Wednesday December 07, 2016
Latest Updates

തലസ്ഥാനം സംഘര്‍ഷഭരിതം:ക്രമസമാധാന പാലനത്തിന് 2200 പോലീസുകാര്‍,മാണിയെ വിടാതെ പ്രതിപക്ഷം,അങ്കത്തിനൊരുങ്ങി മാണി

തലസ്ഥാനം സംഘര്‍ഷഭരിതം:ക്രമസമാധാന പാലനത്തിന് 2200 പോലീസുകാര്‍,മാണിയെ വിടാതെ പ്രതിപക്ഷം,അങ്കത്തിനൊരുങ്ങി മാണി

തിരുവനന്തപുരം: ബഡ്ജറ്റ് അവതരിപ്പിക്കാന്‍ അഴിമതി ആരോപണ വിധേയനായ ധനമന്ത്രി കെഎം മാണിയെ അനുവദിക്കില്ലെന്നു പ്രതിപക്ഷവും ബിജെപിയും വാശിപിടിച്ചിരിക്കെ, കെ എം മാണിയും മുഖ്യമന്ത്രിയടക്കം മറ്റ് മന്ത്രിമാരും എം എല്‍എ മാരും നിയമസഭയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു.
അതേ സമയം വി എസ് അച്യുതാനന്ദനടക്കം 65 പ്രതിപക്ഷ എം എല്‍ എ മാരും നിയമസഭയ്ക്കുള്ളില്‍ തന്നെ തമ്പടിച്ചി രിക്കുകയാ ണ്. കട്ടിലും മെത്തയുമടക്കമാണ് വി എസ് നിയമസഭാ മന്ദിരത്തില്‍ എത്തിയിരിക്കുന്നത് 

നിയമസഭയ്ക്ക് പുറത്തു പോകുന്ന എം എല്‍ എ മാരെയും എന്ത് വില കൊടുത്തും സഭയില്‍ എത്തിക്കുന്നതിനു പൊലീസും സര്‍ക്കാരും വിവിധ വഴികള്‍ ആലോചിക്കുന്നു.6 എസ് പി മാരുടെ നേതൃത്വത്തില്‍ 2200 പോലീസുകാരെയാണ് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് വൈകിട്ട് വിന്യസിച്ചിരിക്കുന്നത്.തലസ്ഥാനത്തെ മദ്യഷോപ്പുകള്‍ അടച്ചു കഴിഞ്ഞു.

മാണിയെ നിയമസഭാ മന്ദിരത്തിലേക്കു കടത്തിവിടില്ലെന്ന് ഇടതു മുന്നണിയും ബി.ജെ.പിയും യുവമോര്‍ച്ചയും പ്രഖ്യാപിച്ചിട്ടുണ്ട്.ഇരു വിഭാഗങ്ങളിലും പെട്ട നൂറു കണക്കിന് പ്രവര്‍ത്തകര്‍ നിയമസഭയ്ക്ക് മുമ്പിലെത്തിക്കഴിഞ്ഞു.

മാണിയെ ഇന്നു നിയമസഭാ മന്ദിരത്തിലെ ഓഫീസില്‍ തന്നെ കിടത്താനാണ് പൊലീസിനു താത്പര്യം. അങ്ങനെയായാല്‍ തങ്ങള്‍ക്കു തലവേദന ഇല്ലാതെ മന്ത്രിയെ സുരക്ഷിതനാക്കി നിര്‍ത്താമെന്നു പൊലീസ് കരുതുന്നു.ഇതിനായി മാണിയുടെ ഓഫീസില്‍ കിടക്കയും മറ്റും ആവശ്യമെന്നു വന്നാല്‍ എത്തിക്കും. ഇതിനോടു മാണി യോജിക്കുമോ എന്നു പൊലീസിനു സംശയമുണ്ട്.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ എം മാണിയോട് നിയമസഭയില്‍ താങ്ങാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

എം.എല്‍.എ ഹോസ്റ്റലില്‍ മാണിയെ താമസിപ്പിക്കാനും ആലോചനയുണ്ട്. ഹോസ്റ്റലിന്റെ പിന്നിലൂടെ നിയമസഭയിലേക്ക് എത്താന്‍ വഴിയുമുണ്ട്. ഇവിടം പൊലീസ് വലയത്തിലാക്കിയാല്‍ കാര്യം എളുപ്പമാവും. പക്ഷേ, ഇടത് എംഎല്‍എമാര്‍ റൂമില്‍ മന്ത്രിയെ ബന്ദിയാ ക്കിയ്യാല്‍ എന്തുചെയ്യുമെന്ന ഭയമുണ്ട് പൊലീസിന്.

മാണി ബഡ്ജറ്റ് പ്രസംഗം തയ്യാറാക്കുന്നത് നിയമസഭയ്ക്കടുത്ത് മസ്‌കറ്റ് ഹോട്ടലിലിരുന്നാണ്. ഇന്ന് രാത്രി മസ്‌കറ്റില്‍ താമസിച്ച ശേഷം രാവിലെ ഹോട്ടലില്‍ നിന്ന് നേരെ നിയമസഭയില്‍ വരാനും ആലോചനയുണ്ട്.പക്ഷേ, ദൂരം ചെറുതാണെങ്കിലും സമരക്കാരെ നിയന്ത്രിക്കുക എളുപ്പമാവില്ല.

എന്തു വിലകൊടുത്തും മാണിയെ തടയുക എന്ന ലക്ഷ്യത്തിലാണ് ഇടതു പക്ഷം. ഇടതിനെക്കാള്‍ തങ്ങളുടെ സമരവീര്യമായിരിക്കണം മുന്നില്‍ കാണേണ്ടതെന്ന വാശിയിലാണ് ബിജെപിക്കാര്‍. ഇതു രണ്ടും കൂടി ചേര്‍ന്നാല്‍ നിയമസഭാ മന്ദിരത്തിനു മുന്നില്‍ നാളെ എന്തും സംഭവിക്കാവുന്ന സ്ഥിതിയായിരിക്കും.

Scroll To Top