Tuesday January 23, 2018
Latest Updates

കോടിയേരിയുടെ ‘മാണിപ്രേമം’-ഓര്‍മ്മകളില്‍ ഉണ്ടാവേണ്ടത് …

കോടിയേരിയുടെ ‘മാണിപ്രേമം’-ഓര്‍മ്മകളില്‍ ഉണ്ടാവേണ്ടത് …

mmmനാധിപത്യത്തില്‍ ചെറുതിനു സൗന്ദര്യമുണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. സംവിധാനത്തിന്റെ വലിയ ശരികളെ ഉറപ്പിക്കാനും തെറ്റുകളെ തിരുത്താനും വിമത ശബ്ദം ഉയര്‍ത്താനും, സര്‍വ്വോപരി മറ്റൊരു അഭിപ്രായം കൂടി ഉണ്ടെന്നു സംവിധാനത്തെ ബോധ്യപ്പെടുത്താനും ചെറുതിനു കഴിയും.
എന്തിനാണ് ഇടതുമുന്നണിയില്‍ ഒരു കഷ്ണം ജനതാദളും കോണ്‍ഗ്രസ് എസ്സും എന്ന് ചോദിച്ചാല്‍ ഉത്തരം ഇതുതന്നെയാണ്. അവരുടെ ബാന്‍ഡ് വിഡ്ത് വളരെ വലുതല്ല, പക്ഷെ സ്‌പെക്ട്രത്തിന്റെ ചില ഫ്രീക്വെന്‌സികളെ അവര്‍ പ്രതിനിധാനം ചെയ്യുന്നു. അവരവിടെ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ആര്‍എസ്പി പോയപ്പോള്‍ ഞാന്‍ ദുഖിച്ചു, നിലനില്പിനുവേണ്ടി ആ പാര്‍ട്ടി ഇപ്പോള്‍ എടുക്കുന്ന നിലപാടുകള്‍ എന്നെ കൂടുതല്‍ ദുഖിപ്പിക്കുന്നു. അവര്‍ ഇടതുപക്ഷത്ത് ഉണ്ടാവേണ്ടിയിരുന്നവര്‍ ആണെന്ന തോന്നലില്‍ ഇതുവരെ വ്യത്യാസം വന്നിട്ടില്ല.
പക്ഷെ കെ എം മാണിയുമായി പ്രശ്‌നാധിഷ്ഠിതമായി സഹകരിക്കും എന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയുടെ സാംഗത്യം എനിക്ക് മനസ്സിലാകുന്നില്ല. ഏതു പ്രശ്‌നത്തിലാണ് സിപിഐഎമ്മിനും മാണിയ്ക്കും ഒന്നിച്ചു പ്രവര്‍ത്തിക്കാനാവുന്നത്? മാണി എന്ത് ജനകീയ വികാരമാണ് പ്രതിഫലിപ്പിക്കുന്നത്? ദയവുചെയ്ത് കൃഷിക്കാരുടെ എന്ന് പറയുന്നതിന് മുന്‍പ് സി പി എം സംസ്ഥാന സെക്രട്ടറി റബര്‍, തേങ്ങാ, നെല്‍ കൃഷിക്കാരോട് അന്വേഷിക്കണം, കഴിഞ്ഞ അഞ്ചുവര്‍ഷം എന്തായിരുന്നു കൃഷിക്കാരോട് മാണിയുടെ സമീപനം എന്ന്. ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങള്‍ മൂലം കൃഷി പുനരാരംഭിച്ച കുട്ടനാട്ടിലെ നെല്‍കൃഷിക്കാരോടോ, നാളികേര ബോര്‍ഡിന്റെ പ്രോത്സാഹനം മൂലം നീര ഉല്പാദിപ്പിക്കാനിറങ്ങിയ നാളികേര കര്‍ഷകരോടോ, കേരളത്തില്‍ എവിടെയെങ്കിലുമുള്ള റബര്‍, കമുക്, കാപ്പി കര്‍ഷകരോടോ ചോദിച്ചാല്‍ കിട്ടാവുന്ന വിവരമേയുള്ളൂ.
കഴിഞ്ഞ യു ഡി എഫ് ഭരണത്തില്‍, ആ സംവിധാനത്തിന്റെ ദൗര്‍ബല്യങ്ങള്‍ മുഴുവന്‍ ദുരുപയോഗിച്ച് ദുര്‍ഭരണം നടത്തുക മാത്രമല്ല മാണി കോണ്‍ഗ്രസ് ചെയ്തത്. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ കുളം തോണ്ടുന്ന വിധത്തില്‍ കേരളത്തിന്റെ നികുതി പിരിവു സംവിധാനത്തെയാകെ താറുമാറാക്കുകയാണ് മാണി ചെയ്തത്. വിഷാദശാംശങ്ങള്‍ സി പി എം പോളിറ്റ് ബ്യുറോ മെമ്പര്‍ കൂടിയായ സംസ്ഥാന സെക്രട്ടറിയ്ക്കു ആ പാര്‍ട്ടിയുടെ പരമാധികാര സമിതിയായ കേന്ദ്ര കമ്മിറ്റി അംഗമായ സംസ്ഥാന ധനകാര്യ മന്ത്രിയോട് ചോദിച്ചറിയാവുന്നതാണ്. വേണമെങ്കില്‍ യു ഡി എഫ് ഭരണ കാലത്തെക്കുറിച്ചുള്ള സി എ ജി റിപ്പോര്‍ട്ടുകളും റഫര്‍ ചെയ്യാവുന്നതാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയായിരുന്നോ അതോ ധനമന്ത്രിയായിരുന്ന മാണിയായിരുന്നോ സംസ്ഥാനത്തിന്റെ ദീര്‍ഘ കാല താല്പര്യത്തെ കൂടുതല്‍ തുരങ്കം വച്ചത് എന്നൊരു ധാരണ സി എ ജി റിപ്പോര്‍ട് തരും.
ഇടതു രാഷ്ട്രീയത്തില്‍ മാണി കേരള കോണ്‍ഗ്രസിന് പങ്കുപറ്റാന്‍ ഒന്നുമില്ല. കെ എം മാണി അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയുമല്ലാതെ ആരെയും പ്രതിനിധീകരിക്കുന്നില്ല. കത്തോലിക്കാ സഭയുടെ ആവശ്യങ്ങളെ മുന്‍നിര്‍ത്തി അദ്ദേഹം രാഷ്ട്രീയം കളിക്കുന്നുണ്ടാവാം. പക്ഷേ കത്തോലിക്കാ സഭയ്ക്കുപോലും ഈ കളിയില്‍ നഷ്ടമല്ലാതെ ലാഭമില്ല.
കേരളത്തിലെ ക്രിസ്ത്യാനികള്‍ മുഴുവന്‍ സംഘ് പരിവാര്‍ പാളയത്തില്‍ പോയി ചേര്‍ന്നാലോ എന്ന് ഒരു കമ്യൂണിസ്റ്റ് നേതാവിന് തോന്നാവുന്ന ന്യായമായ ആശങ്കയാണ്, സംശയമില്ല. പക്ഷെ കേരളത്തിലെ ക്രിസ്ത്യാനികളില്‍ ഒരു ന്യൂനാല്‍ ന്യൂനപക്ഷത്തെ മാത്രമാണ് മാണി കോണ്‍ഗ്രസ് പ്രതിനിധീകരിക്കുന്നത് . അതില്‍ കൂടുതല്‍ ക്രിസ്ത്യാനികള്‍ കോണ്‍ഗ്രസിലും കമ്യൂണിസ്‌റ് പാര്‍ട്ടികളിലും ഉണ്ടാവാനാണ് സാധ്യത. സഖാവിനു കണക്കെടുക്കാവുന്നതാണ്.
കേരളം കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടുവരുന്നത് അവസാനത്തെ കൊച്ചു കാര്യം പോലും വര്‍ഗീയവല്‍ക്കരിച്ചു മുതലെടുക്കാന്‍ പരിവാരം നടത്തുന്ന ശ്രമങ്ങളെയാണ്. ശ്രീനാരായണന്റെ പാരമ്പര്യമുള്ള കേരളത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത വിധം വിഷലിപ്തമായ പ്രചാരണമാണ് കേരളം കഴിഞ്ഞ കുറച്ചുനാളുകളായി കണ്ടത്. നമ്മുടെ മുന്‍ തലമുറകള്‍ വലിയ വിലകൊടുത്തു നേടിത്തന്ന മൂല്യങ്ങളെ പണത്തിന്റെയും അധികാരത്തിന്റെയും പിന്തുണയില്‍ കടപുഴക്കാന്‍ വന്ന ഇരുട്ടിന്റെ ശക്തികളെ കേരളത്തിലെ സാധാരണ മനുഷ്യര്‍ ചെറുത്തുതോല്‍പ്പിച്ചിട്ട് നൂറു ദിവസം പോലുമായിട്ടില്ല. പ്രലോഭനങ്ങള്‍ ഇല്ലാഞ്ഞതുകൊണ്ടല്ല അവര്‍ ഇടതുപക്ഷത്തിന്റെ വാക്കുകളെ വിശ്വസിച്ചത്. മറിച്ച് മറ്റൊരു നൈതികതയെന്ന നിങ്ങളുടെ അടിസ്ഥാന പ്രമാണത്തില്‍ വിശ്വസിച്ചാണ്. ആ സാധു മനുഷ്യരെ, നേര് തിരിച്ചറിയാന്‍ പറ്റുന്ന ആ മനുഷ്യരെ നിങ്ങള്‍ എന്തിന്റെ പേരിലായാലും തോല്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് താല്‍ക്കാലികമായി ഒരു ചിരി ചിരിക്കാം. പക്ഷെ അവര്‍ വീണ്ടും വരും. ചൂണ്ടുവിരലില്‍ മഷി തേയ്ക്കാന്‍.

സഖാവ് എന്നത് ക്യാമ്പസുകള്‍ പാടുന്ന കവിത മാത്രമല്ല, നിങ്ങളെ പേരിനു മുന്‍പില്‍ വിളിക്കുന്ന വിശേഷണം മാത്രമല്ല.
അതൊരു നീതിബോധമാണ്. പ്രലോഭനങ്ങള്‍ക്കുമുന്പില്‍ പതറാത്ത നീതിബോധം.
അതോര്‍മ്മവേണംjacob

കെ ജെ ജേക്കബ് (മാധ്യമപ്രവര്‍ത്തകനും,ഡെക്കാന്‍ ക്രോണിക്കലിന്റെ എഡിറ്ററുമായ കെ ജെ ജേക്കബ് വസ്തുതകള്‍ കൃത്യമായി വിലയിരുത്തുന്നയാളെന്ന നിലയില്‍ ദൃശ്യമാധ്യമങ്ങളിലെ ചര്‍ച്ചകളിലൂടെ കേരളസമൂഹത്തിനു സുപരിചിതനാണ്).

Scroll To Top