Saturday December 10, 2016
Latest Updates

നിലപാട് വ്യക്തമാക്കി കെ എം മാണി :’ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ അഴിമതിക്കാരനാവില്ല ,ഇത് ബ്ലാക്ക് മെയിലിംഗ് ‘

നിലപാട് വ്യക്തമാക്കി കെ എം മാണി :’ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ അഴിമതിക്കാരനാവില്ല ,ഇത് ബ്ലാക്ക് മെയിലിംഗ് ‘

തിരുവനന്തപുരം : ധനമന്ത്രി കെ.എം. മാണി വിദേശത്തു ചികിത്സയ്ക്കു പോകുന്ന മുറയ്ക്കു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇക്കൊല്ലത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്ന ചില മാധ്യമ റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞ് ധനമന്ത്രി കെ എം മാണി. ജീവിച്ചിരിപ്പുണ്ടെങ്കില്‍ താന്‍ തന്നെ ബജറ്റവതരിപ്പിക്കുമെന്നു മാണി അസന്ദിഗ്ദ്ധമായി പറഞ്ഞു.

ജീവിച്ചിരിപ്പുണ്‌ടെങ്കില്‍ ബജറ്റ് ഞാന്‍ തന്നെ അവതരിപ്പിക്കും. ഞാന്‍ ബജറ്റിന്റെ പണിപ്പുരയിലാണ്, തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മാണി പറഞ്ഞു.

ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം പറയുന്നു. ഇതു ജനാധിപത്യ വിരുദ്ധമാണ്. ഇതു കേട്ടു ഞാന്‍ ഭയപ്പെടില്ല. പ്രതിപക്ഷം എത്ര അധഃപതിച്ചിരിക്കുന്നു എന്നതിനു തെളിവാണിത്.

എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ആരൊക്കെയാണ് ഗൂഢാലോചന നടത്തിയതെന്ന് എനിക്കറിയാം. അക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല.

എനിക്കെതിരെയുള്ള തെളിവുകളെന്ന പേരില്‍ പുറത്തുവിട്ട ശബ്ദരേഖകള്‍ കൃത്രിമമാണ്. ബ്ലാക്ക് മെയിലിംഗ് കച്ചവടമാണ് നടക്കുന്നത്. ഇതിനെ പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുന്നു. പ്രതിപക്ഷത്തിന്റെ നിലവാര തകര്‍ച്ചയാണിതു കാണിക്കുന്നത്. ഇതിന് പ്രതിപക്ഷം കനത്ത വില നല്‍കേണ്ടി വരും.

പലര്‍ക്കും ഇളവ് നല്‍കിയും മറ്റും ബജറ്റ് വിറ്റെന്ന ആരോപണത്തിന് മറുപടിയായി മാണി പറഞ്ഞത്, മാന്യന്‍മാര്‍ക്കെതിരെയുള്ള ഇത്തരം വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നായിരുന്നു.

മുന്‍പ് എല്ലാ ബജറ്റിലും നികുതിയിളവുകള്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് നടപ്പിലാക്കിയത്. ഒരു വ്യക്തിക്കും ഇളവ് നല്‍കിയിട്ടില്ല. ആരോപണങ്ങളിലൂടെ ഇവിടെ ആടിനെ പട്ടിയാക്കുകയാണ്. ആരോപണങ്ങളെ ഞാന്‍ സഹിഷ്ണുതയോടെയാണ് കാണുന്നത്.

തന്റെ രാജിയെക്കുറിച്ചുള്ള സര്‍ക്കാര്‍ പി.സി. ജോര്‍ജിന്റെ പ്രസ്താവന അനാവശ്യമാണ്. ഒരു വെടിക്ക് മൂന്നു പക്ഷി എന്നതാണ് ഇത്തരം ചര്‍ച്ചക്കാര്‍ ഉദ്ദേശിക്കുന്നത്. പാര്‍ട്ടിയിലെ തനിക്ക് പ്രിയപ്പെട്ട നേതാവാണ് ജോര്‍ജ്.

എന്റെ പിന്‍ഗാമിയാകാന്‍ മകന്‍ ജോസ് കെ. മാണിയെക്കാള്‍ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. എത്തേണ്ട സമയത്ത് എത്തേണ്ട സ്ഥാനത്ത് ജോസ് കെ. മാണി എത്തും. മക്കള്‍ രാഷ്ട്രിയത്തില്‍ വിശ്വസിക്കുന്ന ആളല്ല ഞാന്‍. എങ്കിലും പറയുന്നു, ജോസ് കെ.മാണി കഴിവുള്ള നേതാവാണ്.

എന്റെ ജീവിതം തുറന്ന പുസ്തകമാണ്. എന്നെ ജനങ്ങള്‍ക്കറിയാം. ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. എന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയാണ്. രാജി വയ്ക്കുന്ന പ്രശ്‌നമില്ല. ആരെങ്കിലും വിളിച്ചുപറഞ്ഞാല്‍ ഞാന്‍ അഴിമതിക്കാരനാവില്ല. യുഡിഎഫാണ് എന്റെ ശക്തി, മാണി പറഞ്ഞു.

ഇതേസമയം, മാണിയാണ് ബജറ്റ് അവതരിപ്പിക്കുന്നതെങ്കില്‍ കാത്തിരുന്നു കാണാമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും പറയുകയുണ്ടായി.

Scroll To Top