്മ, നിരക്ഷരത, ജനസംഖ്യാ വര്‍ധനവ്, മറ്റ് സാമൂഹിക പ്രശ്‌നങ്ങള്‍ തുടങ്ങിയവ വ്യാപകമാകാനേ അബലവിഭാഗത്തിന്റെ പിന്നാക്കാവസ്ഥ സഹായിക്കൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ തൊഴില്‍ ചെയ്യുന്ന 50 ലക്ഷം ബാലികാ ബാലന്‍മാരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതിലും പത്ത് മടങ്ങ് വരുമെന്നാണ് വിവിധ സന്നദ്ധ സംഘടനകള്‍ പറയുന്നത്. ബാലാവകാശ സംരക്ഷണത്തിന് ആഗോളതലത്തില്‍ നിരവധി ശ്രദ്ധേയമായ പ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ട് അദ്ദേഹം. 

ഗ്ലോബല്‍ മാര്‍ച്ച് എഗന്‍സ്റ്റ് ചൈല്‍ഡ് ലേബര്‍, ഇന്റര്‍നാഷനല്‍ സെന്റര്‍ ഓണ്‍ ചൈല്‍ഡ് ലേബര്‍ ആന്‍ഡ് എജുകേഷന്‍ തുടങ്ങിയ സംഘടനകളുമായി അദ്ദേഹം ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ നിന്നടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഡിഫന്‍ഡേഴ്‌സ് ഓഫ് ഡെമോക്രസി അവാര്‍ഡ് (അമേരിക്ക2009), അല്‍ഫോണ്‍സോ കോമിന്‍ ഇന്റര്‍നാഷനല്‍ അവാര്‍ഡ് (സ്‌പെയിന്‍ 2008), മെഡല്‍ ഓഫ് ദ ഇറ്റാലിയന്‍ സെനറ്റ് (2007 ഇറ്റലി), റോബര്‍ട്ട് എഫ് കെന്നഡി ഇന്റര്‍നാഷനല്‍ ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡ് (അമേരിക്ക) എന്നിവ അവയില്‍ ചിലതാണ്.

കുട്ടികളുടെ രക്ഷകനായ കൈലാഷ് സത്യാര്‍ത്ഥി സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനം കരസ്ഥമാക്കി അങ്ങനെ ഇന്ത്യയുടെ അഭിമാനമായി മാറുകയാണ് .ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ സ്ഥാപകനായി കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും കുട്ടിക്കടത്തിനെതിരെയും പ്രവര്‍ത്തിക്കുന്ന കൈലാഷ് സത്യാര്‍ത്ഥിയ്ക്കു ലഭിച്ച നൊബേല്‍ ഒരര്‍ത്ഥത്തില്‍ അദ്ദേഹം സംരക്ഷിച്ച കുട്ടികള്‍ക്കു ലഭിച്ച അംഗീകാരം കൂടിയാണ്. Scroll To Top